മൂന്നാര്‍: ഇഡ്ഡലിപ്പാറക്കുടിയില്‍ കുടിവെള്ള ടാങ്ക് നിര്‍മിച്ച് നല്‍കുമെന്ന് സുരേഷ് ഗോപി. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഇടമലക്കുടിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ ജനുവരിയിലാണ് സുരേഷ് ഗോപി മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്ന് ഏഴു ലക്ഷം രൂപ അനുവദിച്ചത്. ഈ തുക ഉപയോഗിച്ച് മൂന്ന് കി.മീ. ദൂരെ നിന്ന് ഇഡ്ഡലിപ്പാറക്കുടിയിലേക്ക് വെള്ളം എത്തിച്ചു.
വെള്ളം ശേഖരിക്കാന്‍ താല്‍ക്കാലിക ടാങ്ക് സജ്ജമാക്കാനായി പ്ലാസ്റ്റിക് പടുതയടക്കമുള്ള സാമഗ്രികളുമായാണ് അദ്ദേഹം എത്തിയത്. ഇഡ്ഡലിപ്പാറക്കുടിയില്‍ കുടിവെള്ള ടാങ്ക് നിര്‍മിച്ച് നല്‍കും ഇതിന് വേണ്ട സാഹചര്യങ്ങളൊരുക്കുന്നതിന് മുന്‍കൈയെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കുടിയിലെത്തിയ സുരേഷ് ഗോപിയെ കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചും കുട്ടികള്‍ പൂക്കള്‍ നല്‍കിയുമാണ് സ്വീകരിച്ചത്. കുടിയുടെ ആചാര പ്രകാരം നൃത്തവും വാദ്യമേളങ്ങളും ഒരുക്കിയിരുന്നു. യോഗത്തില്‍ മൂപ്പന്മാരെ ഷാളണിച്ച് സുരേഷ് ഗോപി ആദരിച്ചു. ഇഡ്ഡലിപ്പാറക്കുടിയിലെ ശോച്യാവസ്ഥ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. കുടിയിലുള്ളവര്ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്. ഇടമലക്കുടിയിലേക്കുള്ള യാത്രക്കിടെ പെട്ടിമുടിയിലെത്തിയ സുരേഷ് ഗോപി ഉരുള്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്കരിച്ച സ്ഥലത്ത് പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, മേഖല പ്രസിഡന്റ് എന്‍. ഹരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വി.എന്‍. സുരേഷ്, വി.എസ്. രതീഷ്, മണ്ഡലം പ്രസിഡന്റ് അളകരാജ്, പി.പി. മുരുകന്, സ്കന്ദകുമാര്‍, സി. സന്തോഷ്കുമാര്‍, സോജന് ജോസഫ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: