ആലപ്പുഴ:കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച കുടിവെള്ള പദ്ധതിക്ക് ചെലവിട്ടത് 225 കോടി. അഞ്ചു വര്‍ഷം ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ അറ്റകുറ്റപണിക്ക് ചെലവിട്ടത് 36 കോടി. സംസ്ഥാനത്തെ അഴിമതി പദ്ധതികളില്‍ ഒന്നാം സ്ഥാനത്താണ് ആലപ്പുഴ കുടിവെള്ള പദ്ധതി. പ്രതിദിനം 62 ദശലക്ഷം ലിറ്റര്‍ വെള്ളം ആലപ്പുഴ നഗരത്തിലും, സമീപത്തെ എട്ട് പഞ്ചായത്തുകളിലും എത്തിക്കുന്നതിനായി വിഭാവനം ചെയ്ത ആലപ്പുഴ കുടിവെള്ള പദ്ധതി വ്യത്യസ്ത കാലയളവിലായി വെള്ളംകുടി മുട്ടിച്ചത് ഒന്നരവര്ഷത്തോളമാണെന്നതാണ് വിചിത്രം.
2017 മേയില്‍ കമ്മീഷന് ചെയ്ത പദ്ധതിയുടെ പൈപ്പ് പൊട്ടിയത് 49 തവണയെന്നാണ് ഔദ്യോഗിക വിവരം. ഇതിനായി വാട്ടര്‍ അതോറിറ്റി ഇതുവരെ ചെലവഴിച്ചത് 36 കോടി 17 ലക്ഷം രൂപയെന്നു വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് വാട്ടര്‍ അതോറിറ്റിയുടെ ആലപ്പുഴ പ്രൊജക്റ്റ് ഡിവിഷന് നല്കിയ മറുപടിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം ഉള്ളത്. ഇക്കഴിഞ്ഞ ഞായറാഴ്ച തകഴിയില്‍ പൈപ്പ് വീണ്ടും പൊട്ടിയിരുന്നു. മാധ്യമങ്ങളുടെ കണക്ക് പ്രകാരം 74-ാം തവണയാണ് പൈപ്പ് പൊട്ടുന്നത്.
നിരന്തരം പൊട്ടുന്ന പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിനായി കോണ്‍ട്രാക്ടറുടെ ഉത്തരവാദിത്വത്തില്‍ റീലേയിങ് പ്രവര്‍ത്തികള്‍ പുരോഗമിച്ചു വരുന്നു, മറുപടിയില്‍ പറയുന്നു. കോടികളാണ് അറ്റകുറ്റ പണികളുടെ പേരില്‍ ഒഴുകി പോകുന്നത്. സംസ്ഥാനത്ത് കുടിവെള്ള പൈപ്പ് പൊട്ടുന്നതില്‍ റിക്കാര്‍ഡ് ഇടുന്ന ജില്ലയിലെ പ്രധാന പദ്ധതി അഴിമതിയുടെ കാര്യത്തിലും റിക്കാര്‍ഡ് സൃഷ്ടിക്കുകയാണ്. അഞ്ചു വര്‍ഷത്തിനിടയില്‍ ഒന്നര കിലോമീറ്റര്‍ ഭാഗത്ത് 49 തവണ പൈപ്പ് പൊട്ടിയത് ദുരൂഹമാണ്.
2017 മേയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് 225 കോടിയുടെ പദ്ധതി ഉദ്ഘാടനം ചെയ്തത്. കരുമാടിയിലെ ശുദ്ധീകരണ പ്ലാന്റ് കമ്മിഷന് ചെയ്ത് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും ശുദ്ധജലം തേടിയുള്ള നെട്ടോട്ടത്തിന് യാതൊരു മാറ്റവുമില്ല. അരലക്ഷം കുടുംബങ്ങളാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നത്. ഓരോ തവണ പൊട്ടുമ്പോഴും, അറ്റകുറ്റപ്പണിക്ക് വേണ്ടി പൊളിക്കേണ്ടി വരുന്ന ദുരവസ്ഥയിലാണ് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത. വാട്ടര്‍ അതോറിട്ടിയുടെ വ്യവസ്ഥ പ്രകാരം അംഗീകാരം നല്കിയ പൈപ്പുകള്‍ക്ക് പകരം നിലവാരം കുറഞ്ഞവ ഉപയോഗിച്ചതാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം.
മറ്റ് ബ്രാന്‍ഡുകളേക്കാള്‍, ഒരു മീറ്ററിന് ആറായിരം രൂപ കുറവുള്ള പൈപ്പുകള്‍ ഉപയോഗിച്ചത് വഴി കരാറുകാരന് ലാഭമുണ്ടായതായി കാണിച്ചുള്ള പരാതിയിന്മേല് നടത്തിയ വിജിലന്‍സ് അന്വേഷണത്തില്കുറ്റം തെളിയിക്കപ്പെട്ടിരുന്നു. ഒന്നരകിലോമീറ്റര്‍ ഭാഗത്ത് നിലവാരം കുറഞ്ഞവയ്ക്ക് പകരം പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുകയാണ്. വാട്ടര്‍ അതോറിട്ടിയുടെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ പദ്ധതി നിര്‍വഹണ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: