തിരുവനന്തപുരം: നിരോധിച്ച തീവ്രവാദ സംഘടന പോപ്പുലര്‍ ഫ്രണ്ടുമായുള്ള പോലീസുകാരുടെ ബന്ധം കൂടുതല്‍ പുറത്തു വന്നതോടെ സേനയ്ക്കുള്ളില്‍ നിരീക്ഷണം ശക്തമാക്കി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധത്തെത്തുടര്‍ന്ന് എറണാകുളം കാലടി സ്റ്റേഷനിലെ സിയാദിനെ സസ്പെന്‍ഡ് ചെയ്തത് ഇത്തരം നിരീക്ഷണ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു.
തീവ്രവാദ സംഘടനകള്‍ക്കു പോലീസില്‍ അനുഭാവികളുണ്ടെന്നു വ്യക്തമാക്കുന്ന നിരവധി സംഭവങ്ങളുണ്ടായിരുന്നു. കൊല്ലത്തെ ഡിവൈഎസ്പി ഷരീഫിനു തീവ്രവാദ ബന്ധമുണ്ടെന്നു തമിഴ്നാട് ക്യൂബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ സ്ഥലം മാറ്റുക മാത്രമാണു ചെയ്തത്. തൊടുപുഴ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. അനസ് ഇന്റലിജന്‍സ് ജോലിയിലൂടെ ശേഖരിച്ച ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് കൈമാറിയെന്നു കണ്ടെത്തിയിരുന്നു. സംസ്ഥാന പോലീസ് മേധാവിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ഉദ്യോഗസ്ഥനെ വീണ്ടും ആ സ്ഥാനത്തുതന്നെ നിയമിക്കുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകര്ക്കെതിരേയുയര്ന്ന പരാതികള്‍ പൂഴ്ത്തിവച്ച സംഭവങ്ങള്‍, പോലീസ് ആസ്ഥാനത്തു ലഭിച്ച ഊമക്കത്തുകള്‍, പച്ച വെളിച്ചം വാട്സ് ആപ്പ് ഗ്രൂപ്പ് എന്നിവയെക്കുറിച്ചും കൂടുതല്‍ അന്വേഷണമുണ്ടാകും. പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ള 873 പോലീസുകാരുടെ ലിസ്റ്റ് എന്‍ഐഎ കഴിഞ്ഞ ദിവസം ഡിജിപിക്ക് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് നിഷേധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: