റോഡിലെ കുഴികളില്‍ വീണ് ആളുകള്‍ മരിക്കുന്നത് തുടര്‍ക്കഥയാവുകയാണ്. ആലുവ-പെരുമ്പാവൂര്‍ റോഡിലെ മാറമ്പിള്ളി എന്ന സ്ഥലത്ത് കുഴിയില്‍ വീണ് പരിക്കേറ്റ് ആശുപത്രിയിലായിരുന്നയാള്‍ കഴിഞ്ഞ ദിവസം മരിച്ചത് ഒടുവിലത്തെ സംഭവമായിരിക്കില്ല. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം തകര്‍ന്നുകിടക്കുന്ന റോഡുകള്‍ വാഹനാപകടങ്ങള്‍ക്കിടയാക്കുകയും, നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുകയാണ്. ആയുസ്സിന്റെ ബലം ഒന്നുകൊണ്ടുമാത്രമാണ് ഇവരില്‍ പലരും ജീവിച്ചിരിക്കുന്നത്. മഴക്കാലമായതോടെ റോഡിലെ കുഴികള്‍ വലിയ ചര്‍ച്ചാവിഷയമായതാണ്. വലിയ ജനരോഷം ക്ഷണിച്ചുവരുത്തുകയും ചെയ്തു. കോടതികളുടെ ഇടപെടലുമുണ്ടായി. പശ ഒട്ടിച്ചാണോ റോഡുകള്‍ നിര്‍മിക്കുന്നതെന്നും, റോഡുകള്‍ തകരുന്നതിന്റെ ഉത്തരവാദികള്‍ എഞ്ചിനീയര്‍മാരാണെന്നും കൊച്ചി കോര്‍പ്പറേഷനിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരായ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി പറയുകയുണ്ടായി. വാഹനങ്ങള്‍ക്കെന്നല്ല, കാല്‍നടക്കാര്‍ക്കുപോലും റോഡിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൊതുമരാമത്ത് വകുപ്പിന് രൂക്ഷവിമര്‍ശനമാണ് കോടതിയില്‍നിന്നുണ്ടായത്. ഇതിനെത്തുടര്‍ന്ന് ഗുണനിലവാരമില്ലാത്ത റോഡുകള്‍ നിര്‍മിക്കുന്ന കരാറുകാര്‍ക്കെതിരെ കേസെടുക്കുമെന്നും, നിര്‍മാണം പൂര്‍ത്തിയായി ആറുമാസത്തിനകം റോഡു പൊളിഞ്ഞാല്‍ കരാറുകാരെയും എഞ്ചിനീയര്‍മാരെയും പ്രതികളാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് പ്രഖ്യാപിക്കുകയുണ്ടായി. ഒന്നും സംഭവിച്ചില്ല എന്നതാണ് അനുഭവം. ഇതിനുശേഷവും റോഡിലെ കുഴികള്‍ കൂടുകയാണുണ്ടായത്.
റോഡിലെ മരണക്കുഴികളില്‍ വീണ് മനുഷ്യജീവനുകള്‍ പൊലിയുന്നതില്‍ സര്‍ക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ യാതൊരു മനസ്താപവുമില്ല എന്നതാണ് സത്യം. കുഴികളുള്ളത് ദേശീയപാതയിലാണെന്നും, അത് അടയ്ക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണെന്നുമായിരുന്നു കുറെക്കാലം വകുപ്പ് മന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. റോഡ് നിര്‍മാണത്തിലെ പിഴവുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടിയെടുക്കുമെന്നു പറയുമ്പോള്‍തന്നെ കാലാവസ്ഥ, മഴ തുടങ്ങിയ പ്രശ്നങ്ങളാല്‍ റോഡ് തകര്‍ന്നാല്‍ നടപടിയുണ്ടാവില്ലത്രേ. ഇത് കുറ്റക്കാരെ രക്ഷിക്കാനുള്ള പഴുതാണെന്ന് ആര്‍ക്കും മനസ്സിലാവും. നിര്‍മാണം പൂര്‍ത്തിയായി ആറു മാസത്തിനുള്ളില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്നു പറയുന്ന ഉത്തരവിന് യാതൊരു വിലയുമില്ലെന്നതാണ് വാസ്തവം. പത്തുലക്ഷം രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയ ആലുവ-പെരുമ്പാവൂര്‍ റോഡിലാണ് ദിവസങ്ങള്‍ക്കകം കുഴികള്‍ രൂപപ്പെട്ടത്. ഇതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയുണ്ടാകാന്‍ പോകുന്നില്ല. മാറമ്പിള്ളിയില്‍ ഒരാള്‍ മരിക്കാനിടയായത് റോഡിലെ കുഴിയില്‍ വീണതുകൊണ്ടല്ല, പ്രമേഹമുള്ളതുകൊണ്ടാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഇത് കോടതി ചൂണ്ടിക്കാണിച്ചതുപോലെ മരിച്ചവരെ അപമാനിക്കുക മാത്രമല്ല ഉത്തരവാദികളെ രക്ഷിക്കാന്‍ ശ്രമിക്കുകയുമാണ്. കിഴക്കമ്പലത്ത് ദീപു എന്ന ദളിത് യുവാവ് അക്രമത്തില്‍ കൊല്ലപ്പെട്ടിട്ട്, അസുഖംകൊണ്ട് മരിച്ചതാണെന്ന് വാദിച്ചതുപോലെയാണിത്. തിരുവനന്തപുരത്ത് പട്ടിണികൊണ്ട് പിഞ്ചുകുട്ടികള്‍ മണ്ണുവാരി തിന്നപ്പോള്‍ കളിവീടുണ്ടാക്കി കളിച്ചതാണെന്ന് പ്രചരിപ്പിക്കുകയാണല്ലോ സര്‍ക്കാരിനു നേതൃത്വം കൊടുക്കുന്ന സിപിഎം ചെയ്തത്.
നിര്‍മാണം പൂര്‍ത്തിയായി ദിവസങ്ങള്‍ക്കം റോഡുകള്‍ തകരുന്നതിന് കാലാവസ്ഥയേയും മഴയേയുമൊക്കെ കുറ്റം പറയുന്നത് പൊതുമരാമത്ത് വകുപ്പിന്റെ തന്ത്രമാണ്. കണ്ണടച്ചിരുട്ടാക്കലാണ്. എന്തുകൊണ്ടാണ് റോഡുകള്‍ തകരുന്നതെന്ന് വകുപ്പുമന്ത്രിക്കും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എഞ്ചിനീയര്‍മാര്‍ക്കുമൊക്കെ നന്നായറിയാം. നിര്‍മാണസാമഗ്രികള്‍ മതിയായ അളവിന് ഉപയോഗിക്കാത്തതാണ് കാരണം. ഇതിനു പിന്നില്‍ വ്യാപകമായ അഴിമതിയാണ്. രാഷ്ട്രീയ നേതൃത്വത്തിനും ഭരിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ വിഹിതം ലഭിക്കുന്ന ഈ ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ക്ക് താല്പര്യമില്ല. പ്രശ്നം കോടതി കയറുമ്പോള്‍ ചില വിശദീകരണങ്ങളും ഉറപ്പുകളും നല്കി രക്ഷപ്പെടുകയെന്നതാണ് തന്ത്രം. ഇപ്പോള്‍ കോടതിക്കും ഈ കള്ളക്കളികള്‍ ബോധ്യമായിരിക്കുന്നു എന്നുവേണം കരുതാന്‍. റോഡിലെ കുഴിയില്‍ വീണ് ആലുവയില്‍ ഒരാള്‍ മരിക്കാനിടയായത് ഞെട്ടിക്കുന്ന സംഭവമാണെന്നും, റോഡിന്റെ ശോചനീയാവസ്ഥ മൂലം രണ്ടു മാസത്തിനിടെ എത്രപേര്‍ മരിച്ചു, റോഡുകള്‍ നന്നാക്കാന്‍ ഇനി എത്രപേര്‍ മരിക്കണം എന്നൊക്കെ ഹൈക്കോടതി പറയുന്നത് ഇതിനാലാണ്. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ക്ക് കുഴി കണ്ടാല്‍ അടയ്ക്കാന്‍ എന്താണ് ഇത്ര മടിയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ വകുപ്പുമന്ത്രിക്ക് ബാധ്യതയുണ്ട്. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ജനങ്ങളില്‍ ഓരോരുത്തരും ചോദിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് കോടതി ചോദിക്കുന്നത്. കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ ജനങ്ങളെ രക്ഷിക്കാനാവൂ. സര്‍ക്കാരിനെ വിശ്വസിക്കുന്നവര്‍ വഞ്ചിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: