കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ 385.4 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ ആദ്യപടിയായി ചിന്നക്കടയിലെ ഒഴിഞ്ഞുകിടക്കുന്ന റെയില്‍വേ ഭൂമിയില്‍ കെട്ടിടം നിര്‍മിക്കും. കൊല്ലം-ചെങ്കോട്ട പാത തുടങ്ങിയ കാലത്ത് നിര്‍മിച്ച സ്റ്റേഷനിലെ പഴയകെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ ഇവിടെയുള്ള ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് കെട്ടിടം നിര്‍മിക്കുന്നത്. ഇതിനായി ജെസിബി ഉപയോഗിച്ച് സ്ഥലം ഒരുക്കുന്ന നിര്‍മാണജോലികള്‍ തുടങ്ങി.
കുന്നുകൂടിയ മാലിന്യങ്ങള്‍ മണ്ണിട്ട് മൂടുകയും കുറ്റിക്കാടും പാഴ്വൃക്ഷങ്ങളും നീക്കംചെയ്യുന്ന ജോലികളാണ് കരാര്‍ക്കമ്പനി ആരംഭിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൊല്ലം സ്റ്റേഷനെ മാറ്റുമെന്നാണ് റെയില്‍വേയുടെ പ്രഖ്യാപനം. ഇതിനായി റെയില്‍വേ ഫണ്ട് ഉപയോഗിച്ച് 30,000 ചതുരശ്രയടിയിലാണ് കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്. കെട്ടിടസമുച്ചയങ്ങള്‍ നിര്‍മിച്ചാണ് തെക്കുവശത്തും വടക്കുവശത്തും ടെര്‍മിനല്‍ സ്ഥാപിക്കുന്നത്. ഇതില്‍ 110 മീറ്റര്‍ നീളത്തിലും 36 മീറ്റര്‍ വീതിയിലുമായി ശീതീകരിച്ച റൂഫ് പ്ലാസ ഒരുക്കും.
സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് ഇറങ്ങുന്നതും പ്രത്യേകം കവാടത്തിലൂടെയാകും. പ്ലാറ്റ്ഫോമുകള്‍ക്ക് അത്യാധുനിക മേല്‍ക്കൂര, റിസര്‍വേഷന്‍, ഭരണനിര്‍വഹണം എന്നിവയ്ക്ക് പ്രത്യേക കെട്ടിടം, ചരക്കുനീക്കത്തിന് പ്രത്യേകമായി ട്രോളിയും എസ്കലേറ്ററും, മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സൗകര്യം, ആധുനിക സുരക്ഷാസംവിധാനം, സിസിടിവി, അഗ്നിരക്ഷാ സാങ്കേതിക സംവിധാനം, ലൈറ്റിങ് ആന്‍ഡ് വെന്റിലേഷന് സൗകര്യം, ഇരിപ്പിടം എന്നിവയും ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: