ന്യൂദല്‍ഹി : രാജ്യത്ത് കലാപത്തിനും വര്‍ഗീയ ലഹളയ്ക്കുമായി പോപ്പുലര്‍ ഫ്രണ്ടിന് പാക്കിസ്ഥാനില്‍ നിന്നടക്കം സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചതായി എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച് ക്രമസമാധാനം താറുമാറാക്കാനും പിഎഫ്ഐ ശ്രമം നടത്തി. ഇതിനായി സര്‍ക്കാര്‍ നയങ്ങളെ തെറ്റായി വ്യഖ്യാനിച്ച് പ്രത്യേക തരം ആളുകളിലേക്ക് എത്തിച്ചു.
അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരവാദ സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ട് ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളെ കൂടാതെ ബംഗ്ലാദേശ്, പാക്കിസ്ഥാന്, തുര്‍ക്കി തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങള്‍ വഴിയും പിഎഫ്ഐക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഭീകരസംഘടനകളായ ലഷ്കര്‍- ഇ- ത്വയ്ബ, ഐഎസ്, അല്‍ഖ്വയ്ദ എന്നീ സംഘടനകളുടെ ഭാഗമാകാന്‍ പിഎഫ്ഐ യുവാക്കളെ നിര്‍ബന്ധിച്ചിരുന്നു. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി വിവിധയിടങ്ങളില്‍ പരിശീലന ക്യാമ്പുകളും ഇവര്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ പിഎഫ്ഐ നേതാക്കളാണ് കൂടുതലും യുവാക്കളെ പ്രേരിപ്പിച്ചിരുന്നതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ ആശയ വിനിമയം നടത്തിയിരുന്നത്.
ബംഗ്ലാദേശ് അതിര്‍ത്തി കടന്നെത്തിയ നിരവധി ഭീകരര്‍ രാജ്യത്തിനകത്ത് തമ്പടിച്ചിട്ടുണ്ട്. വിദേശ ഭീകരവാദികള്‍ക്ക് താമസവും സംരക്ഷണവും നല്‍കുന്നതിനായി പിഎഫ്ഐക്കുള്ളില്‍ പ്രത്യേക വിഭാഗം രൂപീകരിച്ചിരുന്നു. മത സ്ഥാപനങ്ങളുടെ മറവു പറ്റിയാണ് പിഎഫ്ഐ അഭയം നല്‍കുന്നത്. പിഎഫ്ഐ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ പ്രതികള്‍ ശ്രമം നടത്തിയിരുന്നു. പൊതു സമാധാനം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയ ശത്രുത സൃഷ്ടിക്കാനും കേരളത്തിലെ പിഎഫ്ഐ നേതാക്കളും പ്രവര്‍ത്തകരും ശ്രമിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. സമൂഹത്തില്‍ കലാപം സൃഷ്ടിക്കുകയാണ് പിഎഫ്ഐയുടെ ലക്ഷ്യമെന്നതും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: