കൊച്ചി : സംസ്ഥാനത്ത് തെരുവ് നായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്കി തുടങ്ങി. കൊച്ചി നഗരത്തില്‍ ആണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത്. സൗത്ത് റെയില്‍വേ സ്റ്റേഷന്, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളിലാണ് ആദ്യഘട്ടത്തില്‍ കുത്തിവെയ്പ്പ് നടത്തു്നത്.
ഇവിടങ്ങളില്‍ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. കുത്തിവയ്പിന് ശേഷം നായ്ക്കളുടെ തലയില്‍ അടയാളം രേഖപ്പെടുത്തും. സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്ത് തെുരുവ് നായ ശല്യം കൂടുതലാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതിയും കഴിഞ്ഞ ദിവസം ഉത്തവിറക്കിയതോടെയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം കുത്തിവെയ്പിനായി പിടിച്ചപ്പോഴാണ് തെരുവ് നായ്ക്കളില്‍ ഭൂരിപക്ഷത്തിനേയും വന്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായത്. കൊച്ചി കോര്പ്പറേഷന്, ഡോക്ടര്‍ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിന് നൈറ്റ്സ്, ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്ഗനൈസേഷന് എന്നിവരുടെ നേതൃത്തിലാണിപ്പോള് ജില്ലയില്‍ കുത്തിവെയ്പ്പ് നടത്തുന്നത്. തെരുവ് നായ്ക്കളുടെ അക്രമം പെരുകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പ്രതിരോധ കുത്തിവെയ്പ് തുടരാനാണ് സന്നദ്ധ പ്രവര്‍ത്തകരുടെ തീരുമാനം.
40 മുതല്‍ 60 ശതമാനം വരെ നായ്ക്കളിലെങ്കിലും വാക്സിനേഷന് എത്തിയാലാണ് തെരുവുനായ്ക്കളിലെ പേവിഷബാധക്ക് എതിരായ വാക്സിന് പ്രതിരോധം ഫലപ്രദമാവുകയെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ 2019ലെ തെരുവ് നായ്ക്കളുടെ എണ്ണം കണക്കാക്കിയാണ് ഇപ്പോള്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത്. അല്ലാതെ ഇപ്പോഴത്തെ കണക്കു വിവരങ്ങള്‍ ലഭ്യമല്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലിപ്പോള്‍ ഏകദേശ കണക്കെടുത്താണ് ഇപ്പോള്‍ അധികാരികള്‍ പ്രതിരോധ കുത്തിവെയ്പ്പ് നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: