കേരളസമൂഹത്തെ ഇരുത്തിച്ചിന്തിപ്പിച്ച രണ്ടു സംഭവങ്ങളായിരുന്നു ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടന്ന സമൂഹപന്തിഭോജനവും(1914), പുതുക്കാട് ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടന്ന ക്ഷേത്രപ്രവേശനവും(1928). ശ്രീമദ് നിര്‍മ്മലാനന്ദസ്വാമികളുടെ നേതൃത്വത്തിലാണു കേരളത്തിലെ ആദ്യ സമൂഹപന്തിഭോജനം ഹരിപ്പാടു നടന്നതെങ്കില്‍ ശ്രീമദ് ആഗമാനന്ദസ്വാമികളുടെ നേതൃത്വത്തിലാണ് പുതുക്കാട്ടുവെച്ചു സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേത്രപ്രവേശനം നല്കുകയുണ്ടായത്. രണ്ടു സംഭവങ്ങളും അതിപ്രധാനമായിരുന്നു. കാരണം കേരളസമൂഹത്തെ സംബന്ധിച്ചിടത്തോളം അന്നു ചിന്തിക്കാന്‍പോലുമാകാത്ത കാര്യമായിരുന്നു അത്. രണ്ടു സംഭവങ്ങളിലും ബ്രാഹ്മണരുള്പ്പടെയുള്ള യാഥാസ്ഥിതികരുടെ കൂടി പിന്തുണകിട്ടി എന്നതുകൊണ്ടാണു സമൂഹം മാറി ചിന്തിച്ചതും, ജനങ്ങള്‍ പരിവര്‍ത്തനങ്ങള്‍ക്കായി സ്വയം തയ്യാറായതും. ശ്രീമദ് നിര്‍മ്മലാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ നടന്ന ശ്രീരാമകൃഷ്ണമഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തെ മാറ്റി മറിക്കാന്‍ പ്രയോജനപ്പെട്ടതിന്റെ പ്രധാന കാരണം അത്തരം പ്രവര്‍ത്തനങ്ങളില്‍ യാഥാസ്ഥിതികരും സമൂഹത്തിലെ ഉയര്‍ന്ന വിഭാഗം ജനങ്ങളും അധഃസ്ഥിത ജനവിഭാഗങ്ങളും ഒരുപോലെ തോളോടുതോള്‍ ചേര്‍ന്നു സഹകരിച്ചു എന്നതാണ്.
കേരളത്തില്‍ ക്ഷേത്രപ്രവേശന വിളംബരം(1936)നടക്കുന്നതിനും എത്രയോ മുമ്പായിരുന്നു ആഗമാനന്ദസ്വാമികള്‍ പുതുക്കാട്ടുള്ള ശ്രീരാമകൃഷ്ണാശ്രമത്തില്‍ എല്ലാവര്ക്കും ക്ഷേത്രപ്രവേശനം നല്കി സമൂഹത്തിനാകെ മാതൃകയായതെന്നോര്‍ക്കുക. കേരളസമൂഹത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. അതുപോലെ 1936-ല്‍ നടന്ന ക്ഷേത്രപ്രവേശന വിളംബരത്തിനു പിന്നില്‍ നിശബ്ദമായി പ്രവര്‍ത്തിക്കാനും സ്വാമികള്‍ക്കു കഴിഞ്ഞു. ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാനും തിരുവിതാംകൂര്‍ രാജാവിനെ ഇതിനായി പ്രേരിപ്പിക്കാനും അന്നത്തെ തിരുവിതാംകൂര്‍ ദിവാന് സി.പി രാമസ്വാമി അയ്യര്‍ക്ക് ആഗമാനന്ദസ്വാമികള്‍ വലിയ പ്രേരണയാണു നല്‍കിയത്. എല്ലാവര്ക്കും ക്ഷേത്രപ്രവേശനം സാധ്യമാക്കിയ ക്ഷേത്രപ്രവേശനവിളംബരം പ്രഖ്യാപിക്കുന്നതില്‍ ആഗമാനന്ദസ്വാമികളും ശുഭാനന്ദ ഗുരുദേവനും വഹിച്ച വലിയ പങ്ക് അധികമാരും ചര്‍ച്ച ചെയ്തിട്ടില്ലെന്ന കാര്യം ഇനിയെങ്കിലും തിരിച്ചറിയേണ്ടതാണ്.
ആധുനിക കേരളത്തിന്റെ ശില്പികളിലൊരാളായ ആഗമാനന്ദസ്വാമികളാണു ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമികള്‍ക്കും ശേഷം കേരളത്തില്‍ വന്ന ആദ്ധ്യാത്മിക വിടവിനെ പ്രധാനമായും നികത്തിയത്. വിവേകാനന്ദസ്വാമികളുടെ ആശയങ്ങളും വേദാന്തസന്ദേശങ്ങളും പ്രചരിപ്പിക്കാനായി അദ്ദേഹം കേരളത്തിലുടനീളം വിശ്രമമില്ലാതെ സഞ്ചരിക്കുകയുണ്ടായി. കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിയ ആ പ്രവര്‍ത്തനം ഒരു കൊടുങ്കാറ്റിനു സമാനമായിരുന്നു. ക്ഷേത്രങ്ങളില്‍ ആദ്ധ്യാത്മികപ്രഭാഷണത്തിനു പ്രചാരണം കൊടുത്തതു സ്വാമികളായിരുന്നു. ജാതിചിന്തകൊണ്ടും അജ്ഞതകൊണ്ടും മലീമസമായ കേരളീയസമൂഹത്തെ ഉദ്ധരിക്കുന്നതിനായി സ്വന്തം ജീവിതംതന്നെ സമര്‍പ്പിച്ച ആ മഹാത്മാവിനോടു മലയാളികളെല്ലാം കടപ്പെട്ടവരാണ്. സംസ്കൃതപ്രചാരണത്തിനായി സ്ഥാപിച്ച “ബ്രഹ്മാനന്ദോദയം’ സ്കൂളുകള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗം കുട്ടികളെ പരിശീലിപ്പിക്കാന്‍ തുടക്കമിട്ട കാലടിയിലെ ഗുരുകുലം ഹോസ്റ്റല്‍, കാലടിയിലെ ശങ്കരപ്പാലം, ശങ്കരാ കോളേജ് എന്നിവയ്ക്കെല്ലാം കാരണക്കാരന്‍ സ്വാമികളായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന സങ്കല്പമാണു പിന്നീടു കാലടി ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയായി രൂപം കൊണ്ടത്. വിദ്യാര്‍ത്ഥികള്‍ നാനാഭാഗങ്ങളില്‍ നിന്നും അറിവുതേടി കാലടിയിലേയ്ക്കു വരുമെന്നുകൂടി സ്വാമികള്‍ ദീര്‍ഘദര്‍ശനം ചെയ്തു. അദ്വൈതഭൂമിയായ കാലടിയെ കേന്ദ്രമാക്കി വേണം കേരളത്തിന്റെ പുനരുദ്ധാരണം നടക്കേണ്ടത് എന്നദ്ദേഹം നിഷ്ക്കര്‍ഷിച്ചു. വിശ്രമരഹിതമായ ആ ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യങ്ങളായിരുന്നു. പി.ഗോവിന്ദപ്പിള്ള, പി. പരമേശ്വരന് തുടങ്ങിയ രാഷ്ട്രീയ ചിന്തകര്‍, എന്‍. വി. കൃഷ്ണവാര്യര്‍, ജി. ശങ്കരക്കുറുപ്പ്, ഡോ. എം.എസ്. വല്യത്താന്, ഓംചേരി തുടങ്ങിയ പ്രതിഭകള്‍ ഇവരെല്ലാം സ്വാമികളുടെ ശിഷ്യരും സ്വാമികളാല്‍ പ്രചോദനം നേടിയവരുമായിരുന്നു.
ശ്രീമദ് വിവേകാനന്ദസ്വാമികളുടെ സന്ദേശങ്ങളെ ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് ആഗമാനന്ദസ്വാമികള്‍ നടത്തിയ സന്ദേശപ്രചരണം സമാനതകളില്ലാത്തതായിരുന്നു. ഭാരതം നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം സമന്വയമൂര്‍ത്തിയായ ശ്രീരാമകൃഷ്ണ പരമഹംസരുടെ ദര്‍ശനങ്ങളെ പിന്തുടരുകയാണെന്നു സ്വാമികള്‍ ഉദ്ബോധിപ്പിച്ചു. സമൂഹത്തിലെ അസമത്വം മാറ്റാനുള്ള പ്രായോഗികകാര്യത്തില്‍, “അവര്‍ണ്ണരെക്കൂടി സവര്‍ണ്ണരാക്കുക’ എന്ന ആശയത്തെയാണ് അദ്ദേഹം പ്രാവര്‍ത്തികമാക്കിയത്. സ്വാമികളായിരുന്നു കാലടിയെ ഇന്നു കാണുന്ന നിലയിലേയ്ക്കുയര്ത്തിയതും, കേരളസമൂഹത്തെ ശ്രീരാമകൃഷ്ണ-വിവേകാനന്ദസന്ദേശങ്ങളാല് ധന്യമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും. ആഗമാനന്ദസ്വാമികള്‍ ഒരു വിദ്യാഭ്യാസവിചക്ഷണനും അസാമാന്യ പണ്ഡിതനും കൂടിയായിരുന്നു. “ചര്‍ച്ച ഏതാണെങ്കിലും ആഗമാനന്ദസ്വാമികളുടെ ഭാഗമേ ജയിക്കൂ’ എന്നതു പണ്ഡിതന്മാരുടെയിടയിലെ സംസാരമായിരുന്നു. വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നല്കിയ കാഴ്പ്പാടുകളും, സംഭാവനകളും ഒരു മാര്ഗ്ഗദര്ശനംതന്നെയാണ്. “വീരവാണി’ എന്ന ആഗമാനന്ദകൃതി ഏതൊരു മലയാളിയും വായിച്ചിരിയ്ക്കേണ്ട ഗ്രന്ഥസമുച്ചയമാകുന്നു. ഈ നാലു വാള്യങ്ങളില്‍ നമുക്കു കണ്ടെത്താനാവുക ഒരു ജ്ഞാനിയേയും ആധുനികചിന്തകനെയും ദാര്ശികനെയുമൊക്കെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: