ആറന്മുള: ആചാരത്തനിമയോടെ ഇന്ന് ഉത്തൃട്ടാതി ജലോത്സവം. ഭക്തിയും പാരമ്പര്യത്തനിമയും സമന്വയിക്കുന്ന ജലമേളയ്ക്കായി പമ്പാ തീരം ഒരുങ്ങി. ജലോത്സവത്തില്‍ നിന്ന് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. ജലോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തും. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കില്ല. വളളംകളിയുടെ ഉദ്ഘാടനം മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് നിര്‍വഹിക്കും. സ്വാമി നിര്‍വിണ്ണാനന്ദ മഹാരാജ് ജലോത്സവത്തിന്റെ ഭദ്രദീപം പ്രകാശിപ്പിക്കും. രാമപുരത്ത് വാര്യര്‍ അവാര്‍ഡ് സമര്‍പ്പണം പ്രമോദ് നാരായണന് എംഎല്‍എ നിര്‍വഹിക്കും. സജി ചെറിയാന് എംഎല്‍എ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. പള്ളിയോട ശില്പിയെ ആദരിക്കല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കും. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. കെ. എസ്. മോഹനന് ക്യാഷ് അവാര്‍ഡ് വിതരണം നിര്‍വഹിക്കും.
മഹാമാരിക്കാലം കടന്നെത്തിയ ജലമേളയെ പമ്പാതീരങ്ങള്‍ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്. ഇത്തവണ 50 പള്ളിയോടങ്ങള്‍ പങ്കെടുക്കുമെന്നാണ് സംഘടാകര്‍ നേരത്തെ അറിയിച്ചത്. കാട്ടൂര്‍, കടപ്ര എന്നീ പള്ളിയോടങ്ങള്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ഇത്തവണ പങ്കെടുക്കില്ല.
കടപ്ര പള്ളിയോടം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. കാട്ടൂര്‍ പള്ളിയോടം പുതുതായി നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്. കൊവിഡ് മൂലം 2020-ല്‍ ളാക-ഇടയാറന്മുള പള്ളിയോടം മാത്രമായിരുന്നു പങ്കെടുത്തത്. 2021 -ല്‍ കോഴഞ്ചേരി, മാരാമണ്‍, കീഴ്വന്മഴി എന്നീ പള്ളിയോടങ്ങള്‍ നിയന്ത്രണങ്ങളോടെ പങ്കെടുത്തു.
മത്സരവള്ളംകളിയില്‍ വിജയിക്കുന്ന എ ബാച്ചിലെയും ബി ബാച്ചിലെയും പള്ളിയോടങ്ങള്‍ക്ക് മന്നം ട്രോഫി ലഭിക്കും. കൂടാതെ അന്‍പതിനായിരം രൂപ വീതം ക്യാഷ് പ്രൈസും വിജയികള്‍ക്ക് ലഭിക്കും. ആറാട്ടുപുഴ സാരഥി ഹോട്ടല്‍ ഉടമ കെ. എസ്. മോഹനന് പിള്ളയാണ് സമ്മാനതുക സ്പോണ്സര് ചെയ്യുന്നത്. മന്നം ട്രോഫിക്ക് പുറമേ ചമയം, വിവിധ സ്ഥാനങ്ങള്‍, ലൂസേഴ്സ് ഫൈനല്‍ എന്നിവ ഉള്‍പ്പെടെ 24 ട്രോഫികള്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നദിയില്‍ ജലനിരപ്പ് ഉയര്‍ന്ന് നില്ക്കുന്നതിനാല് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ സുരക്ഷയ്ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.സുരക്ഷയ്ക്ക് ആവശ്യമായ 10 ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പള്ളിയോട സേവാസംഘം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ അഗ്നി രക്ഷാസേനയും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
റോഡുകളിലെ തടസ്സം നീക്കുന്ന ജോലികള്‍ പൂര്‍ത്തിയായി വരുന്നു. എംകെ റോഡിന്റെ അറ്റകുറ്റപ്പണികള്‍ വശങ്ങളിലെ കാട് നീക്കുന്ന ജോലികള്‍ എന്നിവ പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. എം.കെ.റോഡില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകിയത് പുനസ്ഥാപിച്ചു. ആറന്മുള പോലീസിന്റെ കൂടി സഹകരണത്തോടെ ഗതാഗതം തിരിച്ചു വിടാനുള്ള ചെറിയ റോഡുകളുടെ അറ്റകുറ്റപ്പണികളും നടത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: