ഗുരുവായൂര്‍: ഗുരുവായൂരില്‍ മേല്‍ശാന്തി പദവിയിലെത്തിയ ഡോ. കിരണ്‍ ആനന്ദ് പല കഴിവുകള്‍ ഒത്തുചേര്‍ന്ന സകലകലാവല്ലഭനായ ഒരു പ്രതിഭയാണ്. ആയുര്‍വ്വേദ ഡോക്ടര്‍ കൂടിയായ ഇദ്ദേഹം നല്ലൊരു ഗായകനാണെന്ന് മാത്രമല്ല, ഈ അടുത്ത കാലത്ത് വരെ റഷ്യയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം റഷ്യയിലെ വിവിധ സ്ഥലങ്ങള്‍ റഷ്യ കാണാത്തവര്‍ക്ക് വീഡിയോയിലൂടെ പരിചയപ്പെടുത്തിയിരുന്ന വ്ളോഗര്‍ കൂടിയാണ്. നല്ലൊരു സാഹിത്യ നിരൂപകന് കൂടിയാണ്.
എല്ലാ ദൗത്യങ്ങളിലും ഡോ.കിരണിനൊപ്പം നിഴല്‍പോലെ ഭാര്യ ആയുര്‍വേദഡോക്ടര്‍ കൂടിയായ മാനസിയുമുണ്ട്. ദീര്‍ഘകാലം റഷ്യയില്‍ ആയുര്‍വേദ ഡോക്ടറായിരുന്നു ഡോ. കിരണ്‍. കോയമ്പത്തൂര്‍ ആര്യവൈദ്യഫാര്‍മസിയില്‍ നിന്നാണ് കിരണ്‍ ആയുര്‍വേദ പഠനം പൂര്‍ത്തിയാക്കി ഡോക്ടറാവുന്നത്. ധാത്രി ആയുര്‍വേദത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ശേഷം ആയുര്‍വേദ ഡോക്ടറായി പ്രവര്‍ത്തിക്കാന്‍ 2015ല്‍ മോസ്കോയിലേക്ക് പോയി. ഭാര്യയും കിരണിനൊപ്പം ഡോക്ടറായി പ്രവര്‍ത്തിച്ചിരുന്നു. അവിടെ വെച്ചാണ് റഷ്യയിലെ വിവിധ സ്ഥലങ്ങള്‍ പരിചയപ്പെടുത്താന്‍ വ്ളോഗിംഗ് തുടങ്ങിയത്.
കര്‍ണ്ണാടക സംഗീതത്തിലെ വിവിധ രാഗങ്ങള്‍ പരിചയപ്പെടുത്താന്‍ രാഗാ ജേര്‍ണി (രാഗങ്ങളിലൂടെയുള്ള യാത്ര) അവതരിപ്പിച്ചിട്ടുണ്ട്. കീര്‍ത്തനങ്ങള്‍ പാടുന്നതിന് പുറമെ ഇരുവരും ഒട്ടേറെ ലളിതഗാനങ്ങളും ആലപിച്ചിട്ടുണ്ട്. ഇതെല്ലാം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നാട്ടില്‍ എത്തിയിട്ട് നാല് മാസമേ ആയുള്ളൂ.
“ആദ്യമായി മേല്‍ശാന്തിക്ക് നറുക്കെടുപ്പിന് കൊടുത്തു. എല്ലാവരുടേയും…അച്ഛനമ്മമാരുടെയും ഈശ്വരന്മാരുടെയും ഒക്കെ അനുഗ്രഹം കൊണ്ട് അതിന് കിട്ടി. ഇനി അത് ഐശ്വര്യമായി പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ എന്ന ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ.” – ഭാര്യ ഡോ.മാനസി പറയുന്നു. സെപ്തംബര്‍ 30ന് രാത്രിയോടെയാണ് ഗുരുവായൂര്‍ മേല്‍ശാന്തിയായി ഡോ. കിരണ്‍ ചുമതലയേല്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: