മഹ്സാ അമിനിയുടെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ പ്രതിഷേധം ആളിപ്പടരുകയായിരുന്നു. രാജ്യതലസ്ഥാനമായ ടെഹ്റാനിലും മറ്റ് എണ്‍പതോളം നഗരങ്ങളിലേക്കും പൊടുന്നനെ അത് വ്യാപിച്ചു. സ്ത്രീകള്‍ കൂട്ടംകൂട്ടമായി ഒത്തുചേര്‍ന്ന് ഹിജാബ് അഗ്നിക്കിരയാക്കുന്നത് ലോകം അവിശ്വാസത്തോടെയാണ് കണ്ടത്. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഡസന്‍ കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടും പ്രതിഷേധിക്കുന്നവര്‍ പിന്മാറുന്നില്ല. മരണത്തെ കണ്മുന്നില് കാണുമ്പോഴും അവര്‍ ഭരണകൂടത്തെ വെല്ലുവിളിക്കുകയാണ്. ഇറാന്റെ അതിരുകള്‍ വിട്ട് കടുത്ത മതാധിപത്യമുള്ള അഫ്ഗാനിസ്ഥാന്, തുര്‍ക്കി എന്നിവിടങ്ങളിലേക്കും, ഇംഗ്ലണ്ട്, കാനഡ, ഫ്രാന്‍സ്, നോര്‍വെ മുതലായ രാജ്യങ്ങളിലേക്കും പ്രക്ഷോഭം വ്യാപിക്കുകയും ചെയ്തു.
കര്‍ണാടകയിലെ ഹിജാബ് പ്രക്ഷോഭത്തിന് അനുകൂലമായി വാദിച്ചുകൊണ്ടിരുന്നവര്‍ വളരെ പെട്ടെന്നാണ് നിശ്ശബ്ദരായത്. ഈ പ്രക്ഷോഭം കുത്തിപ്പൊക്കിയ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടതുകൊണ്ടും, വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്കിക്കൊണ്ടുള്ള വിധിക്കെതിരായ അപ്പീല്‍ സുപ്രീംകോടതി പരിഗണിക്കുന്നതുകൊണ്ടുമല്ല ഇത്. ഒരു ഇസ്ലാമിക രാജ്യവും, ലോകമെമ്പാടുമുള്ള മതമൗലികവാദികള്‍ പ്രേരണയുള്‍ക്കൊള്ളുകയും ചെയ്യുന്ന ഇറാനിലെവനിതകള്‍ ഹിജാബിനെതിരെ വന്‍ പ്രക്ഷോഭം തുടങ്ങിയതാണ് ഇന്ത്യയിലെയും കേരളത്തിലെയും ഹിജാബിന്റെ വക്താക്കളെ വെട്ടിലാക്കിയത്.
ചരിത്രപരമായി നോക്കുമ്പോള്‍ ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഒരുപാട് മാനങ്ങളുണ്ട്. എഴുപതുകളുടെ അവസാനത്തില്‍ ഇതേ ഇറാനാണ് അക്രമാസക്തമായ ഇസ്ലാം മതമൗലികവാദത്തിന് തുടക്കംകുറിച്ചത്. സാത്താനിക് വേഴ്സസ് എന്ന നോവലെഴുതിയ സല്മാന് റുഷ്ദിക്ക് വധശിക്ഷ വിധിച്ചു. അത് നടപ്പാക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാനിലെ അന്നത്തെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി പുറപ്പെടുവിച്ച ഫത്വയാണ് ലോകമെമ്പാടും ഇസ്ലാമിക മതമൗലികവാദത്തിന്റെ തിരയിളക്കം സൃഷ്ടിച്ചത്. ഖൊമേനിയുടെ കൊലവെറി പ്രസംഗത്തിന്റെ കാസറ്റുകള്‍ ഇറാനിലും മറ്റിടങ്ങളിലും തരംഗമായി പടര്‍ന്നു.
ഇപ്പോള്‍ ഹിജാബിനെതിരെ വനിതകള്‍ നടത്തുന്ന പ്രക്ഷോഭം മതമൗലികവാദത്തിനെതിരെ ഇറാനില്‍ പുതിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ ഇരുപത്തിരണ്ടുകാരിയായ മഹ്സാ അമിനി പോലീസ് കസ്റ്റഡിയില്‍ മരിച്ചതാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയത്. മഹ്സായുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത വനിതകള്‍ ഹിജാബ് ഊരിയെറിയുകയും, ഏകാധിപതിയായ ഖമേനി മരിക്കട്ടെ എന്നു മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മതനിന്ദയാരോപിച്ച് സല്മാന് റുഷ്ദിക്ക് വധശിക്ഷ വിധിച്ച ആയത്തുള്ള ഖൊമേനിയുടെ പിന്ഗാമിക്കാണ് മതപരമായ വിലക്കുകള്‍ മറികടന്ന് വനിതകളുടെ രോഷം നേരിടേണ്ടി വരുന്നത്.
ഖുറാനും ഹദീസുമൊക്കെ ഉയര്‍ത്തിപ്പിടിച്ച് ഇസ്ലാമിക മതമൗലികവാദികള്‍ നിരന്തരം ന്യായീകരിക്കാറുണ്ടെങ്കിലും പുരുഷാധിപത്യത്തിന്റെ താല്‍പ്പര്യത്തിനനുസൃതമായി മുസ്ലിം വനിതകളുടെ സ്വാതന്ത്ര്യം നിഷേധിക്കുകയാണ് ഹിജാബും പര്‍ദ്ദയും ചെയ്യുന്നത്. വിവരവും വിവേകവുമുള്ള മുസ്ലിം വനിതകള്‍ ഇതിനെ എക്കാലവും ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷേ ഓരോ കാലത്ത് ഉടലെടുക്കുന്ന ഇസ്ലാമിക മതമൗലികവാദ സംഘടനകളും, ഇക്കൂട്ടരുടെ പ്രേരണയില്‍ ഭരണകൂടങ്ങളും പര്‍ദ്ദയും ഹിജാബും അടിച്ചേല്‍പ്പിച്ചുകൊണ്ടിരുന്നു.
പര്‍ദ്ദയും ഹിജാബും സ്വാതന്ത്ര്യനിഷേധമാണെന്ന് പറയുമ്പോള്‍ പര്‍ദ്ദയിട്ടവര്‍ പൈലറ്റാവുന്നതിനെക്കുറിച്ചാണ് കേരളത്തിലെ ഇസ്ലാമിക മതമൗലികവാദികള്‍ ആവേശംകൊള്ളാറുള്ളത്. ഇക്കൂട്ടരെയാണ് ഇറാനിലെ വനിതകള്‍ വെട്ടിലാക്കിയിരിക്കുന്നത്. എന്നുമാത്രമല്ല, ഇറാനിലെ ജനതയില്‍ 77 ശതമാനം പേരും ഹിജാബ് ധരിക്കുന്നതിന് എതിരാണെന്ന സര്‍വെ റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ ഇവര്‍ക്ക് മറുപടിയില്ല.
പതിറ്റാണ്ടുകളായി ഇസ്ലാമിക മതഭരണമുള്ള രാജ്യമാണ് ഇറാന്. പൗരാണിക കാലത്ത് സംസ്കാരത്തിന്റെ കളിത്തൊട്ടിലായിരുന്ന ഒരു രാജ്യം പിന്നീട് രാഷ്ട്രീയ ഇസ്ലാമിന്റെ പിടിയിലാവുകയായിരുന്നു. ഭരണകൂടത്തിന്റെ കടുത്ത മതശാസനകള്‍ക്ക് അനുസരിച്ച് മാത്രമേ പൗരന്മാര്ക്ക് അവിടെ ജീവിക്കാന്‍ അനുവാദമുള്ളൂ. സ്ത്രീകളാണ് ഇതിന് കൂടുതലും ഇരകളാവുന്നത്.
മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നതായിരുന്നു കര്‍ണാടകയിലെ ഹിജാബ് പ്രക്ഷോഭം. ഇസ്ലാമിക മതമൗലികവാദികളും, അവരുടെ മതേതര പിന്തുണക്കാരും ചിത്രീകരിച്ചതുപോലെ ഹിജാബ് വിലക്ക് കൊണ്ടുവന്നതിനുശേഷം അതിനെതിരായി ഉയര്‍ന്ന പ്രക്ഷോഭമായിരുന്നില്ല അത്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചാരണം നടത്തി പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ ഹിജാബ് ധരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയായിരുന്നു. അത് ഒരിക്കലും മതസ്വാതന്ത്ര്യത്തിന്റെ പ്രശ്നമായിരുന്നില്ല, മതവിഭാഗീയതയുടെ പ്രശ്നമായിരുന്നു. ഈ വസ്തുത കണക്കിലെടുത്തുകൊണ്ടു കൂടിയാണ് ഹിജാബ് ഇസ്ലാമില്‍ നിര്‍ബന്ധമല്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്.
ഇന്ത്യയെ ഇസ്ലാമികവല്ക്കരിക്കുമെന്ന് വീമ്പിളക്കുന്ന മതമൗലികവാദികളെ പരിഹസിക്കുന്നതാണ് ഇറാനിലെ കാഴ്ചകള്‍. മതരാഷ്ട്രമായിട്ടും അവിടത്തെ വനിതകള്‍ക്ക് ഹിജാബ് വേണ്ട. ഹിജാബ് ധരിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് കര്‍ണാകടയിലെ മുസ്ലിം വിദ്യാര്‍ത്ഥികളില്‍ ചിലര്‍ വിദ്യാലയങ്ങള്‍ ബഹിഷ്കരിച്ചതെങ്കില്‍, ഹിജാബ് വലിച്ചെറിഞ്ഞാണ് ഇറാനിലെ വിദ്യാര്‍ത്ഥികള്‍ കോളജുകളും മറ്റും ബഹിഷ്കരിക്കുന്നത്. ഇസ്ലാമിക രാജ്യമായിരുന്നിട്ടും ഇറാനുവേണ്ടാത്ത മതാചാരം മതേതരരാജ്യമായ ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് വലിയ വിരോധാഭാസം തന്നെ.
സമ്പൂര്‍ണ ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ പോലും കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് ഇന്നലെ വരെ അനുവദിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് നല്കുമ്പോള് അതില്‍നിന്നൊക്കെ സൗകര്യപൂര്‍വം മുഖംതിരിച്ചുകൊണ്ടാണ് കേരളത്തിലെ മതേതര പാര്‍ട്ടികളും പൊതുബുദ്ധിജീവികളും ശരിയത്തിന്റെ വക്താക്കളാവുന്നത്. നവോത്ഥാനത്തിനുവേണ്ടി ഇടതുമുന്നണി സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാമതിലില്‍ പര്‍ദ്ദയിട്ട സ്ത്രീകളെ അണിനിരത്തിയതിനെക്കുറിച്ചും, പഠന മികവിന് സമ്മാനം വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിയെ ‘സമസ്ത’യുടെ വേദിയില്‍നിന്ന് അവഹേളിച്ച് ഇറക്കിവിട്ടതിനെക്കുറിച്ചും നമ്മുടെ മതേതരത്തമ്പുരാക്കന്മാരും, അവര്‍ വിഹരിക്കുന്ന മാധ്യമങ്ങളും കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയില്ലല്ലോ. മുസ്ലിംലീഗിലെ ചില പെണ്‍കുട്ടികള്‍ ചാനലുകളില്‍ മുഖം കാണിച്ച് യുദ്ധം പ്രഖ്യാപിച്ചെങ്കിലും അത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമായി. ലീഗിന്റെ പ്രമാണിമാര്‍ കണ്ണുരുട്ടിയപ്പോള്‍ ഇവര്‍ക്ക് വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി. ഇപ്പോള്‍ ‘ഇറാനിലെ പെണ്ണ്ങ്ങളെ കണ്ട്ക്ക’ എന്നു ഇക്കൂട്ടരോട് പറയേണ്ടിയിരിക്കുന്നു.
ഇസ്ലാമിക മതമൗലികവാദത്തിന്റെ നിശിതവിമര്‍ശകനായ ഹമീദ് ചേന്ദമംഗലൂര്‍ പതിവുപോലെ ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചും ശക്തമായി പ്രതികരിച്ചു. മഹ്സാ അമീനിയുടെ മരണം കണ്ടില്ലെന്നു നടിക്കുന്ന പൊതുബുദ്ധിജീവികളെയും രാഷ്ട്രീയ മേലാളന്മാരെയും തുറന്നുകാട്ടുകയും ചെയ്തു. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നു സിഎംപി നേതാവ് സി.പി.ജോണിന്റെ പ്രതികരണം. സ്വതന്ത്ര വായനയും സ്വന്തമായ എഴുത്തും കൊണ്ടുനടക്കുന്ന ജോണ്‍ ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തോട് സത്യസന്ധമായല്ല പ്രതികരിച്ചത്. ഇപ്പോഴത്തെ പ്രക്ഷോഭം ഇറാനിലെ ഇങ്ക്വിലാബ് സ്ട്രീറ്റ് അഥവാ ‘വിപ്ലവത്തിന്റെ വീഥി’യില്‍ മുന്നേ തുടക്കമിട്ടതാണെന്നു പറഞ്ഞ് ജോണ്‍ അഭിമാനംകൊള്ളുന്നു. (ഹിജാബിനെതിരെ കലഹിക്കുന്ന ഇറാനിലെ പെണ്‍കുട്ടികള്‍ക്ക് ഭാഷയില്‍ ഇങ്ക്വിലാബ് എന്നൊരു വാക്കുണ്ടോ എന്നുപോലും അറിയണമെന്നില്ല.)
ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെയും കര്‍ണാടകയിലെ ഹിജാബിനുവേണ്ടിയുള്ള സമരത്തെയും ഒരേപോലെ പിന്തുണയ്ക്കുന്ന വൈദഗ്ധ്യമാണ് സി.പി. ജോണ്‍ പുറത്തെടുത്തത്. ഇറാനിലെ ശിരോവസ്ത്രം അടിച്ചേല്‍പ്പിക്കാനുള്ള മത-ഏകാധിപത്യ ചിന്തയുടെ മറുരൂപമാണ് (കര്‍ണാടകയിലെ) പരമ്പരാഗതമായ വസ്ത്രധാരണ രീതി ഉപേക്ഷിക്കണമെന്ന മതാധിഷ്ഠിത രാഷ്ട്രബോധത്തിന്റെ ആക്രോശങ്ങളുമത്രേ. ഇറാനിലെ ഇസ്ലാമിക മതമൗലികവാദം തെറ്റും ഇന്ത്യയിലേത് ശരിയുമാണെന്നത് വിചിത്രം തന്നെ. ഖൊമേനിയുടെ മതമൗലികവാദം തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ മതമൗലികവാദവും. സ്ഥലകാലഭേദങ്ങള്‍ക്ക് ഇതില്‍ കാതലായ മാറ്റം വരുത്താനാവില്ല. ഈ സത്യം ഹമീദ് ചേന്ദമംഗലൂര്‍ കാണുമ്പോള്‍ സി.പി. ജോണ്‍ കണ്ടില്ലെന്നു നടിക്കുന്നു. ആയത്തുള്ള ഖൊമേനി സാത്താനിക് വേഴ്സസിന് പ്രഖ്യാപിച്ച വിലക്ക് പല ഇസ്ലാമിക രാജ്യങ്ങള്‍ക്കും മുന്‍പ് ഇന്ത്യയില്‍ നടപ്പാക്കിയത് എന്തുകൊണ്ടാണെന്ന് ആലോചിച്ചാല്‍ ജോണിന് കാര്യം പിടികിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: