മുംബൈ: മുംബൈയില്‍ കഴിഞ്ഞ ദിവസം വലന്‍ഷ്യ ഓറഞ്ചുകള്ക്കുമിടയില് ഒളിച്ചുകടത്തിയ 1476 കോടിയുടെ മയക്കമരുന്ന് പിടിച്ച കേസില്‍ മുഖ്യ സൂത്രധാരന്‍ മലപ്പുറം സ്വദേശി മന്‍സൂര്‍ എന്ന് ഡിആര്‍ ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്). കേന്ദ്രസര്‍ക്കാരിന് കീഴില്‍ കള്ളക്കടത്തു തടയുന്ന രഹസ്യാന്വേഷണ ഏജന്‍സിയാണ് ഡിആര്‍ ഐ.
മലപ്പുറം ഇന്ത്യനൂര്‍ സ്വദേശി മന്‍സൂര്‍ ഒളിവിലാണ്. തനിക്ക് മയക്കമരുന്ന് കള്ളക്കടത്തുമായി ബന്ധമില്ലെന്നറിയിച്ച് മന്‍സൂര്‍ നിരവധി ചാനലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അമൃത് പട്ടേല്‍ എന്ന വ്യക്തിയാണ് ഈ കണ്ടെയ്നര്‍ അയച്ചതെന്നും അയാള്‍ കുറ്റം സമ്മതിച്ചുവെന്നുമാണ് മന്‍സൂറിന്റെ വാദം. ഈ കണ്ടെയ്നര്‍ അയയ്ക്കുമ്പോള്‍ താന്‍ കേരളത്തിലായിരുന്നുവെന്നും മന്‍സൂര്‍ പറയുന്നു. ഇതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ കോടതിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കുന്ന രേഖകള്‍ കിട്ടിക്കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുമെന്നും മന്‍സൂര്‍ അവകാശപ്പെടുന്നു.
മോര് ഫ്രണ്ട് എക്സ് പോര്‍ട്ട് സൗത്ത് ആഫ്രിക്ക പ്രൈവറ്റ് ലിമിറ്റഡ് എന്ന മന്‍സൂറിന്റെ കമ്പനിയാണ് ഓറഞ്ച് അയച്ചിരിക്കുന്നത്. മോര് ഫ്രണ്ട് ഇന്ത്യ പ്രൈവറ്റ് ലി. എന്ന ഒരു കമ്പനിയും മന്സൂറിനുണ്ട്. വിജിന് വര്‍ഗ്ഗീസിന്റെ സഹോദരന് ജിബിന്‍ വര്‍ഗ്ഗീസാണ് മോര് ഫ്രഷ് ഇന്ത്യ പ്രൈവറ്റ് ലി. ഡയറക്ടര്‍.
46000 ഓറഞ്ചുപെട്ടികള്ക്കിടയിലാണ് 320 ലഹരിപ്പെട്ടികള് കണ്ടെത്തിയത്. ഇത് പ്രത്യേക ഗോഡൗണിലേക്ക് മാറ്റാന്‍ വിജിന് വര്‍ഗ്ഗീസിന് നിര്‍ദേശം നല്‍കിയത് മന്‍സൂറാണെന്ന് പറയുന്നു. വിവേക് എന്നയാള്‍ വരുമെന്നും പെട്ടി ഇയാള്‍ക്ക് നല്‍കണമെന്നുമായിരുന്നു നിര്‍ദേശം. പിന്നീട് വിവേക് അയച്ച ട്രക്കില്‍ സാധനങ്ങള്‍ കയറ്റുന്നതിനിടയിലാണ് മയക്കമരുന്ന് പിടിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്ക് അയയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ മയക്കമരുന്ന് എന്നും പറയപ്പെടുന്നു.
മുംബൈ എസ് പ്ലനേഡ് കോടതിയില്‍ ഡിആര്‍ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മന്‍സൂറിനെതിരായ വിവരങ്ങള്‍ ഉള്ളത്. ഇതില്‍ 2018 മുതല്‍ മന്‍സൂര്‍ ലഹരിക്കടത്തുനടത്തുന്നതായി പറയുന്നു. ഇതിനായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗില്‍ പ്രത്യേകം കമ്പനി തുടങ്ങിയിരുന്നതായും പറയുന്നു. ഇവിടെ നിന്നും മുംബൈ, കൊച്ചി, കൊല്‍ക്കത്ത തുറമുഖങ്ങളാണ് മയക്കമരുന്ന് കടത്തിന് മുഖ്യമായും ഉപയോഗിച്ചതെന്നും പറയുന്നു.
ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ കൊച്ചി, മലപ്പുറം സ്വദേശികളായ വിജിന് വര്‍ഗ്ഗീസ്, മന്‍സൂര്‍ എന്നവിരുടെ മുംബൈയിലുള്ള വീടും വെയര്‍ ഹൗസും ഒക്ടോബര്‍ ഒന്നിന് റെയ്ഡ് ചെയ്തിരുന്നു. മുംബൈയിലെ ഒരു പ്രധാന മയക്കമരുന്ന് കണ്ടെടുക്കല്‍ യത്നത്തിന്റെ ഭാഗമായിരുന്നു ഈ റെയ്ഡ്.
നവി മുംബൈയിലെ വെയര്‍ഹൗസില്‍ നിന്നും 198 കിലോ ക്രിസ്റ്റര്‍ മെതാംഫെറ്റാമിനും ഒമ്പത് കിലോ കൊക്കെയ്നും പിടിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ഓറഞ്ച് പെട്ടികളിലായിരുന്നു മയക്കമരുന്ന്. ഉയര്‍ന്ന രീതിയില്‍ ലഹരിക്കടിമയാക്കുന്ന സിന്തറ്റിക് ഡ്രഗാണ് ക്രിസ്റ്റര്‍ മെതാംഫെറ്റാമിന്‍.
മന്‍സൂര്‍ ഒളിവിലാണ്. ഇയാള്‍ ദക്ഷിണാഫ്രിക്കയിലാണെന്ന് കരുതുന്നു. വിജിന് വര്‍ഗ്ഗീസിന്റെ ബന്ധുക്കളെ ഡിആര്‍ഐ ചോദ്യം ചെയ്തു.ഡിആര്‍ ഐ മുംബൈ യൂണിറ്റ് കൊച്ചിയിലെ ഡിആര്‍ഐ യൂണിറ്റുമായി കൈകോര്‍ത്ത് വെയര്‍ ഹൗസും വിജിന് വര്‍ഗ്ഗീസിന്റെ വീടും റെയ്ഡ് ചെയ്ത് ചില പ്രധാന രേഖകളും ബാങ്ക് ഇടപാടുകളും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്കുകളും എടുത്തുകൊണ്ടുപോയി. മുംബൈ മജിസ്ട്രേറ്റ് വിജിനെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പഴവര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്യാനായി യമിറ്റോ എന്ന സ്വകാര്യ കമ്പനി 2018ല്‍ രജിസ്റ്റര്‍ ചെയ്തതാണ്. ഇവര്‍ക്ക് അങ്കമാലിയില്‍ രജിസ്റ്റേഡ് ഓഫീസുണ്ട്. പിന്നീട് കാലടിയിലേക്ക് ഓഫീസ് മാറ്റി. ഇപ്പോള്‍ അയ്യംപുഴയിലും കാലഡിയിലും ഓഫീസുണ്ട്. മലപ്പുറത്തെ മന്‍സൂറിന്റെ വീടും റെയ്ഡ് ചെയ്തിരുന്നു.വീട്ടില്‍ എവിടെ വേണമെങ്കിലും റെയ് ഡ് ചെയ്തോളൂ എന്ന് പറയുകയും അവര്‍ വീട്ടില്‍ നിന്നും ഒന്നും എടുക്കാതെ പോയെന്നും മുന്‍സൂറിന്റെ പിതാവ് ടി.പി. മൊയ്തീന് പറയുന്നു. ഒരു ദശകത്തിലധികമായി തന്റെ മകന് പഴവര്‍ഗ്ഗങ്ങളുടെ കച്ചവടത്തിലുണ്ടെന്നും മൊയ്തീന് പറയുന്നു. മകന് കുടുക്കപ്പെട്ടതാണെന്നും മൊയ്തീന് പറയുന്നു.
അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐ മുംബൈയില്‍ റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: