തൃശൂർ: കടല്‍ കടന്നെത്തിയ ദൈവത്തിന്റെ കിരീടം എന്ന് അര്‍ത്ഥം വരുന്ന മക്കോട്ടദേവ പൂത്ത് പഴമായതിന്റെ സന്തോഷത്തിലാണ് വലപ്പാട് കാമധേനു ക്ഷീരസംഘം സെക്രട്ടറി കോഴിപ്പറമ്പില്‍ ഹനീഷ് കുമാര്‍. ഏകദേശം 5 വര്‍ഷം പ്രായമായ ചെടിയിലാണ് കായ് പഴുത്തത്. പലേറിയ മാങ്കോകാര്പ്പ എന്നാണ് ശാസ്ത്രനാമം. ഇത് ഷുഗര്‍, ട്യൂമര്‍, ഹൃദ്രോഗം തുടങ്ങിയ നിരവധി അസുഖങ്ങള്‍ക്കെതിരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും പ്രത്യുത്പാദന ശേഷി കൂട്ടുകയും ചെയ്യുമെന്ന് പറയുന്നു. ഈ ചെടി കാണാനും പരിസ്ഥിതി പ്രവര്‍ത്തകനായ ഹനീഷ് കുമാറിനോട് സംവദിക്കുവാനും സ്കൂള്‍ കുട്ടികളടക്കം നിരവധി പേര് എത്തുന്നുണ്ട്.
കരിവള്ളി, വെളുത്ത ഞാവല്‍, അടതാപ്പ്, പാന്‍ ചെടി, ഗണപതി നാരകം, മിറക്കിള്‍ ഫ്രൂട്ട്, ബറാബ, മധുര അമ്പഴം, വിവിധയിനം തുളസികള്‍, വെളുത്ത മുക്കുറ്റി തുടങ്ങി പലവിധത്തിലുള്ള ഔഷധ സസ്യങ്ങളും ചെടികളും ഹനീഷ് സംരക്ഷിക്കുന്നുണ്ട്.
ഇതിനിടെ, കര്‍ഷകനായ ഹനീഷ്കുമാറിന്റെ ശലഭോദ്യാനം വീണ്ടും സജീവമായിരിക്കുകയാണ്. മുന്നൂറോളം രൂപയായി ഓണക്കാലത്ത് പൂ വില ഉയര്‍ന്നെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ ഇക്കൊല്ലവും ഹനീഷ് പൂക്കള്‍ വിറ്റു കാശാക്കാതെ അവ പൂമ്പാറ്റകള്‍ക്കും തുമ്പികള്‍ക്കും തേനീച്ചകള്ക്കുമായി നിലനിര്‍ത്തിയിരിക്കുകയാണ്. സ്പെഷല്‍ സ്കൂള്‍ കുട്ടികള്‍ക്കും പാലിയേറ്റീവ് സംഗമത്തിനും മാത്രമാണ് പൂക്കള്‍ പറിച്ചത്. പച്ചക്കറിക്ക് ജൈവ കീടനാശിനികള്‍ പോലും ഒഴിവാക്കി. ഈസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡില്‍ വലപ്പാട് സ്കൂള്‍ ഗ്രൗണ്ടിന് തെക്കു വശത്ത് ക്ഷീരസംഘം ഓഫീസിനോട് ചേര്‍ന്നാണ് കൃഷിസ്ഥലം. ഇവിടെ മുളക്, വെണ്ട, പയര്‍, മുള്ളങ്കി, കാബേജ്, വഴുതിന, മഞ്ഞള്‍, ചേമ്പ് കൂടാതെ നാടന്‍ പപ്പായ തൈകളും സമൃദ്ധിയായി വളരുന്നു.
പൂമ്പാറ്റകളുടെ ഇഷ്ട ചെടിയായ കിലുക്കാംപെട്ടിക്ക് പുറമേ 3 കളറില്‍ ചെണ്ടുമല്ലി, 4 കളറില്‍ വാടാമല്ലി, കൃഷ്ണകിരീടം, തുമ്പ, ശിവപാര്‍വതി, കാശി തുമ്പ, മീശ പൂവ്, തിരുതാളി കോഴിപ്പൂവ്, ആടലോടകം, 3 കളര്‍ കനകാംബരങ്ങള്‍ തുടങ്ങി വരിവരിയായി പൂത്തുലഞ്ഞു നില്ക്കുന്ന നിത്യകല്യാണിച്ചെടികളും ഈ ഉദ്യാനത്തെ മനോഹരമാക്കുന്നു. പൂമ്പൊടിയും പൂന്തേനും ഏറെയുള്ള നാടന്‍ ചെടികള്‍ ശേഖരിക്കുന്ന തിരക്കിലാണ് ഹനീഷ്. സ്കൂളുകളില്‍ ശലഭോദ്യാനം ഒരുക്കാനും മുന്നിലുള്ള ഹനീഷ് പൂമ്പാറ്റകളെ കുറിച്ച് ഡോക്യുമെന്ററിയും ഫോട്ടോ പ്രദര്‍ശനവും നടത്താനുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: