തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് പിടികൂടുന്ന കേസുകളില്‍ വന്‍ വര്‍ധന. നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ട് അനുസരിച്ച് പോലീസും എക്സൈസും ദിനംപ്രതി പിടിക്കുന്നത് എണ്‍പതിലധികം കേസുകള്‍. ഈ വര്‍ഷം ഒക്ടോബര്‍ വരെ രജിസ്റ്റര്‍ ചെയ്തത് 20,857 കേസുകള്‍. പ്രതികളാകുന്നതിലും വിമുക്തിയിലെത്തുന്നതിലും 90 ശതമാനവും യുവാക്കള്‍.
2021 ല്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 3922 കേസുകളാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കൊല്ലം സപ്തംബര്‍ 14 വരെ 3668 കേസുകളും. ആഗസ്ത് വരെ എന്‍ഡിപിഎസ് ആക്ട് അനുസരിച്ച് പോലീസ് 16,766 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞവര്‍ഷം 6.130 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തപ്പോള്‍ ഇക്കൊല്ലം 10 മാസത്തിനുള്ളില്‍ 5.71 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
സപ്തംബര്‍ 16ന് മയക്കുമരുന്നിനെതിരെ ആരംഭിച്ച സ്പെഷ്യല്‍ ഡ്രൈവില്‍ കഴിഞ്ഞ ദിവസം വരെ മാത്രം 597 കേസുകളിലായി 608 പേരാണ് പിടിയിലായത്. 13.48 കോടി രൂപയുടെ മയക്കുമരുന്നും പിടിച്ചു. 849.7 ഗ്രാം എംഡിഎംഎയും 1.4 കിലോ മെറ്റാഫെറ്റാമിനും പിടിച്ചു. ഇതില്‍ 1.28 കിലോയും കണ്ണൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
എക്സൈസിന്റെ ഓണം സ്പെഷ്യല്‍ ഡ്രൈവില്‍ മാത്രം 11,668 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 802 മയക്കുമരുന്ന് കേസുകളും 2425അബ്കാരി കേസുകളും 8441 കേസുകള്‍ പുകയിലയുമായി ബന്ധപ്പെട്ട കേസുകളുമുണ്ട്. അബ്കാരി കേസുകളില്‍ 1988 പേരും മയക്കുമരുന്ന് കേസുകളില്‍ 824 പേരും അറസ്റ്റിലായി. ലഹരിക്കടത്തില്‍ 107 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ഈ വര്‍ഷം 6,489.5 ഗ്രാം എംഡിഎംഎ, 129. 9 ഗ്രാം ഹെറോയിന്‍, 33,230.4 ഗ്രാം ഹാഷിഷ്, 103.7 ഗ്രാം ബ്രൗണ്‍ഷുഗര്‍ 3,203.8 കിലോ ഗ്രാം കഞ്ചാവ് എന്നിങ്ങനെയാണ് പിടികൂടിയത്. 552 വാഹനങ്ങളും പിടിച്ചെടുത്തു. സ്കൂള്‍ പരിസരത്ത് ലഹരി വില്പന നടത്തിയതിന് 1,254 പേര് അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: