മുംബൈ : സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എത്തുന്ന ഫോണ്‍കോളുകള്‍ക്ക് ഹലോ എന്നതിന് പകരം വന്ദേമാതരം എന്നുപറയണമെന്ന് നിര്‍ദ്ദേശവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ശനിയാഴ്ച പുറത്തിറക്കിയ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
മഹാരാഷ്ട്ര പൊതുഭരണ വകുപ്പിന്റേതാണ് ഉത്തരവ്. ഹലോ എന്നത് പ്രത്യേകിച്ച് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ലാതെ വെറുമൊരു അഭിവാദനം മാത്രമാണ്. അതിനാല്‍ ജനങ്ങളില്‍ നിന്നോ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നോ ടെലിഫോണ്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ വിളി വരുമ്പോള്‍ ഹലോയ്ക്കു പകരം വന്ദേമാതരം എന്ന് പറയണം. ഉദ്യോഗസ്ഥരെ കാണാന്‍ വരുന്ന ജനങ്ങളെ അഭിവാദനം ചെയ്യുമ്പോഴും വന്ദേമാതരം എന്ന് ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രമല്ല സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും ഇക്കാര്യം പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാന്ധിജയന്തിദിനമായ ഞായറാഴ്ച മുതല്‍ ഈ ഉത്തരവ് നടപ്പിലാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടികള്‍ക്കും സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു. വാര്‍ധയില്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സാംസ്കാരികവകുപ്പു മന്ത്രി സുധീര്‍ മുംഗതിവാര്‍ എന്നിവര്‍ ചേര്‍ന്നാണ് ക്യാമ്പയിന് തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: