മുണ്ടമറ്റം രാധാകൃഷ്ണന്
മഹാബലി (യഥാര്‍ത്ഥ പേര് ഇന്ദ്രസേനന്‍)അസുര ചക്രവര്‍ത്തി ആയിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് പ്രജകള്‍ ആമോദത്തോടെ വസിച്ചു. കള്ളമില്ല, ചതിയില്ല, മോഷണമില്ല. സ്ത്രീകളെ മൃദുവായിപ്പോലും ആരും പീഡിപ്പിച്ചിരുന്നില്ല. ഓരോ കാരണം പറഞ്ഞു സംഭാവന പിരിച്ചു സ്വന്തം കുടുംബ ഖജനാവ് നിറക്കുന്ന സ്വഭാവം ചക്രവര്ത്തിക്കില്ലായിരുന്നു. വിശ്വാസം വരുന്നില്ല, അല്ലേ. എന്നാല്‍, വിശ്വസിച്ചേ പറ്റു. കാരണം ‘വിശ്വാസം, അതല്ലേ എല്ലാം.’
കൊവിഡ് കാരണം കുറച്ചായി ഇങ്ങോട്ടു വന്നിട്ട്. വരാത്തതിന് വേറൊരു കാരണവുമുണ്ട്. അന്ന് ചാലക്കുടിയില്‍ ഒരു ഓട്ടോ റിക്ഷയില്‍ കയറി, വെറുതെ ഒരു രസം. കുറെ ഓടിയപ്പോള്‍ ഒരു വലിയ ശബ്ദം കേട്ടു. കാര്യമായി ഞെട്ടി. എകെജിസെന്ററില്‍ പടക്കം എറിഞ്ഞപ്പോള്‍ ഉണ്ടായ അത്രേം ശബ്ദം ഇല്ലായിരുന്നു. അന്ന് ശ്രീമതി ടീച്ചര്‍ ഞെട്ടിയതിന്റെ അത്രേം ആഘാതവും ഇല്ലായിരുന്നു. എന്നാലും പാവം ബാലിയുടെ നട്ടെല്ലിന്റെ കശേരു ഒരെണ്ണം സ്ഥാനം തെറ്റി. ഒരാഴ്ച അവിടെ അപ്പോളോ ആശുപത്രിയില്‍ കിടന്നു. അതുകൊണ്ട് ഇത്തവണ ഇങ്ങോട്ട് വരാന്‍ തയ്യാറായപ്പോള്‍ ഭാര്യയും പിള്ളേരും വിലക്കി. വകവെച്ചില്ല.
വെളുപ്പിന് 2മണിക്ക് തിരുഅനന്തപുരം വിമാന താവളത്തില്‍ വന്നിറങ്ങി. 4മണിക്ക് സന്ദര്‍ശനം തുടങ്ങിയാല്‍ മതി. 2 മണിക്കൂര്‍ എങ്ങനെ ചെലവാക്കും. അപ്പോഴാണ് ഒരു കടയില്‍ പത്രം തൂങ്ങി കിടക്കുന്നതു കണ്ടത്. ഒരെണ്ണം വാങ്ങി. അടുത്തു കണ്ട ഒരു ബഞ്ചില്‍ ഇരുന്നു. മുഖ പേജിലെ ഒരു വാര്‍ത്ത കണ്ടു ഞെട്ടി.
വര്‍ക്കല: വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളു, ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഞെട്ടിപ്പോയി.
പേജ് രണ്ടില്‍: കിഴക്കമ്പലം.. ഭര്‍ത്താവ് ഭാര്യയെ നിലവിളക്കുകൊണ്ട് തലക്കടിച്ചു കൊന്നു… ഞെട്ടല്‍ രണ്ട്.
പേജ് 3, കിടങ്ങൂര്‍: കുഞ്ഞുമോനെ അയല്‍വാസി രവി തല്ലിക്കൊന്നു. ഞെട്ടല്‍ 3.
പേജ് 4, തിടനാട്: റോഡിലെ വെള്ളക്കെട്ടില്‍ വീണ കാര്‍ നിയന്ത്രണം തെറ്റി തോട്ടിലേക്ക് മറിഞ്ഞു യുവാവ് മരിച്ചു. ഞെട്ടല്‍ 4.
പേജ് 5, ഒറ്റപ്പാലം: റോഡിലെ ഗര്‍ത്തത്തില്‍ വീണ് ബൈക്ക് യാത്രികന്റെ കഴുത്തൊടിഞ്ഞു. ഞെട്ടല്‍ 5
പേജ് 6, പത്തനംതിട്ട: പട്ടിയുടെ കടിയേറ്റ് ബാലിക പേ പിടിച്ചു മരിച്ചു. ഞെട്ടല്‍ 6.
ഇനിയും വായന തുടര്‍ന്നാല്‍ വീണ്ടും ഞെട്ടും. പണ്ട് തെറ്റിയ കശേ രു വീണ്ടും തെറ്റിയാലോ എന്ന ഭയത്താല്‍ വായന നിര്‍ത്തി. സന്ദര്‍ശനം തുടങ്ങാനായി അടുത്തു കണ്ട വീട്ടിലേക്കു നടന്നു. പുറകില്‍ നിന്നൊരു കുര കേട്ടു എന്നു തോന്നി. ഞെട്ടി തിരിഞ്ഞു. എല്ലാം പെട്ടെന്നായിരുന്നു. ചാടി ഉയര്‍ന്ന ഒരു ശുനകന് മൂക്കിന്റെ ഏതാനും ഭാഗവുമായി ഓടി മറഞ്ഞു. പകച്ചു ചുറ്റും നോക്കി. സര്‍ക്കാര്‍ ആശുപത്രി എന്ന ബോര്‍ഡു കണ്ട ഇടത്തേക്കോടി കയറി. പരിശോധനക്കുശേഷം ഒരു കുറിപ്പടി കയ്യില്‍ തന്നുകൊണ്ട് നേഴ്സമ്മ പറഞ്ഞു: ഈ സാധനങ്ങള്‍ വേഗം വാങ്ങിക്കൊണ്ടുവാ. 10പൈസ കയ്യിലില്ലെന്നു പറഞ്ഞപ്പോള്‍ കിരീടം പണയം കൊടുത്താല്‍ പണം കൊടുക്കാമെന്നു പറഞ്ഞു.
അവിടെ നിന്നിറങ്ങി. ആരോഗ്യ മന്ത്രിയെ കാണാന്‍ തീരുമാനിച്ചു. കിരീടം ധരിച്ചു വരുന്നവന് സൗജന്യ ചികിത്സക്ക് വകുപ്പില്ല. മുഖ്യ മന്ത്രിയെ കാണാന്‍ പറഞ്ഞു.
സെക്രട്ടേറിയറ്റിന്റെ പരിസരം മുഴുവന്‍ പോലീസ്. പ്രത്യേക വേഷം കണ്ട് അവര്‍ ചോദ്യം ചെയ്തു. കാര്യം പറഞ്ഞു. മുഖ്യനെ കാണാനാവില്ല, അദ്ദേഹം ചികിത്സക്കായി അമേരിക്കയില്‍ ആണെന്ന് പോലിസ് ഉവാച. മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പോകാന്‍ ഉപദേശിച്ചു. പണം ഇല്ലാത്ത കാര്യം പറഞ്ഞു. അയാള്‍ കിരീടം എടുത്തു. എന്നിട്ട് ഒരു വളിച്ച ചിരി സമ്മാനിച്ചു കൊണ്ട് പറഞ്ഞു: ഡ്യൂപ്ലിക്കേറ്റ് അല്ലേ.
ഒന്നുമില്ലാത്തവനായ കഥ അയാളെ പറഞ്ഞു കേള്‍പ്പിച്ചു. അയാള്‍ കുറെ ഉപദേശിച്ചു.: എടോ വിഡ്ഢി, ചക്രവര്‍ത്തി ആയിരുന്ന കാലത്ത് അതല്ലാതായി തീരുന്ന ഒരു സമയം വരുമെന്ന് ഓര്‍ക്കണമായിരുന്നു. അന്ന് നാലു കാശുണ്ടാക്കിയിരുന്നെങ്കില് ഇന്നിങ്ങനെ വല്ലവന്റെയും കാല് നക്കാന്‍ നടക്കണമായിരുന്നോ. ഏതായാലും പോയ ബുദ്ധി തിരിച്ചു വരില്ലല്ലോ. താന്‍ പോയി പാര്‍ട്ടി സെക്രട്ടറിയെ കാണു. നേരെ കണ്ണൂര്‍ക്കു വിട്ടോ. നല്ലവനായ പോലീസ്കാരന് ഒരു മാസ്ക് കൊടുത്തു. ഇതു വച്ചോ. തന്റെ പട്ടിപ്പാതി മൂക്കാലും കാണാതിരിക്കട്ടെ. അദ്ദേഹത്തോട് യാത്ര പറഞ്ഞ് കണ്ണൂര്‍ക്ക് വിട്ടു.
കാണേണ്ട ആള് ചികിത്സാര്‍ദ്ധം ചെന്നൈയില്‍. കേരളത്തിന്റെ ആരോഗ്യ രംഗം അതി വിശിഷ്ടം എന്നാണ് കേട്ടത്. അനുഭവത്തില്‍! അഹോ കഷ്ടം. മൂക്കില്‍ വിരല്‍ വച്ച് അത്ഭുതം പ്രകടിപ്പിക്കാന്‍ മൂക്കുമില്ല. അത് പട്ടിയുടെ വായില്‍ ആയിപ്പോയില്ലേ.
എന്തോ വിളിച്ചു പറയുന്ന ശബ്ദം കേട്ടു. മൈക്ക് ആരുടേയോ ശബ്ദം ഏറ്റു പിടിച്ച് അലറുന്നുണ്ട്. ‘സമ്പല്‍ സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും നാളുകളെയാണ് ഓണം പ്രതിനിധീകരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ എന്നും ഓണമാണ്. അതിന്റെ ആനന്ദവും അഭിമാനവും വിളിച്ചറിയിക്കുന്ന ഘോഷയാത്ര ഇതാ ഈ തെരുവീഥികളെ പുളകമണിയിച്ചുകടന്നു വരുന്നു.
കുറേപ്പേര് ഓടി വന്ന് ബലി തമ്പുരാനെ പിടികൂടി. താന്‍ മഹാബലിയുടെ വേഷം കെട്ടി ഇവിടെ നില്ക്കുകയാണോ. അവരദ്ദേഹത്തെ പിടിച്ച് വലിച്ച് ഘോഷയാത്രയുടെ മുന്പില് നിര്‍ത്തി. ഗദ പോലൊരു സാധനം തോളില്‍ വച്ചു കൊടുത്തുകൊണ്ട് പറഞ്ഞു: നടന്നോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: