വടക്കാഞ്ചേരി: ചൂളം വിളിച്ചെത്തുന്ന ദുരന്തം, റെയില്‍വെ ട്രാക്കില്‍ അവസാനിക്കുന്ന യാത്രകള്‍. അത്താണി വടക്കാഞ്ചേരി മേഖലയില്‍ റെയില്‍പ്പാളത്തിലെ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.
അത്താണി കെല്‍ട്രോണ്‍ സെന്ററിനു സമീപം കഴിഞ്ഞ ദിവസം റെയില്‍പാളത്തില്‍ 2 അന്യസംസ്ഥാന തൊഴിലാളികള്‍ മരണമടഞ്ഞതിന്റെ ദുരന്തവാര്ത്തയറിഞ്ഞിട്ടും പാളത്തിലൂടെ സാഹസിക യാത്ര തുടരുകയാണ് ഒരു വിഭാഗം നാട്ടുകാര്‍. നാട്ടിന്‍പുറം പ്രദേശത്തു നിന്നും എളുപ്പത്തില്‍ കെല്‍ട്രോണ്‍ പരിസരത്തേക്ക് എത്താനാകുമെന്നതാണ് ഈ വഴി തിരഞ്ഞെടുക്കാന്‍ കാല്‍നടയാത്രികരെ പ്രേരിപ്പിക്കുന്നത്.
വയോധികര്‍ ഉള്‍പ്പടെ ഇതുവഴി നിത്യേന സഞ്ചരിക്കുന്നവര്‍ നിരവധിയാണ്. പൊന്തക്കാടുകള്‍ക്കിടയിലൂടെ ചെറിയ നടവഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇരട്ട റെയില്‍ പാളങ്ങള്‍ ശ്രദ്ധിച്ചു മറികടന്നില്ലെങ്കില്‍ ജീവന് തന്നെ അപകടത്തില്‍പ്പെടുമെന്ന് നാട്ടുകാര്‍ പറയുന്നു. ഏതാനും വാരയകലെ അത്താണി പഴയ റെയില്‍വെ ഗേറ്റിനു സമീപവും പാളത്തിലൂടെ ഇത്തരം സാഹസിക യാത്ര നടത്തുന്നവരുണ്ട്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇതുവഴി കടന്നുപോവുന്നത്.
അല്പമൊന്ന് മാറി അത്താണി മേല്‍പ്പാലം വഴി സുരക്ഷിതമായി സഞ്ചരിക്കാമെന്നിരിക്കെ അപകടക്കെണിയായ പാതകളിലൂടെയുള്ള സഞ്ചാരം അവസാനിപ്പിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: