ലണ്ടന്‍: ഒരു പരാജയത്തിന്റെ നിരാശാ കാര്‍മേഘം വന്നു മൂടിത്തുടങ്ങിയിരുന്നു ലണ്ടനിലെ ഒ2 അരീനയുടെ ആകാശത്ത്. ലേവര്‍ കപ്പ് ടെന്നീസിന്റെ ഡബിള്‍സില്‍ ടീം യൂറോപ്പിനായി ഇറങ്ങി പരാജയപ്പെട്ട റോജര്‍ ഫെഡററും റാഫേല്‍ നദാലും സൈഡ് ബെഞ്ചില്‍ വന്നിരുന്നു. ഒരു വിടവാങ്ങല്‍ ഗാനം മെല്ലെ മുഴങ്ങിത്തുടങ്ങി. രണ്ടു പതിറ്റാണ്ടിന്റെ ടെന്നീസ് ജീവിതത്തില്‍ നിന്നു വിടപറയുന്ന ഫെഡററുടെ അവസാനത്തെ മത്സരമാണ് കഴിഞ്ഞത്. അവസാനത്തെ തോല്‍വിയും.
ടീമംഗങ്ങളില്‍ ഓരോരുത്തരെയായി ആലിംഗനം ചെയ്യുമ്പോഴേക്ക് ഫെഡറര്‍ കരഞ്ഞു തുടങ്ങിയിരുന്നു. എത്രയോ തവണ വിജയങ്ങളില്‍ ഹൃദയം നിറഞ്ഞപ്പോഴും പരാജയങ്ങളിള്‍ ഹൃദയം നൊന്തപ്പോഴും ഫെഡറര്‍ കണ്ണീരണിഞ്ഞിട്ടുണ്ട്. പക്ഷേ, വെള്ളിയാഴ്ച രാത്രി ഒ2 അരീനയിലെ സൈഡ് ബെഞ്ചിലിരുന്ന് ഫെഡറര്‍ വിതുമ്പിക്കരഞ്ഞത് കളംവിടുന്നതിന്റെ വേദനയിലാണ്.
ഫെഡററുടെ കൈ ചേര്‍ത്തു പിടിച്ച് അതിനേക്കാള്‍ വേദനയോടെ തൊട്ടടുത്തിരുന്ന് റാഫേല്‍ നദാല്‍ പൊട്ടിക്കരഞ്ഞത് കായിക ലോകത്തെ ഏറ്റവും വിഖ്യാതമായ എതിരാളീ സൗഹൃദത്തിന്റെ നൊമ്പരപ്പെടുത്തുന്ന, അത്രമേല്‍ മനോഹരമായ കാഴ്ചയായി. എത്രയോ കടുത്ത പോരാട്ടങ്ങള്‍, വിജയങ്ങള്‍, പാരാജയങ്ങള്‍… എന്നിട്ടും സ്വിസ് താരം റോജര്‍ ഫെഡററും സ്പാനിഷ് താരം റാഫേല്‍ നദാലും കായിക ലോകത്തെ ഏറ്റവും ആഴത്തിലുള്ള സുഹൃദ്ബന്ധം നിലനിര്‍ത്തി. നദാല്‍ കരച്ചിലടക്കാന്‍ പാടുപെട്ടു. ഫെഡററും നദാലും ചേര്‍ന്നിരുന്നു കരയുന്നത് കണ്ട് ലോകമാകെ വേദനയിലാണ്ടു. ഒ2 അരീനയാകെ ഫെദാല്‍… ഫെദാല്‍… ആര്‍ത്തിരമ്പി…
ഏറ്റവും ഉജ്വലമായ സൗഹൃദത്തിന്റെ തീര്ഥശോഭയായി ഈ കണ്ണീര് ലോകം ആഘോഷിച്ചു. ഇതാ പ്രപഞ്ച കായിക ചരിത്രത്തിലെ ഏറ്റവും മനോഹരമായ ദൃശ്യമെന്ന് ഇതിനെ വിശേഷിപ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്ലി അടക്കം എത്രയോ പേര് സോഷ്യല്‍ മീഡിയില്‍ ഈ ചിത്രം പങ്കുവച്ചു. എതിരാളികള്‍ക്ക് ഇങ്ങനെയാവാമെന്ന് ഇന്നോളം ആരെങ്കിലും കരുതിയോ? ഇവരോട് മറ്റൊന്നുമില്ല, ആദരവു മാത്രം, കോഹ്ലി കുറിച്ചു.
അവസാനത്തെ മത്സരത്തില്‍ വേള്‍ഡ് ടീമിലെ ഫ്രാന്‍സെസ് ടിയാഫോ-ജാക് സ്റ്റോക്ക് സഖ്യം ഫെഡറര്‍-നദാല്‍ കൂട്ടുകെട്ടിനെ 6-4, 6-7, 11-9ന് പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: