കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ഒരു വിദ്യാഭ്യാസകേന്ദ്രത്തില്‍ നടന്ന ചാവേര്‍ ബോംബുസ്ഫോടനത്തില്‍ ഏകദേശം 23 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരില്‍ അധികവും പെണ്‍കുട്ടികളാണ്.
ചില വാര്‍ത്ത ഏജന്‍സികള്‍ 100 വിദ്യാര്‍ത്ഥികള്‍ വരെ കൊല്ലപ്പെട്ടുവെന്ന് വാര്‍ത്ത നല്‍കിയിട്ടുണ്ട്. ഇതുവരെ 100 വിദ്യാര്‍ത്ഥികളുടെയെങ്കിലും മൃതദേഹങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയതായി ഒരു പ്രാദേശിക ജേണലിസ്റ്റായ ബിലാല്‍ സര്‍വാരി ട്വിറ്ററില്‍ കുറിച്ചു. ചിതറിത്തെറിച്ച ഒരു ക്ലാസ് മുറിയുടെ ചിത്രവും ഇയാള്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
23 പേരെങ്കിലും കൊല്ലപ്പെട്ടതായി തൊട്ടടുത്ത അലി ജിന ആശുപത്രിയിലെ ഡോക്ടര്‍ അബ്ദു ഗയാസ് മൊമന്റാണ് വെളിപ്പെടുത്തിയത്. എന്തായാലും കൃത്യമായ മരണസംഖ്യ തിട്ടപ്പെടുത്താന്‍ ഇനിയും സമയമെടുക്കും. പല ശരീരങ്ങളും ചിതറി തെറിച്ചിരിക്കുകയാണ്. കാബൂളിലെ ഹസാര പ്രദേശത്തെ കാജ് വിദ്യാഭ്യാസകേന്ദ്രത്തിലായിരുന്നു സ്ഫോടനം. ഹസാരാസ്, ഷിയാ വംശത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് ഈ പ്രവേശനപരീക്ഷയ്ക്കെത്തിവരില് അധികവും. ഇവരാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ ഏറ്റവും വലിയ വംശത്തില്‍പ്പെട്ടവരാണ് ഹസാരാസ്.
രാവിലെ 7.30ന് ഒരു സര്‍വ്വകലാശാല പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. അന്നേരമാണ് ആദ്യ സ്ഫോടനം നടന്നത്. ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനത്തുപോലെ എത്രമാത്രം സുരക്ഷാ കുറവാണെന്ന് സൂചിപ്പിക്കുന്നതായി ഈ സ്ഫോടനം. അധികവും പെണ്‍കുട്ടികളാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് ദൃക്സാക്ഷിയായ തയ്ബ മെഹ്തര്ഖില് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: