ഏറ്റുമാനൂര്‍ : കോട്ടയത്ത് ഏറ്റുമാനൂരില്‍ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 28നാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ ഉആളുകള്ക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷയില്‍ ഉണ്ടായിരുന്ന നായ കഴിഞ്ഞ ദിവസം ചത്തു. തുടര്‍ന്ന് തിരുവല്ല പക്ഷി മൃഗ രോഗനിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേ വിഷബാധയുണ്ടായതായി സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ നാട്ടുകാരും ആശങ്കയിലായിരിക്കുകയാണ്. ഏഴ് പേരെയാണ് അന്ന് നായ കടിച്ചത്. നായയെ അന്നു തന്നെ പിടിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലാക്കുകയായിരുന്നു. നായയുടെ ജഡം പോസ്റ്റ്മോര്‍ട്ടം ചെയ്തതിലാണ് പേവിഷ ബാധ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്.
നായ നേരത്തെ പേയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നത് കൊണ്ട് കടിയേറ്റ വ്യക്തികള്‍ക്കെല്ലാം പേവിഷ ബാധക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തിരുന്നു. എങ്കിലും പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നായയുടെ കടിയേറ്റ ആളുകളെയെല്ലാം കൂടുതല്‍ നിരീക്ഷണത്തിന് വിധേയമാകണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: