കണ്ണൂര്‍: കഴിഞ്ഞദിവസം കണ്ണൂര്‍-തലശ്ശേരി റെയില്‍പാതയില്‍ ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ 12 വയസുകാരിയുടെ തലയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പാലക്കാട് റെയില്‍വേ ഡിവിഷന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണമാരംഭിച്ചത്. അധികൃതര്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എടക്കാട്-താഴെചൊവ്വ റെയില്‍വെ ട്രാക്കിനിടെയാണ് കല്ലേറുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ റെയില്‍വെ പോലീസ് പരിശോധിക്കും.
ഞായറാഴ്ച വൈകുന്നേരം ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ 12 വയസ്സുകാരിയുടെ തലയ്ക്കാണ് പരുക്കേറ്റത്. കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് എസ്. രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയ്ക്കാണ് പരുക്കേറ്റത്. കുടുംബാംഗങ്ങള്‍ക്കൊപ്പം മൂകാംബിക ക്ഷേത്രദര്‍ശനത്തിനുശേഷം മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസില്‍ (16348) കോട്ടയത്തേക്ക് മടങ്ങുമ്പോള്‍ താഴെ ചൊവ്വയ്ക്കും എടക്കാട് റെയില്‍വേ സ്റ്റേഷനും ഇടയിലാണ് സംഭവമെന്നാണ് ബന്ധുക്കളുടെ മൊഴി.
പിതൃമാതാവ് വിജയകുമാരിക്കൊപ്പം എസ് 10 കോച്ചില്‍ പുറംകാഴ്ചകള്‍ കണ്ട് ഇരിക്കുന്നതിനിടെയാണ് കീര്‍ത്തനയ്ക്കു കല്ലേറു കൊണ്ടത്. അമ്മേ എന്ന് വിളിച്ച് കരയുന്നത് കേട്ട് നോക്കുമ്പോള്‍ തലയുടെ ഇടതുവശത്ത് നിന്ന് ചോരയൊഴുകുന്നുണ്ടായിരുന്നു. ബഹളംകേട്ട് ടിടിഇയും റെയില്‍വേ ജീവനക്കാരും ഓടിയെത്തി. ഇതിനിടെ യാത്രക്കാരില്‍ ആരോ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി.
യാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി പ്രാഥമിക ശുശ്രൂഷ നല്കി. ട്രെയിന്‍ തലശ്ശേരിയിലെത്തിയ ഉടന്‍ ആര്‍പിഎഫും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് കീര്‍ത്തനയെ മിഷന് ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി 9.15നു മലബാര്‍ എക്സ്പ്രസില്‍ മാതാപിതാക്കള്‍ക്കൊപ്പം കോട്ടയത്തേക്ക് യാത്ര തുടര്‍ന്നു. ഭാഗ്യം കൊണ്ടാണ് കല്ലേറില്‍ കുട്ടിക്ക് കണ്ണിന് പരുക്കേല്‍ക്കാതിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: