ഡോ. രാജഗോപാല്‍ പി.കെ. അഷ്ടമുടി
കേരളത്തിലെ മുഖ്യമന്ത്രി അടക്കം ഇടതുപക്ഷ മുന്നണി ഒന്നാകെ ഗവര്‍ണ്ണര്‍ക്കെതിരെ രംഗത്തു വന്നുകഴിഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നത് ഗവര്‍ണ്ണര്‍ പദവി തന്നെ ഇല്ലാതാക്കണം എന്നതാണ്. തുടര്‍ച്ചയായി ഭരണഘടനയ്ക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെയും ഇക്കൂട്ടര്‍ നടത്തുന്ന പ്രചരണം കണ്ടില്ലെന്നു നടിക്കാനാകില്ല. ഭരണഘടന മഹത്തരമാക്കുന്ന സോഷ്യലിസം, മതേതരത്വം തുടങ്ങിയ ആദര്‍ശങ്ങളെ കുന്തവും കുടചക്രവും എന്ന് വിശേഷിപ്പിക്കാന്‍ പോലും ഇക്കൂട്ടര്‍ തയ്യാറായി എന്നതും ശ്രദ്ധേയമാണ്. കാശ്മീര്‍ വിഷയത്തില്‍ രാജ്യദ്രോഹ പരാമര്‍ശം നടത്തിയവര്‍ എല്‍ഡിഎഫിന്റെ ഭാഗമാണ് എന്നോര്‍ക്കണം. ഗവര്‍ണ്ണര്‍ ഭരണഘടനാ പദവിയാണ് എന്ന് ഇവര്‍ മനഃപൂര്‍വം മൂടിവെച്ചു അദ്ദേഹത്തെ ആക്രമിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നു. രാജ്ഭവനെ പോലും കടന്നാക്രമിക്കാന്‍ ഇവര്‍ പ്രസ്താവനകളുമായി രംഗത്തു വന്നു കഴിഞ്ഞു.
കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണ്ണര്‍ക്കെതിരെ നടത്തിയ ആക്രമണം നാം കണ്ടതാണ്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് വിലക്കാന്‍ ഇടതു ചരിത്രകാരന് നടത്തിയ ശ്രമത്തെ എന്താണ് വിശേഷിപ്പിക്കേണ്ടത്. അഭിപ്രായസ്വാതന്ത്ര്യവും സഹിഷ്ണുതയുമൊക്കെ എവിടെ പോയി. ചരിത്ര കോണ്‍ഗ്രസ് എന്നത് ആരുടെയെങ്കിലും കുത്തകയാണ് എന്ന് കരുതാന്‍ പ്രയാസമാണ്. ഇത്തരത്തില്‍ കേരള ഗവര്‍ണ്ണര്‍ക്കെതിരെ നടക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കുവാന്‍ ജനാധിപത്യ വിശ്വാസികള്‍ മുന്നോട്ടുവരേണ്ടിയിരിക്കുന്നു.
മഹത്തായ സ്ഥാപനം
നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പദവിക്ക് വലിയ പ്രാധാന്യമുണ്ട്. നമ്മുടെ ജനാധിപത്യം അഭിമാനിക്കുന്ന ചെക്ക് ആന്‍ഡ് ബാലന്‍സ് സംവിധാനത്തില്‍ സുപ്രധാന ഭാഗങ്ങളിലൊന്നായി ഗവര്‍ണ്ണര്‍ പദവി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവര്‍ണര്‍മാര്‍ക്കും ലഫ്റ്റനന്റ്ഗവര്‍ണര്‍മാര്‍ക്കും നല്‍കിയിട്ടുള്ള അധികാരങ്ങളും പ്രവര്‍ത്തനങ്ങളും യൂണിയന് തലത്തിലുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്വഭാവത്തിന് സമാനമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തലവന് എന്ന നിലയില്‍ അതിന്റെ എല്ലാ എക്സിക്യൂട്ടീവ് നടപടികളും ഗവര്‍ണറുടെ പേരിലാണ് നടക്കുന്നത്. ഇന്ത്യയുടെ രാഷ്ട്രപതി ‘തിരഞ്ഞെടുക്കപ്പെടുമ്പോള്‍’, ഗവര്‍ണറെ നിലവിലുള്ള കേന്ദ്ര ഗവണ്മെന്റ് നിര്‍ബന്ധിത പ്രക്രിയകളിലൂടെ തിരഞ്ഞെടുക്കുന്നു.
ഗവര്‍ണ്ണറുടെ ഓഫീസിന്റെ ചരിത്രം
ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലേക്ക് വന്നപ്പോഴാണ് ‘ഗവര്‍ണര്‍’ എന്ന വാക്കും പദവിയുമുണ്ടായത്. 1509ല്‍ ഗവര്‍ണറും ക്യാപ്റ്റന്‍ ജനറലും ആയിരുന്ന പോര്‍ച്ചുഗീസ് ‘അഫോണ്‍സോ ഡി അല്‍ബുക്കര്‍ക്ക’ എന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയതാണത്. കൂടാതെ, എലിസബത്ത് രാജ്ഞി 1601ലെ ചാര്‍ട്ടര്‍ പുറപ്പെടുവിച്ചതോടെ, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന് ആവശ്യമായ നിയമങ്ങളും ഉത്തരവുകളും ഓര്‍ഡിനന്‍സുകളും നിര്‍മ്മിക്കാനും ഉത്തരവിടാനും രൂപീകരിക്കാനുമുള്ള നിയമനിര്‍മ്മാണ അധികാരങ്ങള്‍ ഗവര്‍ണര്‍ക്ക് നല്കി.
ബ്രിട്ടീഷ് പാര്‍ലമെന്റ് 1858ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റ് വഴി ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ബ്രിട്ടീഷ് കിരീടത്തിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെട്ടതോടെ, ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാനും ഏത് ബില്ലും വീറ്റോ ചെയ്യാനും ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലിന് അധികാരം ലഭിച്ചു. 1935ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവില്‍ വന്നതിനു ശേഷവും ഗവര്‍ണര്‍ ജനറലിന്റെ നിയമനിര്‍മ്മാണത്തിന് മേലുള്ള അധികാരങ്ങള്‍ തുടര്‍ന്നു. ഒരു പ്രവിശ്യയുടെ ഗവര്‍ണര്‍ക്ക് മൂന്നുതരം അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്: 1. വിവേചനാധികാരം 2. അദ്ദേഹത്തിന്റെ വ്യക്തിഗത വിധിയില്‍ പ്രയോഗിക്കുന്ന അധികാരങ്ങള്‍, 3. മന്ത്രിമാരുടെ ഉപദേശപ്രകാരം വിനിയോഗിക്കേണ്ട അധികാരങ്ങള്‍.
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്റ്റ്, 1947 നിലവില്‍ വന്നതോടെ, ഇന്ത്യ രണ്ട് സ്വതന്ത്ര ആധിപത്യങ്ങളായി വിഭജിക്കപ്പെട്ടു. രണ്ട് ഡൊമിനിയനുകളിലും ഓരോ ഗവര്‍ണര്‍ ജനറല്‍ ഉണ്ടായിരിക്കണം, അവരെ ഇംഗ്ലണ്ട് രാജാവ് തന്റെ പ്രതിനിധിയായി നിയമിക്കും. യഥാര്‍ത്ഥത്തില്‍, ഭരണഘടനാ അസംബ്ലിയുടെ പ്രവിശ്യാ ഭരണഘടനാ കമ്മിറ്റി ഗവര്‍ണറെ സംസ്ഥാനത്തെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. അതിന് പക്ഷേ സമ്മതം ലഭിച്ചില്ല.
തെരഞ്ഞെടുക്കപ്പെടുന്ന ഗവര്‍ണര്‍ എന്ന നിര്‍ദ്ദേശം വിമര്‍ശിക്കപ്പെട്ടത്, ഗവര്‍ണറും മുഖ്യമന്ത്രിയും എന്നിങ്ങനെ രണ്ട് വ്യക്തികള്‍ സര്‍ക്കാരില്‍ ഉള്ളത്, ഓരോരുത്തരും ഉത്തരവിറക്കുന്നത് സംഘര്‍ഷത്തിന് കാരണമായേക്കാം എന്ന നിലയിലാണ്. ഭരണഘടന രൂപീകരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമ്പോള്‍, ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്ന ‘പ്രത്യേക അധികാരങ്ങള്‍’ അദ്ദേഹവും മന്ത്രാലയവും തമ്മില്‍ ഭിന്നത സൃഷ്ടിക്കില്ലെന്ന് വ്യക്തമാക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ശ്രമിച്ചു. മന്ത്രിമാരുടെ ഉത്തരവാദിത്ത മേഖലയില്‍ ഒരു അധിനിവേശവും ഉണ്ടാകില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘സമാധാനത്തിനു ഭീഷണിയുയര്‍ത്തുന്ന ഗുരുതരമായ അടിയന്തരാവസ്ഥ’ ഉണ്ടാകുമ്പോള്‍ ‘പ്രത്യേക അധികാരങ്ങള്‍’ പ്രാഥമികമായി യൂണിയന് പ്രസിഡന്റിന് ഒരു റിപ്പോര്‍ട്ട് അയയ്ക്കുന്നതില്‍ പരിമിതപ്പെടുത്തും. വിദ്യാഭ്യാസപരമായ പശ്ചാത്തലത്തില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളെ പൊതു സേവന മേഖലയിലേക്ക് കൊണ്ടുവരാന്‍ ഗവര്‍ണര്‍ പദവി പ്രയോജനപ്പെടുത്താമെന്ന് ജവഹര്‍ലാല്‍ നെഹ്റു ഊന്നിപ്പറഞ്ഞിരുന്നു.
വിദ്യാഭ്യാസ സംരക്ഷണം അനിവാര്യം
കേരളത്തില്‍ ഗവര്‍ണ്ണര്‍ക്കെതിരെ നടക്കുന്ന നീക്കം രാഷ്ട്രീയപരമാണ്. കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്ന ജനാധിപത്യവിരുദ്ധ നടപടികളെയാണ് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണ്ണര്‍ എതിര്‍ക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന അധ്യാപക നിയമന പ്രക്രിയയില്‍ ക്രമവിരുദ്ധത കണ്ടെത്തിയത് ഗവര്‍ണ്ണര്‍ അല്ല. ഹൈക്കോടതി പരാമര്‍ശം വരെ ഈ വിഷയത്തില്‍ വന്നു കഴിഞ്ഞു. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നടന്ന നിയമനം അടുത്തിടെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂല മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ ശ്രമം ഉണ്ടായാല്‍ അതിനെ സ്വാഗതം ചെയ്യാന്‍ ഗവര്‍ണ്ണര്‍ തയ്യാറാകും എന്നതില്‍ രണ്ടഭിപ്രായം ഉണ്ടാകില്ല. എന്നാല്‍ സര്‍വകലാശാലകളെ വരുതിയിലാക്കി ഇഷ്ടക്കാരെ നിയമിക്കാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കേണ്ടി വരും. അതാണ് ജനാധിപത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: