മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള മന്ത്രിമാര്‍ ഒന്നടങ്കം ലോകം ചുറ്റാന്‍ ഒരുങ്ങുകയാണ്. വിദേശ രാജ്യങ്ങളിലെ സാമ്പത്തിക, വിദ്യാഭ്യാസ, ടൂറിസ, വ്യാവസായിക വികസന മാതൃകകള്‍ കണ്ടുപഠിക്കാനാണത്രേ മന്ത്രിമാര്‍ കൂട്ടത്തോടെ രാജ്യം വിടുന്നത്. മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ വി. ശിവന്‍കുട്ടി, പ്രൊഫ. ആര്. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, കെ.എന്‍. ബാലഗോപാല്‍, പി.രാജീവ്, വി.എന്‍. വാസവന് എന്നിവരാണ് ബ്രിട്ടന്, ഫിന്‍ലാന്റ്, നോര്‍വേ, പാരീസ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. പല സമയത്തായി യാത്ര തിരിക്കുന്ന ഇവര്‍ ഒത്തുകൂടുന്നുമുണ്ട്. മന്ത്രി റോഷി അഗസ്റ്റിന് ഇപ്പോള്‍ അമേരിക്കയിലാണ്. ഏതൊക്കെ മന്ത്രിമാര്‍ വിദേശ സന്ദര്‍ശനം നടത്തുന്നു എന്നു നോക്കുന്നതിനേക്കാള്‍ ആരൊക്കെ പോകാതിരിക്കുന്നു എന്നു പരിശോധിക്കുന്നതായിരിക്കും എളുപ്പം. വിദേശത്ത് ഒരു മന്ത്രിസഭാ യോഗം പോലും നടത്താനുള്ള അംഗബലമുണ്ട്. സംസ്ഥാനം അതിന്റെ ചരിത്രത്തിലെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിത്യനിദാന ചെലവുകള്‍ക്കുപോലും കടമെടുക്കുകയാണ്. അടുത്തിടെ സമ്പദ്വ്യവസ്ഥ ഓവര്‍ഡ്രാഫ്റ്റിന്റെ വക്കിലെത്തിയിരുന്നു. ട്രഷറികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്ന സ്ഥിതിയിലെത്തി. കേന്ദ്രത്തില്‍നിന്ന് ലഭിച്ച സഹായം ഒന്നുകൊണ്ടുമാത്രമാണ് പിടിച്ചുനില്‍ക്കാനായത്. പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം മാത്രമാണ് ഉണ്ടായിട്ടുള്ളത്. റവന്യൂ വരുമാനംകൊണ്ട് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ. ആശങ്കാജനകമായ ഈ സ്ഥിതിവിശേഷം വിസ്മരിച്ചുകൊണ്ടാണ് കോടിക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരുന്ന വിദേശ സന്ദര്‍ശനങ്ങള്‍ക്ക് മന്ത്രിമാര്‍ ഇറങ്ങിത്തിരിക്കുന്നത്.
മന്ത്രിമാരുടെ അനവസരത്തിലുള്ള വിദേശപര്യടനത്തിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ അസഹിഷ്ണുതയോടെ, നിരുത്തരവാദപരമായാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചത്. കേരളം അത്ര ദാരിദ്ര്യം പിടിച്ച നാടൊന്നുമല്ല, ഇവിടുത്തെ മന്ത്രിമാര്‍ക്ക് വിദേശ യാത്ര പോവാം, പോകണം എന്നൊക്കെയാണ് ധനമന്ത്രിയുടെ അഭിപ്രായം. വിദേശ സന്ദര്‍ശനത്തിന് താന്‍ കൂടിയുള്ളപ്പോള്‍ ന്യായീകരിക്കാന്‍ ധനമന്ത്രി ബാധ്യസ്ഥനാണല്ലോ. വളരെ നിരുത്തരവാദപരമാണ് ധനമന്ത്രിയുടെ പ്രതികരണം എന്നു പറയാതെ വയ്യ. സ്വന്തം വകുപ്പ് കൈകാര്യം ചെയ്യുന്നതിലെ പിടിപ്പുകേടാണ് ഇവിടെയും പ്രകടമാവുന്നത്. വിദേശ രാജ്യങ്ങളിലെ സാമ്പത്തിക മാതൃകകള്‍ കണ്ടുപഠിക്കാനാണത്രേ ധനമന്ത്രി പോകുന്നത്. അങ്ങനെ പറിച്ചുനടാവുന്നതല്ല ഒരു മാതൃകയും. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം തേടേണ്ടതും ഇവിടെത്തന്നെയാണ്. അതിന് ചര്‍ച്ച നടത്തേണ്ടത് വിദേശ സര്‍ക്കാരുകളുമായല്ല, രാജ്യം ഭരിക്കുന്ന സര്‍ക്കാരുമായാണ്. ഇടതുമുന്നണി സര്‍ക്കാര്‍ ഇതിനു തയ്യാറല്ല. കേന്ദ്ര സര്‍ക്കാരില്‍നിന്ന് കിട്ടാനുള്ളതും അതില്‍ കൂടുതലും വാങ്ങിയെടുക്കുക. എന്നിട്ട് കേന്ദ്രത്തെ കുറ്റപ്പെടുത്തുക. ചില ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സിലില്‍ അനുകൂലിച്ചശേഷം കേരളത്തില്‍ വന്ന് എതിര്‍ക്കുന്ന സമീപനമാണല്ലോ ധനമന്ത്രി ബാലഗോപാല്‍ കൈക്കൊണ്ടത്. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ നേരെയാക്കാന്‍ ക്രിയാത്മകമായ നടപടികളെടുക്കാനുള്ള കാഴ്ചപ്പാടോ ഇച്ഛാശക്തിയോ പ്രകടിപ്പിക്കാതെ സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയെ പിന്തുണക്കുന്ന സമീപനമാണ് ഈ മന്ത്രി സ്വീകരിക്കുന്നത്. നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തി പാര്‍ട്ടിക്കാരുടെ അനുഭാവം നേടിയെടുക്കാനാണ് ശ്രമം.
ജനങ്ങളുടെ നികുതിപ്പണം തുലച്ചുകളയാമെന്നല്ലാതെ വികസന മാതൃകകള്‍ പഠിക്കാനുള്ള വിദേശയാത്രകള്‍ കൊണ്ട് പറയത്തക്ക ഗുണഫലങ്ങളൊന്നും സംസ്ഥാനത്തിന് ഉണ്ടാകാറില്ല. ഒന്നാമത്തെ പ്രളയത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന് നെതര്‍ലാന്റ് സന്ദര്‍ശിക്കുകയുണ്ടായി. പ്രളയത്തെ നേരിടുന്നതിനുള്ള രീതികള്‍ പഠിച്ച് ഇവിടെ നടപ്പാക്കാനെന്നായിരുന്നു പറഞ്ഞത്. എന്നിട്ട് എന്ത് സംഭവിച്ചു? രണ്ടാം പ്രളയത്തിലും ജനങ്ങള്‍ സഹിക്കേണ്ടി വന്നു. നെതര്‍ലാന്റ് മാതൃകയ്ക്ക് എന്തുപറ്റി എന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് ഉത്തരമില്ലായിരുന്നു. പ്രളയം മൂലം കേരളത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇവിടുത്തെ രീതികള്‍ ശരിയായി മനസ്സിലാക്കുകയാണ് വേണ്ടത്. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനും മടവീഴ്ചകള്ക്കുമൊക്കെ നെതര്‍ലാന്റിന്റെ കയ്യില്‍ പരിഹാരമുണ്ടെന്നു കരുതുന്നതുതന്നെ യാഥാര്‍ത്ഥ്യബോധത്തിന് നിരക്കുന്നതല്ല. നമ്മുടെ നാട്ടിലെ വിദഗ്ദ്ധന്മാര്ക്കു തന്നെയാണ് അതിന് കഴിയുക. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫിന്‍ലാന്റ് മാതൃക പഠിക്കാന്‍ പോകുന്നതിലുമുണ്ട് പ്രശ്നം. ഫിന്‍ലാന്‍ഡ് മാതൃകയില്‍ പരീക്ഷകള്‍ പോലുമില്ലെന്ന് നമ്മുടെ വിദ്യാഭ്യാസ മന്ത്രിക്ക് അറിയുമോ എന്തോ? ഇടതുമുന്നണി സര്‍ക്കാരിലെ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കു പിന്നില്‍ മറ്റ് ചില ഉദ്ദേശ്യലക്ഷ്യങ്ങളാണുള്ളതെന്ന് സംശയിക്കണം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി നടത്തിയിട്ടുള്ള വിദേശ സന്ദര്‍ശനത്തിന്റെ കഥകള്‍ ഇപ്പോള്‍ നാട്ടില്‍ പാട്ടാണല്ലോ. ജീവനോപാധികള്‍ നഷ്ടപ്പെട്ട വലിയൊരു വിഭാഗം ജനങ്ങള്‍ ഭക്ഷ്യക്കിറ്റുകള്ക്കുവേണ്ടി റേഷന്‍കടകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കേണ്ടിവരുന്ന ഒരു സംസ്ഥാനത്തിന്റെ മന്ത്രിമാര്‍ വിദേശത്ത് രാപാര്‍ക്കാന്‍ പോകുന്നത് അനീതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: