തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉന്നയിച്ച വിഷയങ്ങളോട് മറുപടി പറയുന്നതിന് പകരം അദ്ദേഹത്തിനെ അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഗവര്‍ണറല്ല മുഖ്യമന്ത്രിയാണ് അതിരുവിടുന്നതെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഗവര്‍ണര്‍ക്കെതിരെ നടന്ന അതിക്രമത്തിന്റെ അന്വേഷണം എവിടെയെത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഗവര്‍ണര്‍ക്കെതിരെ നടന്ന ഗൂഢാലോചന സര്‍ക്കാര്‍ അന്വേഷിച്ചില്ല. ഗവര്‍ണര്‍ അക്രമിക്കപ്പെടട്ടേ എന്നാണ് മുഖ്യമന്ത്രി കരുതിയതെന്ന് സംശയിക്കേണ്ടി വരും. ഗവര്‍ണറോട് നീചമായ സമീപനമാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നതെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അനധികൃതമായാണ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. മാര്‍ക്ക് കുറഞ്ഞയാള്‍ക്ക് മാര്‍ക്ക് കൂട്ടി നല്‍കിയാണ് സര്‍വ്വകലാശാല അധികൃതര്‍ ചട്ടലംഘനം നടത്തിയത്. മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയുള്ള അനധികൃത നിയമനം ഗവര്‍ണര്‍ ചോദ്യം ചെയ്തതാണ് മുഖ്യമന്ത്രിക്ക് ഹാലിളകാന് കാരണം. യോഗ്യതയില്ലാത്തയാളെ നിയമിക്കാന്‍ ശ്രമിച്ചത് യൂണിവേഴ്സിറ്റി അധികൃതരും സര്‍ക്കാരുമാണ്. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമാണ്. ഗവര്‍ണറെ ഭീഷണിപ്പെടുത്തി നാവടപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ല. ഗവര്‍ണര്‍ക്കൊപ്പം കേരളത്തിലെ ജനങ്ങളുണ്ടെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: