ഡോ.മുഞ്ജ്പാറ മഹേന്ദ്രഭായ്
(കേന്ദ്ര വനിതാ-ശിശു വികസന, ആയുഷ് സഹമന്ത്രി)
പോഷകാഹാരക്കുറവില്ലാത്ത ഭാരതം ലക്ഷ്യമിട്ട്, കുട്ടികള്‍, ഗര്‍ഭവതികളായ സ്ത്രീകള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കിടയില്‍ പോഷകാഹാര ലഭ്യത മെച്ചപ്പെടുത്തുന്നതിനായി, സമഗ്ര പോഷകാഹാര പദ്ധതിയായ പോഷണ്‍ അഭിയാന് നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം സര്‍വ്വാത്മനാ സ്വീകരിക്കപ്പെട്ടു. അറിവില്ലായ്മയോ തെറ്റായ വിവരങ്ങളോ കാരണം തലമുറകളായി പോഷകാഹാരക്കുറവ് നേരിടുന്ന സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ള ജനവിഭാഗങ്ങളെ പോഷകാഹാരക്കുറവ് മറികടക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അണിനിരത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പോഷണ്‍ അഭിയാന് മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യം, ക്ഷേമം, എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള രീതികള്‍ വികസിപ്പിക്കുന്നതിനും രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവ പ്രതിരോധിക്കുന്നതിനും പോഷകാഹാര ഉള്ളടക്കം, വിതരണം, വ്യാപനം, ഗുണ ഫലങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സംയോജിത പോഷകാഹാര ദൗത്യം, മിഷന് പോഷണ്‍2.0 ഇക്കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചു. പോഷകാഹാരത്തിന്റെ ഗുണഫലങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബോധവല്‍ക്കരണ യജ്ഞങ്ങള്‍ ആരംഭിക്കുന്നതിലും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിലും പോഷണ്‍ അഭിയാന് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പെരുമാറ്റ രീതികളില്‍ സമഗ്ര പരിവര്‍ത്തനം സാധ്യമാക്കാനുതകുന്ന ഏകോപിതമായ ബഹുജനമുന്നേറ്റം ഉറപ്പാക്കുന്നതിനും ജന പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുമായി, കേന്ദ്രീകൃതമായ പ്രചാരണ പരിപാടികളിലൂടെ നിരന്തരമായ ശ്രമങ്ങള്‍ അഭിയാന്റെ ഭാഗത്തുനിന്നുമുണ്ടായി. ഈ പ്രചാരണ പരിപാടികള്‍ വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലൂടെ പോഷകാഹാര സംബന്ധിയായ ഒട്ടേറെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. സാമൂഹികാധിഷ്ഠിത പരിപാടികള്‍ക്കൊപ്പം, ആരോഗ്യകരമായ പോഷകാഹാരം ജീവിത ശൈലിയുടെ ഭാഗമാക്കാന്‍ അമ്മമാരെയും സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളെയും പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പോഷണ്‍ മാസാചരണ, ദൈ്വവാരാചരണ തീവ്രയജ്ഞ പരിപാടികളും ദൗത്യത്തിന്റെ ഭാഗമാണ്.
പ്രചാരണത്തിന്റെ ഭാഗമായി, ഓരോ അങ്കണവാടി കേന്ദ്രങ്ങളും മാസത്തില്‍ രണ്ടുതവണ, ആഴ്ചയിലെ ഒരു നിശ്ചിത ദിവസം, സാമൂഹികാധിഷ്ഠിത പരിപാടികള്‍ സംഘടിപ്പിക്കുന്നു. അന്നദാന ദിനം, സുപോഷണ്ദിനം (ഭര്ത്താക്കന്മാരെ ബോധവത്കരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു), പ്രായപൂര്‍ത്തി ആഘോഷം, സ്കൂളില്‍ പോകുന്നതി
ന് മുന്നോടിയായുള്ള അങ്കണവാടിയിലെ തയ്യാറെടുപ്പ്, പോഷകാഹാരം ഉറപ്പാക്കി പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള സന്ദേശങ്ങള്‍, കൈകഴുകലിന്റെയും ശുചിത്വത്തിന്റെയും പ്രാധാന്യം, വിളര്‍ച്ചാ പ്രതിരോധം, പോഷകാഹാരത്തിന്റെ പ്രാധാന്യം, ഭക്ഷണ വൈവിധ്യം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച ബോധവത്ക്കരണം തുടങ്ങിയവ സാമൂഹികാധിഷ്ഠിത പരിപാടികളില്‍ ഉള്‍പ്പെടുന്നു. അഭിയാന് ആരംഭിച്ചതുമുതല്‍ ഇതുവരെ 3.70 കോടിയിലധികം സാമൂഹികാധിഷ്ഠിത പരിപാടികള്‍ രാജ്യത്തുടനീളമുള്ള അങ്കണവാടികളില്‍ സംഘടിപ്പിച്ചു.
പോഷകാഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മികച്ച പോഷകാഹാര രീതികളെയും പെരുമാറ്റരീതികളെയും സംബന്ധിച്ച അവബോധം വളര്‍ത്തുന്നതും ലക്ഷ്യമിട്ടുള്ള പോഷണ്‍ അഭിയാന് ജനകീയ പ്രസ്ഥാനത്തിന്റെ ഭാഗമായി സപ്തംബറില്‍ സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന നാല് ‘രാഷ്ട്രീയ പോഷണ്‍ മാസാചരണങ്ങളും’, മാര്‍ച്ചില്‍ സംഘടിപ്പിച്ച രണ്ടാഴ്ചക്കാലത്തെ നാല് ‘പോഷണ്‍ ദൈ്വവാരാചരണങ്ങളും’ മികച്ച ഗുണഫലങ്ങള്‍ ഉളവാക്കി. പോഷണ്‍ മേളകള്‍, പ്രഭാതഭേരി, പോഷകാഹാരത്തെക്കുറിച്ച് സ്കൂളുകളിലെ ക്ളാസുകള്‍, സ്വയം സഹായ സംഘ യോഗങ്ങള്‍, വിളര്‍ച്ചാ പ്രതിരോധ ക്യാമ്പുകള്‍, കുട്ടികളിലെ വളര്‍ച്ചാ നിരീക്ഷണം, ആശാ/അങ്കണവാടി പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം, വില്ലേജ് ഹെല്‍ത്ത്, സാനിറ്റേഷന്‍ ആന്‍ഡ് ന്യൂട്രീഷന്‍ ഡേകള്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ അഭിയാന്റെ ഭാഗമാണ്.
മന്ത്രാലയങ്ങള്‍, സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങള്‍, താഴെത്തട്ടിലെ ചുമതലക്കാര്‍ തുടങ്ങിയവരുടെ വിപുലമായ പങ്കാളിത്തത്തിനും ആവേശപൂര്‍വ്വമുള്ള സംഘാടനത്തിനും ഇതുവരെയുള്ള പോഷണ്‍ മാസാചരണങ്ങളും ദൈ്വവാരാചരണങ്ങളും സാക്ഷ്യം വഹിച്ചു. മുന്‍നിര പ്രവര്‍ത്തകര്‍, സാമൂഹിക വിഭാഗങ്ങള്‍, ബ്ലോക്ക്-ജില്ലാതല ജീവനക്കാര്‍, സംസ്ഥാന വകുപ്പുകള്‍, മന്ത്രാലയങ്ങള്‍ എന്നിവ ഈ ജനകീയ പ്രസ്ഥാനം പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി അത്യന്തം ശുഷ്കാന്തിയോടെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചു. 2021ലെ നാലാം പോഷണ്‍ മാസാചരണം 20.32 കോടി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. 2022 മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 4 വരെ നടന്ന പോഷണ്‍ ദൈ്വവാരാചരണ പരിപാടികളില്‍ ജനകീയ മുന്നേറ്റത്തില്‍ അധിഷ്ഠിതമായ 2.96 കോടി പ്രവര്‍ത്തനങ്ങള്‍ നടന്നു.
പോഷണ്‍ അഭിയാന്റെ ഗുണഭോക്താക്കള്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതുകൂടാതെ, പൊതുവായ ആരോഗ്യം, ശുചിത്വ രീതികള്‍ എന്നിവയെക്കുറിച്ചുള്ള അവബോധവും പ്രതിമാസ കൂടിച്ചേരലുകളിലൂടെ നല്കിപ്പോരുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍എച്ച്എം)കീഴിലാണ് ഗ്രാമാരോഗ്യ പോഷകാഹാര ദിനം വിഭാവനം ചെയ്തത്. സാമൂഹിക വിഭാഗങ്ങളെയും ആരോഗ്യ സംവിധാനങ്ങളെയും ബന്ധിപ്പിക്കുകയും സംയോജിതമായ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ചെയ്യുന്ന പൊതു പ്ലാറ്റ്ഫോമായി 2007 മുതല്‍ രാജ്യത്തുടനീളം ഇത് നടപ്പിലാക്കി വരുന്നു. ആരോഗ്യം, ശിശു വികസനം, പോഷകാഹാരം, ശുചിത്വ സേവനങ്ങള്‍ എന്നിവ വീട്ടുപടിക്കലെത്തിക്കാനും മെച്ചപ്പെട്ട ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള സാമൂഹിക ഇടപെടല്‍ പ്രോത്സാഹിപ്പിക്കാനും ഇത് ശ്രമിക്കുന്നു.
ഭക്ഷണ വൈവിധ്യം മെച്ചപ്പെടുത്തുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് വ്യത്യസ്ത ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ ലഭ്യമാക്കുന്നതിനും, പ്രാദേശികവും കാലികവുമായ ഫലവര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പോഷണ്‍ വാടികകള് അല്ലെങ്കില്‍ പോഷകാഹാര ഉദ്യാനങ്ങള്‍ നടപ്പാക്കി വരുന്നു. ജൈവ പച്ചക്കറികളും പഴങ്ങളും വഴി പോഷകാഹാരം ഉറപ്പാക്കുക എന്നതാണ് പോഷണ്‍ വാടികകളുടെ പ്രധാന ലക്ഷ്യം. ആയുഷ് മന്ത്രാലയത്തിന്റെ സഹായത്തോടെയുള്ള പ്ലാന്റേഷന് യജ്ഞത്തിന് കീഴില്‍ 21 ജില്ലകളിലായി 1.10 ലക്ഷം ഔഷധസസ്യ തൈകള്‍ നട്ടുപിടിപ്പിച്ചു എന്നതും എടുത്തുപറയേണ്ടതാണ്. കൂടാതെ, 4.37 ലക്ഷം അങ്കണവാടികള്‍ ഇതിനോടകം സ്വന്തം പോഷണ്‍ വാടികകള് സജ്ജമാക്കിക്കഴിഞ്ഞിട്ടുണ്ട്.
ഈ പ്രസ്ഥാനത്തെ ജനകീയ പങ്കാളിത്ത പ്രസ്ഥാനമായി പരിവര്‍ത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പോഷണ്‍ മാസാചരണത്തിന്റെ അഞ്ചാം പതിപ്പ് പുരോഗമിക്കുന്നത്. പോഷണ്‍ പഞ്ചായത്തുകളായി പ്രഖ്യാപിക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിലൂടെ ഈ സന്ദേശം പ്രചരിപ്പിച്ച് പോഷകാഹാരക്കുറവിന്റെ വെല്ലുവിളി പരിഹരിക്കാനും ശ്രമങ്ങള്‍ പുരോഗമിക്കുന്നു. സ്ത്രീകളുടെ ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം (‘മഹിളാ ഔര്‍ സ്വാസ്ത്യ’, ‘ബച്ചാ ഔര്‍ ശിക്ഷ’) എന്നിവയിലാണ് പോഷണ്‍ പഞ്ചായത്തുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പോഷണ്‍ അഭിയാന് മുന്നോട്ടുവയ്ക്കുന്ന പോഷകാഹാരത്തിന്റെയും മെച്ചപ്പെട്ട ആരോഗ്യത്തിന്റെയും സമഗ്രമായ ലക്ഷ്യങ്ങള്‍ സമന്വയപൂര്വ്വം കൈവരിക്കാനുള്ള ഒരു വേദിയായി രാഷ്ട്രീയ പോഷണ്‍ മാസം വര്‍ത്തിക്കുന്നു.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അടുത്തിടെ പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ദേശീയ കുടുംബാരോഗ്യ സര്‍വേ-4നെ അപേക്ഷിച്ച് പോഷകാഹാര സൂചകങ്ങളില്‍ ഇന്ത്യ നേട്ടം കൈവരിച്ചിട്ടുണ്ട്. കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 38.4 ശതമാനത്തില്‍ നിന്ന് 35.5 ശതമാനമായി കുറഞ്ഞു. വിളര്‍ച്ച 21.0 ശതമാനത്തില്‍ നിന്ന് 19.3 ശതമാനമായും ഭാരക്കുറവ് 35.8 ശതമാനത്തില്‍ നിന്ന് 32.1 ശതമാനമായും കുറഞ്ഞു.
ഉദാത്തവും സമഗ്രവുമായ ലക്ഷ്യത്തോടെ സമാരംഭിച്ച പോഷണ്‍ അഭിയാന്, കൊച്ചുകുട്ടികളുടെ അമ്മമാര്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭവതികളായ സ്ത്രീകള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഭര്ത്താക്കന്മാര്, പിതാക്കന്മാര്, അമ്മായിയമ്മമാര് ഉള്‍പ്പെടെയുള്ള സമസ്ത കുടുംബാംഗങ്ങളുടെയും പെരുമാറ്റരീതികളില്‍ സമഗ്ര പരിവര്‍ത്തനം സാധ്യമാക്കാനും പോഷകാഹാര അവബോധം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ആരോഗ്യ പരിപാലന ദാതാക്കള്‍ (അചങ, അടഒഅ, അങ്കണവാടി പ്രവര്‍ത്തകര്‍) സാമൂഹിക തലത്തിലുള്ള ഇടപെടലുകളിലും സാമൂഹിക പങ്കാളിത്തത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ഗുണപ്രദമായ പോഷകാഹാര ശീലങ്ങള്‍ വളര്‍ത്തി ജനങ്ങളില്‍ ഭാവാത്മകമായ ആരോഗ്യ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശക്തമായ ഉപകരണങ്ങളായി വര്‍ത്തിക്കുന്നു. പോഷകാഹാര അജണ്ടയെ പൊതു വ്യവഹാരത്തിന്റെ കേന്ദ്ര ബിന്ദുവാക്കുക എന്നതിലാണ് പോഷണ്‍ അഭിയാന്റെ വിജയം കുടികൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: