വടക്കഞ്ചേരി: വടക്കഞ്ചേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ 22 ബസുകള്‍ പുറത്തിറങ്ങാന്‍ കഴിയാതെ കുരുങ്ങിക്കിടന്നു. വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയില്‍ റോയല്‍ ജങ്ഷന് സമീപത്തെ സര്‍വ്വീസ് റോഡിലൂടെയാണ് കെഎസ്ആര്‍ടിസി ബസുകള്‍ ഡിപ്പോയിലേക്ക് കയറുന്നത്. എന്നാല്‍ തിങ്കളാഴ്ച ദേശീയപാത കരാര്‍ കമ്പനിയായ കെഎംസി ഈ ഭാഗത്ത് അറ്റകുറ്റപണികള്‍ നടത്തിയിരുന്നു. ഡിപ്പോയിലേക്ക് കയറുന്ന ഭാഗത്ത് കോണ്‍ക്രീറ്റിട്ട് സ്ലാബുകള്‍ സ്ഥാപിച്ചതോടെ ഇന്നലെ പുലര്‍ച്ചെ ബസുകള്‍ ഇതിലൂടെ പോയപ്പോള്‍ സ്ലാബുകളും കോണ്‍ക്രീറ്റും തകരുകയായിരുന്നു.
വടക്കഞ്ചേരി ഡിപ്പോയില്‍ നിന്നും പ്രതിദിനം സര്‍വീസ് നടത്തുന്ന 25 ബസുകളില്‍ നാലെണ്ണം സര്‍വീസിനായി ഇറക്കിയിരുന്നു. ഇതിനിടെ വേളാങ്കണ്ണിയില്‍ നിന്നും ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ഡീസല്‍ നിറയ്ക്കുന്നതിനായി ഡിപ്പോയില്‍ കയറ്റിയപ്പോഴാണ് പുലര്‍ച്ചെ അഞ്ചരയോടെ സ്ലാബുകള്‍ തകര്‍ന്നത്. ഈ സമയം ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിട്ടു. ഇതിനുശേഷം സര്‍വീസ് നടത്തേണ്ട 21 ബസുകള്‍ പുറത്തിറക്കാന്‍ കഴിയാതെ ഡിപ്പോയില്‍ തന്നെ കുടുങ്ങുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് കരാര്‍ കമ്പനി അധികൃതരെ പലതവണ ബന്ധപ്പെട്ടെങ്കിലും ശരിയാക്കാന്‍ തയ്യാറായില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. പകല്‍ 11 മണിക്ക് ശേഷമാണ് സ്ലാബുകള്‍ ശരിയാക്കി ബസുകള്‍ സര്‍വീസ് നടത്തി തുടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് 19 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ആറ് സര്‍വീസുകള്‍ പൂര്‍ണമായും 15 സര്‍വീസുകള്‍ ഭാഗികമായും സര്‍വീസ് നിലച്ചു. ഇതില്‍ ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസി കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: