കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നടന്നുകൊണ്ടിരിക്കുന്ന പൊട്ടിത്തെറികള്‍ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്റു കുടുംബത്തിന്റെ പിന്തുണയോടെ മത്സരിക്കുമെന്ന് കരുതപ്പെട്ടിരുന്ന രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മറുകണ്ടം ചാടിയതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറുമ്പോള്‍ താന്‍ നിശ്ചയിക്കുന്നയാളെ പകരക്കാനാക്കണമെന്ന ഗെഹ്ലോട്ടിന്റെ ആവശ്യം നെഹ്റു കുടുംബത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിരിക്കുകയാണ്. രാജസ്ഥാന് കോണ്‍ഗ്രസ്സില്‍ ഗെഹ്ലോട്ടിന്റെ എതിരാളിയായ സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്റിന്റെ ശ്രമം ഇതോടെ പാളിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രിയാവാനുള്ള പൈലറ്റിന്റെ നീക്കം പ്രിയങ്കാ വാദ്രയെ കൂട്ടുപിടിച്ച് ഗെഹ്ലോട്ട് തടയുകയായിരുന്നു. അധികം വൈകാതെ ഗെഹ്ലോട്ടിനെതിരെ വിമതനീക്കം നടത്തിയ പൈലറ്റിനെ ഹൈക്കമാന്റ് പിന്തിരിപ്പിക്കുകയും ചെയ്തു. അവസരം ഒത്തുവരുമ്പോള്‍ മുഖ്യമന്ത്രിയാക്കാമെന്ന ഉറപ്പുനല്‍കിയായിരുന്നു ഇത്. അന്നു മുതല്‍ കാത്തിരുന്ന പൈലറ്റ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗെഹ്ലോട്ട് സ്ഥാനാര്‍ത്ഥിയാവുന്നതിനെ ഭാഗ്യമായി കണ്ടു. കുടുംബാധിപത്യത്തിന്റെ പിന്‍ഗാമിയായ രാഹുല്‍ പാര്‍ട്ടിയില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന മുദ്രാവാക്യം ഉയര്‍ത്തിയത് പൈലറ്റിനെ വല്ലാതെ മോഹിപ്പിക്കുകയും ചെയ്തു.
ഒറ്റ രാത്രികൊണ്ട് വിശ്വസ്തന് വിമതനാവുന്ന കാഴ്ചയാണ് ഗെഹ്ലോട്ടിന്റെ കാര്യത്തില്‍ സംഭവിച്ചത്. നിയമസഭാ കക്ഷിയിലെ ബഹുഭൂരിപക്ഷം എംഎല്‍എമാരും ഗെഹ്ലോട്ടുമായി ഐക്യം പ്രഖ്യാപിക്കുകയും, പ്രത്യേക യോഗം ചേര്‍ന്ന് ഹൈക്കമാന്റിന്റെ നിര്‍ദേശം തള്ളുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായി. നെഹ്റു കുടുംബത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരിക്കാന്‍ തിടുക്കം കാട്ടിയ പൈലറ്റിനൊപ്പം പത്തില്‍ താഴെ എംഎല്‍എമാര്‍ മാത്രമാണുള്ളത്. യഥാര്‍ത്ഥത്തില്‍ പൊളിഞ്ഞത് ഹൈക്കമാന്റിലെ സോണിയാ ഭക്തര്‍ ഒരുക്കിയ നാടകമാണ്. അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ പേരുപറഞ്ഞ് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് മാറ്റുകയായിരുന്നു തന്ത്രം. ഇതിനായി നെഹ്റു കുടുംബത്തിന്റെ പിന്തുണ ഗെഹ്ലോട്ടിനാണെന്ന പ്രതീതിയും സൃഷ്ടിച്ചു. അതേസമയം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ആരുമില്ലെന്നു ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടുമിരുന്നു. ഗെഹ്ലോട്ടിനെ കളത്തിലിറക്കി മുഖ്യമന്ത്രിസ്ഥാനം രാജിവയ്പ്പിക്കുക. അതിനുശേഷം ഏതെങ്കിലുമൊരു കളിപ്പാവയ്ക്ക് ഔദ്യോഗിക പിന്തുണ നല്കി അദ്ധ്യക്ഷസ്ഥാനത്തെത്തിക്കുക. വളരെ വൈകിയാണെങ്കിലും ഈ തന്ത്രം ഗെഹ്ലോട്ട് തിരിച്ചറിഞ്ഞു. അധികാരം കയ്യിലുള്ളതിനാല്‍ സ്വന്തം പക്ഷത്തെ എംഎല്‍എമാരെ അണിനിരത്തി ഹൈക്കമാന്റിനെ വെല്ലുവിളിച്ചിരിക്കുകയാണ്. ഗെഹ്ലോട്ടിനെ അനുനയിപ്പിക്കാന്‍ സോണിയയുടെ വിശ്വസ്തര്‍ പലരും രാജസ്ഥാനില്‍ വന്നെങ്കിലും അവരെല്ലാം വെറുംകയ്യോടെ മടങ്ങി. ഗെഹ്ലോട്ടിനെപ്പോലുള്ളവര് പഠിപ്പിച്ച കളികളേ ഇവര്‍ക്ക് പുറത്തെടുക്കാനുള്ളൂ. സ്വാഭാവികമായും അതൊന്നും ചെലവാകില്ലല്ലോ.
രാജ്യത്തെ ഒന്നിപ്പിക്കാനെന്ന പേരില്‍ പാര്‍ട്ടിയെ രക്ഷിക്കാന്‍ ഭാരത് ജോഡോ യാത്ര നടത്തുന്നതിനിടെയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ്സും നെഹ്റു കുടുംബത്തെ കൈവിടുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ആവര്‍ത്തിച്ചതോടെ അമ്മയും മകനും ചേര്‍ന്ന് ഒരു കസേരകളി നടത്തിക്കൊണ്ടിരിക്കുകയാണ്. താല്‍ക്കാലിക അധ്യക്ഷയായി ചുമതലയേറ്റ സോണിയ പദവി മറ്റാര്‍ക്കും കൊടുക്കാതെ മകനുവേണ്ടി കാത്തുസൂക്ഷിച്ചുകൊണ്ടിരിക്കുകയാണല്ലോ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുലിനെ അധ്യക്ഷ സ്ഥാനത്തു പ്രതിഷ്ഠിക്കുകയാണ് ലക്ഷ്യം. ഭാരത് ജോഡോ യാത്രക്കിടെ തെരഞ്ഞെടുപ്പ് നടത്തുകയും, രാഹുല്‍ അധ്യക്ഷനാവണമെന്ന് സംസ്ഥാനഘടകങ്ങളെക്കൊണ്ട് പ്രമേയം പാസ്സാക്കിക്കുകയും ചെയ്തത് ഇതിന്റെ ഭാഗമായിരുന്നു. ആരു പറഞ്ഞാലും അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് പറയിപ്പിച്ച് മകന് അധികാരമോഹിയല്ലെന്നു വരുത്തുക. ഒടുവില്‍ രാജ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തിയെന്നു പറഞ്ഞ് അധ്യക്ഷ പദവിയിലെത്തിക്കുക. ഇതായിരുന്നു അജണ്ട. പക്ഷേ ഒന്നും നടക്കാന്‍ പോകുന്നില്ല. ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമിട്ടശേഷം ഗോവയിലെ പാര്‍ട്ടി എംഎല്‍എമാര്‍ ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നു. അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പഞ്ചാബ് ഘടകം വിട്ടുപോയതുപോലെയാണ് രാജസ്ഥാന് ഘടകവും കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. രാഷ്ട്രീയമായും സംഘടനാപരമായും കോണ്‍ഗ്രസ് തകര്‍ന്നിരിക്കുകയാണ്. ഭരണം അവശേഷിച്ചിരുന്ന രണ്ട് സംസ്ഥാനങ്ങളിലൊന്നാണ് രാജസ്ഥാന്. കുടുംബാധിപത്യമാണ് കോണ്‍ഗ്രസ്സിനെ തകര്‍ക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം ഇനിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉണ്ടാവണം. പക്ഷേ ഇതിനുള്ള സാധ്യത തീരെയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: