മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിലെ മലയാളി താരം സഞ്ജു സാംസണിന്റെ ഗംഭീര പ്രകടനത്തെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. സഞ്ജു മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിനെ പോലെയാണ്. യുവിയുടെയത്രയും കഴിവുണ്ട് സഞ്ജുവിനെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്. സഞ്ജുവിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗും രംഗത്തെത്തി.
മത്സരത്തില്‍ കഗിസോ റബാദ നോ ബോള്‍ എറിഞ്ഞപ്പോള്‍ അങ്ങനെ ചെയ്യല്ലേ എന്നാണു എനിക്കു തോന്നിയത്. കാരണം മികച്ച ഫോമിലുള്ള സഞ്ജുവിനെക്കുറിച്ചു നിങ്ങള്‍ക്ക് അറിയില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിട്ടുണ്ട്. അവസാന ഓവറുകളില്‍ ബൗണ്ടറികള്‍ കണ്ടെത്താനുള്ള സഞ്ജുവിന്റെ കഴിവ് അവിശ്വസനീയമാണ്. മത്സര ശേഷം സ്റ്റെയ്ന് പ്രതികരിച്ചു.
തബ്രിസ് ഷംസി പന്തെറിയാനെത്തിയപ്പോള്‍ ബോളര്‍ക്ക് മോശം ദിവസമാണെന്നു സഞ്ജുവിന് അറിയാമായിരുന്നു. സഞ്ജുവിന് യുവിയുടെ കഴിവുണ്ട്. മുപ്പതിലധികം റണ്‍സ് വേണ്ടപ്പോള്‍ ആറു സിക്സുകളടിക്കാനും സാധിക്കും. സ്റ്റെയ്ന് കൂട്ടിച്ചേര്‍ത്തു.
സഞ്ജുവിന്റേത് ധീരമായ ശ്രമമായിരുന്നെന്നും നിലവാരമുള്ള ഇന്നിങ്സാണെന്നും സേവാഗ് ട്വിറ്ററില്‍ കുറിച്ചു. സഞ്ജുവിന്റെ ആക്രമണോത്സുകമായ ബാറ്റിങ്ങിനു കയ്യടി അര്‍ഹിക്കുന്നുണ്ടെന്നാണു മുഹമ്മദ് കൈഫ് പ്രതികരിച്ചത്.
കഴിഞ്ഞ ദിവസത്തെ ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ മികച്ച പ്രകടമായിരുന്നു സഞ്ജു കാഴ്ച വച്ചത്. 49 പന്തില്‍ 50 റണ്‍സെടുത്ത സഞ്ജു അവസാന ഓവറുകളില്‍ ആഞ്ഞടിച്ചെങ്കിലും ഇന്ത്യക്ക് ഒന്‍പത് റണ്‍സിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.
മഴ കാരണം മത്സരം 40 ഓവറായി ചുരുക്കിയിരുന്നു. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനു വിളിച്ചു. നാലു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയുടെ സ്കോര്‍. ഡേവിഡ് മില്ലറുടെയും (75 നോട്ടൗട്ട്) ഹെന്റിച്ച് ക്ലാസന്റെയും (74 നോട്ടൗട്ട്) അര്‍ധ സെഞ്ചറികളുടെ മികവിലാണ് ദക്ഷിണാഫ്രിക്ക സ്കോര്‍ നേടിയത്. 250 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യന്‍ സംഘത്തിന് 240തെന്ന സ്കോറേ കണ്ടെത്താനായുള്ളു.
ആദ്യത്തെ 10 ഓവറില്‍ 41 റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. ഷാര്‍ദൂല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക നാലിന് 110 എന്ന നിലയില്‍ തകര്‍ന്നു. മില്ലറും ക്ലാസനും ചേര്‍ന്നുള്ള 139 റണ്‍സിന്റെ 5-ാം വിക്കറ്റ് കൂട്ടുകെട്ടാണ് അവരെ കരകയറ്റിയത്. അവസാന 5 ഓവറില്‍ 54 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാനടക്കം നിരാശയാണ് സമ്മാനിച്ചത്. ശിഖര്‍ ധവാന് (4), ശുഭ്മന്‍ ഗില്‍ (3), ഋതുരാജ് ഗെയ്ക്വാദ് (19), ഇഷന്‍ കിഷന് (20) എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ നില. ശ്രേയസ് അയ്യരും (50) സഞ്ജുവും ചേര്‍ന്നാണ് ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. അഞ്ചാം വിക്കറ്റില്‍ 67 റണ്‍സ് നേടി. ആറാം വിക്കറ്റില്‍ ഠാക്കൂറും സഞ്ജുവും ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 31 പന്തില്‍ 33 റണ്‍സ് കണ്ടെത്തിയ ഷാര്‍ദൂല്‍ 38-ാം ഓവറില്‍ പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: