പാലക്കാട് : ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് പറമ്പിക്കുളം ഡാമിന്റെ മൂന്ന് ഷട്ടറുകളില്‍ ഒന്ന് തനിയേ ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് ഒഴുകുന്ന ജലത്തിന്റെ അളവ് കൂടി. മൂന്ന് ഷട്ടറുകളും 10സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി വച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് ഷട്ടര്‍ തകരാറിലായത്. ഇതോടെ ഒഴികുന്ന ജലത്തിന്റെ അളവ് വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ പറമ്പിക്കുളം ആദിവാസി മേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി.
തകരാറിലായി മുകളിലേക്ക് ഉയര്‍ന്ന ഷട്ടര്‍ താഴ്ത്താന്‍ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് വിലയിരുത്തല്‍. അത്രയും സമയം വെള്ളം ഒഴുകാനണ് സാധ്യത. സാധാരണ 10 സെന്റീമീറ്റര്‍മാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തില്‍ പൊന്തിപ്പോയത്. അപ്രതീക്ഷിതമായി വെള്ളം ഒഴുകുന്നത് ഭീഷണിയാണ്. അഞ്ചുമണിക്കൂര്‍കൊണ്ട് വെള്ളം ജനവാസമേഖലകളിലേക്ക് എത്തുമെന്നാണ് സൂചന. അതിനാല്‍ മുന്നൊരുക്കമെന്ന നിലയിലാണ് പറമ്പിക്കുളം മേഖലയിലെ രണ്ട് കോളനിയിലുളളവരെ മാറ്റിപാര്‍പ്പിച്ചത്. അഞ്ചാം കോളനിയിലെ 18 കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്. കുരിയാര്‍കുറ്റി താഴെ കോളനിയിലുള്ളവരെയും മാറ്റി.
ബുധനാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് മൂന്നുഷട്ടറുകളിലൊന്ന് തനിയെ തുറന്നത്. സെക്കന്‍ഡില്‍ 15,000 മുതല്‍ 20,000 വരെ ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഷട്ടര്‍ ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് പില്ലര്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറന്നതെന്നാണ് വിവരം. 25 അടി നീളമുള്ള ഷട്ടറാണ് പൂര്‍ണമായും പൊങ്ങിയത്. സാധാരണ 10 സെന്റീമീറ്റര്‍മാത്രം തുറക്കാറുള്ള ഷട്ടറാണ് ഇത്രയും ഉയരത്തില്‍ പൊന്തിപ്പോയത്.
അപ്രതീക്ഷിതയെത്തുന്ന വെള്ളം ആദ്യം പെരിങ്ങല്‍ക്കുത്ത് ഡാമിലും തുടര്‍ന്ന് ചാലക്കുടിപ്പുഴയിലേക്കുമെത്തും. നിശ്ചിത അളവില്‍ക്കൂടുതല്‍ വെള്ളമെത്തുന്നത് ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ചാലക്കുടിപ്പുഴയില്‍ വന്‍തോതില്‍ വെള്ളമുയര്‍ന്നാല്‍ അപകടങ്ങള്‍ക്ക് കാരണമാകും.
സംഭവത്തില്‍ തൃശൂര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനും ചിറ്റൂര്‍ തഹസില്‍ദാര്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഷട്ടര്‍ തകരാര്‍ പെട്ടെന്ന് പരിഹരിക്കാന്‍ തമിഴ്നാട് ശ്രമിക്കുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: