കൊച്ചി: കലൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതികളിൽ ഒരാളായ അഭിഷേക് ജോണാണ് പിടിയിലായത്. തിരുവനന്തപുരം അമ്പൂരി സ്വദേശിയാണ് ഇയാൾ. കൊല്ലപ്പെട്ട രാജേഷിനെയും സഹപ്രവർത്തകരെയും ആക്രമിച്ച രണ്ട് പേരിൽ ഒരാളാണ് ഇയാൾ. കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ ഇന്ന് രാവിലെ പിടിയിലായിരുന്നു.
അഭിഷേകിന്റെ കൂട്ടാളിയായ കാസർകോട് സ്വദേശി മുഹമ്മദാണ് കേസിൽ ഒന്നാം പ്രതി. ഇയാൾ ഇപ്പോഴും ഒളിവിലാണ്. രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും കൊച്ചി സിറ്റി പോലീസ് ഡിസിപി എസ് ശശിധരൻ വ്യക്തമാക്കി. ഒന്നര മാസത്തിനുള്ളിൽ കൊച്ചി നഗരമധ്യത്തിൽ നടന്ന ആറാമത്തെ കൊലപാതകമായിരുന്നു ഇത്. എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കലൂരിൽ നടന്ന ഗാനമേളയ്ക്കിടയിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കലൂർ സ്റ്റേഡിയത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയും ലേസർ ഷോയുമുണ്ടായിരുന്നു. ഈ ലേസർ ഷോയിലെ ലൈറ്റ് ഓപ്പറേറ്ററായിരുന്നു കൊല്ലപ്പെട്ട രാജേഷ്. ഗാനമേളയ്ക്കിടെ, അഭിഷേക് ജോണും മുഹമ്മദും പരിപാടി കാണാനെത്തിയ പെൺകുട്ടിയോട് അപമര്യാദമായായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് സംഘടകർ ചോദ്യം ചെയ്തു.
രാജേഷ് അടക്കമുള്ളവർ ചേർന്ന് പ്രശ്നമുണ്ടാക്കിയ രണ്ട് പേരെയും ഗാനമേള കാണുന്നത് വിലക്കി. ഇതിൽ അമർഷം പൂണ്ട പ്രതികൾ പരിപാടി കഴിഞ്ഞ ശേഷം തിരിച്ചെത്തി സംഘാടകരെ ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: