ചരിത്രവും സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഭാവനകളും ഇഴ ചേര്‍ന്ന തലമുറകള്‍ തോറും ഹൃദയത്തിലേറ്റിയ മഹാ കാവ്യണ് ‘പൊന്നിയിന്‍ സെല്‍വന്‍’. അമ്പതുകളില്‍ രചിക്കപ്പെട്ട നോവലാണിത്. എം. ജി. ആര്‍, കമലഹാസന്‍ എന്നിവര്‍ ഈ ചരിത്ര നോവല്‍ സിനിമയാക്കാന്‍ പല സന്ദര്‍ഭങ്ങളിലും ശ്രമിച്ചിട്ടും നടക്കാതെ പോയത് തമിഴ് സിനിമയുടെ ചരിത്രത്തില്‍ കുറിക്കപ്പെട്ടതാണ്.
അവര്‍ക്ക് നിറവേറ്റാന്‍ കഴിയാതെ പോയത് ഇന്ന് മണിരത്‌നത്തിലൂടെ സാഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. ഈ ചരിത്ര നോവല്‍ സിനിമയായാല്‍ അതില്‍ ഒരു നിഴല്‍ വേഷമെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കാത്ത നടീ നടന്മാര്‍ ഉണ്ടാവില്ല. മണിരത്‌നം താര നിര്‍ണ്ണയം പൂര്‍ത്തിയാക്കിയ ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തനിക്ക് പെരിയ പഴുവേട്ടൈയരുടെ കഥാപാത്രമെങ്കിലും നല്‍കി തന്നെ ഈ സിനിമയുടെ ഭാഗമാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ വേഷം രജനിയുടെ ഇമേജിന് കോട്ടം വരുത്തും എന്നത് കൊണ്ട് മണിരത്‌നം അദ്ദേഹത്തെ നിരുത്സാഹ്‌പ്പെടുത്തിയ സംഭവം ശ്രദ്ധേയമാണ്. അത്ര മാത്രം ഒരോരുത്തരും മനസില്‍ കൊണ്ട് നടന്ന് താലോലിക്കുന്ന, കോടിക്കണക്കിന് വായനക്കാരെ നേടിയ ഇതിഹാസ കഥയാണ് ‘ പൊന്നിയിന്‍ സെല്‍വന്‍’. അതിന്റെ ദൃശ്യാവിഷ്‌ക്കാരം കാണാന്‍ ലോകമെങ്ങുമുള്ള സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കയാണ്. അതിനു മുന്നോടിയായി കഥയിലെ മുഖ്യ കഥാപാത്രങ്ങളെ കുറിച്ച് നോവലിനെ ആസ്പദമാക്കി ഒരു ആമുഖം.
പത്താം നൂറ്റാണ്ടിലാണ് പൊന്നിയിന്‍ സെല്‍വന്‍ കഥ നടക്കുന്നത്. ചോള സാമ്രാജ്യത്തിന്റെ രാജാവ് കണ്ടരാദിത്തന്‍. പത്‌നി സെമ്പിയന്‍ മാദേവി. ഇവരുടെ ഏക മകന്‍ മധുരാന്തകന്‍ . കണ്ടരാദിത്തന്റെ കാല ശേഷം അനുജന്‍ സുന്ദര ചോളന്‍. രാജാവായി വാഴിക്കപ്പെടുന്നു. സുന്ദര ചോളന് മൂന്നു മക്കള്‍ മൂത്തവന്‍ ആദിത്ത കരികാലാന്‍ , അടുത്തത് മകള്‍ കുന്ദവൈ, ഏറ്റവും ഇളയവന്‍ അരുള്‍മൊഴി വര്‍മ്മന്‍ എന്ന പൊന്നിയിന്‍ സെല്‍വന്‍.
ആദിത്ത കരികാലന്‍ (വിക്രം)
സുന്ദര ചോളന്റെ മൂത്ത മകന്‍. ചോള സാമ്രാജ്യത്തിന്റെ കിരീട അവകാശിയായ രാജ കുമാരന്‍. തന്റെ പന്ത്രണ്ടാം വയസ്സില്‍ ചേവൂര്‍ പടക്കളത്തില്‍ യുദ്ധത്തിനിറങ്ങിയവന്‍. ശത്രുക്കളെ വിരട്ടിയോടിച്ചു കാഞ്ചിയില്‍ ചോള കൊടി നാട്ടിയവന്‍. കാഞ്ചീപുരത്ത് തന്റെ മാതാ പിതാക്കള്‍ക്ക് പൊന്മാളിക പണിത്, അവരുടെ സന്തോഷം കണ്ട് സായൂജ്യമടഞ്ഞവന്‍. പാണ്ഡ്യ രാജാവ് വീരപാണ്ടിയന്റെ തല കൊയ്‌തെടുത്ത കോപ കേസരി . സമാനതകളില്ലാത്ത വീര ശൂര പരാക്രമി. നന്ദിനിയുമായുള്ള പ്രണയ പരാജയത്തില്‍ വെറി പിടിച്ച് യുദ്ധം ചെയ്തു.
അരുള്‍മൊഴി വര്‍മ്മന്‍ (ജയം രവി)
സുന്ദര ചോളന്റെ ഇളയ മകന്‍. കഥയിലെ പൊന്നിയിന്‍ സെല്‍വന്‍ എന്ന പേരിന്റെ അവകാശി. ചോള ദേശത്തിന്റെ തെന്‍ ദിശയുടെ മാദണ്ന്ധ നായകന്‍ (സേനാ മേധാവി). പില്‍ക്കാലത്ത് ചോള നാടിന്റെ രാജാവായി രാജ രാജ ചോളനായി പ്രസിദ്ധി നേടി. ചോള ദേശ ജനതയുടെ ഓമന പുത്രന്‍. ആനകളെ മെരുക്കുന്നതില്‍ അരുള്‍മൊഴി വര്‍മ്മന്റെ നൈപുണ്യം പ്രസിദ്ധമാണ്. സഹോദരി കുന്ദവൈയുടെ വാക്കിന് അങ്ങേയറ്റം മതിപ്പു കൊടുക്കുന്ന അനുജന്‍. അനുരാധപുരത്തെ രാജാവ് അഞ്ചാം മഹിന്ദനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് അയാളെ പതുങ്ങി ജീവിക്കാന്‍ അവസരം ഒരുക്കി. കല, സാഹിത്യം, കെട്ടിട കല ഇത്യാതികളില്‍ അതീവ തല്‍പരന്‍. മികച്ച യോദ്ധാവ്.
കുന്ദവൈ (തൃഷ)
സുന്ദര ചോളന്റെ പുത്രി. അതീവ സുന്ദരി. ഇളയ തമ്പുരാട്ടി എന്നാണ് എല്ലാവരും കുന്ദവൈയെ വിളിക്കുന്നത്. അതീവ രാഷ്‌ട്രീയ ജ്ഞാനമുള്ളവള്‍. ചോള രാജ കുടുംബത്തില്‍ തന്നെ ബുദ്ധി കൂര്‍മ്മത ഉള്ളവള്‍. കൊച്ചു ദേശത്തിന്റെ രാജാക്കന്മാര്‍ തുടങ്ങി മഹാരാജാക്കന്മാര്‍, എല്ലാവര്‍ക്കും ഇവളോട് വളരെ അധികം ബഹുമാനമാണ്. രാജ രാജ ചോളന്റെ ഭരണ കാലത്ത് അയാള്‍ക്ക് ഭരണ നിര്‍വഹണത്തിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് കുന്ദവൈയായിരുന്നു. തന്റെ സ്വന്തം ഭൂമിയില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി ആതുരാലയങ്ങള്‍ (ആശുപത്രികള്‍) പണിത് സന്നദ്ധ സേവകയായും ഇവള്‍ ജന ഹൃദയങ്ങളില്‍ സ്ഥാനം നേടി.
നന്ദിനി (ഐശ്വര്യാറായ് ബച്ചന്‍)
നാഗത്തിന് സമാനമായ സ്വഭാവത്തോടു കൂടിയവള്‍. നന്ദിനിയുടെ സൗന്ദര്യത്തില്‍ മയങ്ങാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ഇവളുടെ പകയിലൂടെയാണ് കഥാ സഞ്ചാരം. ചതിയുടെ തന്ത്രങ്ങള്‍ മെനയുന്നത്തില്‍ അതി വിദഗ്‌ദ്ധയും സമര്‍ഥയുമാണിവള്‍. ചോളന്‍മാര്‍ക്ക് എതിരായ എല്ലാ ചതികളുടെയും തലച്ചോറ് നന്ദിനിയാണ്. ആദിത്ത കരികാലന്റെ പൂര്‍വ കാമുകി. സാഹചര്യത്താല്‍ വഞ്ചിതയായവള്‍. ചോളന്‍മാരോടുള്ള പക വിഷ സര്‍പ്പത്തെ പോലെ ഉള്ളില്‍ പേറി നടക്കുന്നവള്‍. പ്രതികാരം വീട്ടാന്‍ തന്റെ പിതാവിന്റെ പ്രായമുള്ള പെരിയ പഴുവേട്ടയരെ വിവാഹം ചെയ്തു.
വന്തിയത്തേവന്‍ (കാര്‍ത്തി)
കഥയിലെ നായകന്‍. വാണര്‍ കുല രാജകുമാരന്‍. ആദിത്ത കരികാലന്റെ ഉറ്റ സുഹൃത്ത്. പ്രസരിപ്പുള്ള യുവത്വം. സ്ത്രീകളില്‍ അധികം ആകൃഷ്ടനാവുന്ന സ്വഭാവം.ആദിത്ത കരികാലന്റെ ചാരനായും പ്രവര്‍ത്തിക്കും. പ്രശ്‌നങ്ങളെ തേടി പിടിച്ച് വിലയ്‌ക്ക് വാങ്ങുന്ന ശീലക്കാരന്‍. നല്ല സമര്‍ഥന്‍, മികച്ച യോദ്ധാവ് .
മധുരാന്തകന്‍ (റഹ്മാന്‍)
രാജാവായ കണ്ടരാദിത്യന്‍ മരിക്കുമ്പോള്‍ കിരീട അവകാശി ഏക മകന്‍ മധുരാന്തകനാണ്. ആ സമയത്ത് അവന്‍ കൈ കുഞ്ഞായിരുന്നത് കൊണ്ട് തന്റെ സഹോദരന്‍, മധുരാന്തകന്റെ ഇളയച്ഛന്‍ സുന്ദര ചോളനെ രാജാവാക്കുന്നു. മരിക്കുമ്പോള്‍ സുന്ദര ചോളന്റെ മക്കള്‍ മാത്രമേ അടുത്ത രജ്യാവകാശികള്‍ ആവാന്‍ പാടുള്ളൂ എന്നും തന്റെ മകന്‍ മധുരാന്തകന് അധികാര മോഹം ഒരിക്കലും ഉണ്ടാവരുതെന്നും, അവനെ ഒരു പൂര്‍ണ്ണ ശിവ ഭക്തനായി വളര്‍ത്തണം എന്നും പറഞ്ഞു മരിക്കുന്നു. ശിവ യോഗിയായി അജ്ഞാത വാസം നടത്തി വന്ന മധുരാന്തകന്‍ നന്ദിനിയുടെ പ്രലോഭനങ്ങളില്‍ വശംവദനായി തന്റെ അവകാശം പറഞ്ഞ് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ നാട്ടിലും ചോളന്‍മാര്‍ക്കിടയിലും പ്രതിസന്ധി സംജാതമാവുന്നു.
ആഴ്‌വാര്‍ കടിയാന്‍ (ജയറാം)
പൊന്നിയിന്‍ സെല്‍വനി അതി പ്രധാനമായ മറ്റൊരു കഥാ പാത്രം. ചോള സാമ്രാജ്യത്തിന്റെ മുഖ്യ മന്ത്രിയാണ് അനിരുദ്ധ ബ്രമ്മരായന്‍. ബുദ്ധി രാക്ഷസന്‍. ഇയാളോട് ചര്‍ച്ച ചെയ്ത ശേഷം മാത്രമേ രാജാവ് പോലും പ്രാധാന തീരുമാനങ്ങള്‍ എടുക്കൂ.ഇയാളറിയാതെ നാട്ടില്‍ ഒന്നും നടക്കില്ല. ഒരു ഇല അനങ്ങിയാല്‍ പോലും അനിരുദ്ധ ബ്രമ്മരായന്‍ അറിയും. അതിനു കാരണക്കാരന്‍ ആഴ് വാര്‍ കടിയാനാണ്. ദൂതന്‍, ചാരന്‍ എന്നിങ്ങനെ പല മുഖങ്ങള്‍ ആഴ് വാര്‍ കടിയാനുണ്ട്. അത് തല്‍ക്കാലം സസ്‌പെന്‍സ്.
പെരിയ പഴുവേട്ടൈയര്‍ (ശരത് കുമാര്‍)
കൊച്ചു ദേശമായ പഴുവൂരിന്റെ ഭരണാധിപന്‍. ചോള സൈന്യത്തിന്റെ ധനാധികാരി. വേളക്കാര പട എന്ന വംശത്തില്‍ പെട്ടയാള്‍. (രാജ കുടുംബത്തെ സംരക്ഷിക്കാന്‍ ശപഥം എടുത്ത വംശമാണ് ഇവരുടേത്). യുദ്ധ വേളയില്‍ അറുപത്തി നാലു പരിക്കുകള്‍ ഏറ്റവന്‍. വാര്‍ദ്ധക്യ കാലത്ത് സൗന്ദര്യ റാണിയായ നന്ദിനിയെ വിവാഹം കഴിച്ചു. വൃദ്ധനെങ്കിലും കായ ബലമുള്ള വീര യോദ്ധാവ്. പക്ഷെ നന്ദിനിയുടെ മോഹ വലയില്‍ വീണ് പെരിയ പഴുവേട്ടയര്‍ സല്‍പേര് കളങ്കപ്പെടുത്തി.
പൂങ്കുഴലി (ഐശ്വര്യ ലക്ഷ്മി)
കഥയിലെ സഹസികഥയാര്‍ന്ന സുന്ദരിയായ വള്ളക്കാരി കഥാപാത്രം. സമുദ്ര കുമാരി എന്നാണ് വിശേഷിപ്പിക്കുന്നത്. വള്ളം തുഴയുന്നതില്‍ പൂങ്കുഴലിയുടെ നൈപുണ്യം പ്രസിദ്ധം. നായകന്‍ വന്തിയ തേവന്റെ സഹായിയും തോഴിയും. വല്ലവരായന്‍ വന്തിയ തേവനെ കണ്ടു മുട്ടുമ്പോള്‍ മുതലാണ് ഇവളുടെ സാഹസികത വെളിപ്പെടുന്നത്. വന്തിയ തേവന്‍ അരുള്‍ മൊഴി വര്‍മ്മന്‍ എന്ന പൊന്നിയിന്‍ സെല്‍വനുമായി ലങ്കയില്‍ നിന്നു മടങ്ങവേ സമുദ്രത്തില്‍ വെച്ച് കൊടുങ്കാറ്റില്‍ പെട്ട് പോകുമ്പോള്‍ അവരെ സാഹസികമായി രക്ഷിച്ചു കരയ്‌ക്ക് എത്തിക്കുന്നത് ഇവളാണ്. ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച കഥാപാത്രമാണ് സമുദ്ര കുമാരി പൂങ്കുഴലി. ‘കാറ്റ് പോലെ മൃദുവായവള്‍, സമുദ്രം പോലെ ശക്തമായവള്‍’ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നു. പൊന്നിയിന്‍ സെല്‍വനിലെ അത്രയും ശക്തമായ സ്ത്രീ കഥാപാത്രമാണിത്.
വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി സംവിധായകന്‍ മണിരത്‌നം അണിയിച്ചൊരുക്കിയ മള്‍ടി സ്റ്റാര്‍ ബ്രഹ്മാണ്ഡ ചിത്രമായ ‘ പൊന്നിയിന്‍ സെല്‍വന്‍ ‘. മണിരത്‌നത്തിന്റെ മെഡ്രാസ് ടാക്കീസും ,സുഭാസ്‌ക്കരന്റെ ലൈക്കാ പ്രൊഡക്ഷന്‍സും സംയുക്തമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങളുള്ള ചിത്രത്തിന്റെ ഒന്നാം ഭാഗം ( പി എസ് 1) സെപ്റ്റംബര്‍ 30 ന് നാളെ ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് പൊന്നിയിന്‍ സെല്‍വന്‍1( പി എസ്1) റീലീസ് ചെയ്യുക. കേരളത്തില്‍ ശ്രീ ഗോകുലം മൂവീസാണ് ഇരുന്നൂറ്റി അമ്പതില്‍ പരം തിയേറ്ററുകളില്‍ റീലീസ് ചെയ്യുന്നത്.
പ്രമുഖരായ താരങ്ങളും സാങ്കേതിക വിദഗ്‌ദ്ധരും അണിനിരക്കുന്ന ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചലച്ചിത്ര ആവിഷ്‌കാരമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. അതു കൊണ്ട് തന്നെ ചിത്രീകരണം തുടങ്ങിയ അന്ന് മുതല്‍ സിനിമാ പ്രേമികള്‍ ആകാംഷാഭരിതരാണ്. മണിരത്‌നം, ജയ മോഹന്‍, കുമാര വേല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത് രവി വര്‍മ്മന്റെ ഛായഗ്രഹണം കാണികള്‍ക്ക് മനോഹര ദൃശ്യ വിരുന്നൊരുക്കുമ്പോള്‍ ഏ.ആര്‍.റഹ്മാന്റെ സംഗീതം ആസ്വാദകര്‍ക്ക് ഇമ്പമൊരുക്കുന്നു. റഫീക് അഹമ്മദാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് സംഭാഷണ രചയിതാവ്, ബൃന്ദ നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: