വിജയ് സി. എച്ച്
‘ഓടക്കുഴല്‍’ എന്ന കവിതാ സമാഹാരത്തിനു ലഭിച്ച സമ്മാനത്തുക കൊണ്ടു രൂപവല്‍ക്കരിച്ച ഓടക്കുഴല്‍ പുരസ്കാരം കൊല്ലംതോറും അഭിമാനത്തോടെ ഏറ്റുവാങ്ങുന്ന എഴുത്തുകാരും, ഇ-ലോകത്തെ സകല സൗകര്യങ്ങളും ആസ്വദിച്ച് പേനയില്ലാതെ എല്ലാം എഴുതുന്ന ഏവരും മറക്കാന്‍ പാടില്ലാത്ത ഒരു നാമമാണ് ജി. ശങ്കരക്കുറുപ്പ്.
2013-ല്‍ മലയാളത്തിന് ഔപചാരികമായി ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനു എത്രയോ മുന്നെ, രാജ്യത്തെ പ്രഥമ ജ്ഞാനപീഠം നേടിക്കൊണ്ടു വന്നു നല്കി, നമ്മുടെ ഭാഷയെ ഏറ്റവും ഔന്നത്യത്തില്‍ എത്തിച്ചയാളാണ് മഹാകവി ജി. ശങ്കരക്കുറുപ്പ്.
ജി അന്തരിച്ചിട്ട് നാല്പ്പത്തിനാല് വര്‍ഷമായെങ്കിലും അദ്ദേഹത്തിനൊരു സ്മാരകം പോലും പണിയാത്തത് കടുത്ത അനാദരവാണ്. ഈ നന്ദികേടിനാല്‍ പ്രിയ മാതൃഭാഷയ്ക്ക് ധാര്‍മ്മികമായി നഷ്ടം വന്നുകൊണ്ടിരിക്കുന്നത് പ്രയത്നിച്ചു നേടിയെടുത്ത അതിന്റെ ശ്രേഷ്ഠഭാഷാ പദവിയുമാണ്.
നമ്മുടെ ചിന്താധാരയില്‍ ധൈഷണികത കടന്നുവരട്ടെ! മഹാകവിയുടെ ഒട്ടുമിക്ക രചനകള്‍ക്കും സാക്ഷ്യം വഹിച്ച അദ്ദേഹത്തിന്റെ ജന്മഗൃഹത്തിലേക്കൊരു തീര്‍ത്ഥയാത്ര…
ആ വീട് ഇന്ന് തകര്‍ച്ചയുടെ പാതയിലാണ്. മഹാകവിയുടെ കുടുംബാംഗങ്ങള്‍ ഇടയ്ക്കു വന്ന് അല്പസൊല്പം അറ്റകുറ്റപണികള്‍ ചെയ്യുന്നതിനാല്‍ ആയിരിയ്ക്കാം അത് ഇതുവരെ നിലം പൊത്താതിരുന്നത്.
ആ ചെറിയ വസതിയില്‍ ജീവിച്ചിരുന്ന വലിയ മനുഷ്യന്റെ പേരില്‍ ഗ്രാമത്തിന്റെ പടിഞ്ഞാറു ഭാഗത്തെ കവലയോടു ചേര്‍ന്ന് ഒരു സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയമുണ്ട്. അതിന്റെ മുന്നില്‍ കൂടിനിന്നു സായാഹ്ന വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നവരോടാണ് വഴി ആരാഞ്ഞത്.
‘ദേ…, ഈ വഴിയെ അല്‍പ്പം മുന്നോട്ടു പോയാല്‍, അത് രണ്ടായി പിരിയും. അവിടെ നിന്ന്, മൈന്റനന്‍സ് ഇല്ലാതെ പൊട്ടിപൊളിഞ്ഞ് കെടക്കണ വഴീല് പോവാ, അപ്പൊരു ഭണ്ഡാരം കാണാം. അത് അമ്പലത്തിന്റേണ്. വലത്ത് തിരിഞ്ഞാല്‍ അമ്പലായി. അവടെ തെന്ന്യാ, മൂപ്പരടെ വീട്. ആള്‍താമസം ഇല്ലാണ്ടെ, ഇങ്ങനെ കെടക്കണ ഒരു പഴയ വീടാണ്, പെട്ടെന്ന് മനസ്സ്ലാവും,” ഒരാള്‍ വിവരിച്ചു.
നിര്‍ദ്ദേശമനുസരിച്ച് വഴി രണ്ടാവുന്നിടത്തെത്തി, ദുര്‍ഘട മാര്‍ഗം സ്വീകരിച്ചു. അല്പനേരം കഴിയവേ, കവലയില്‍ കണ്ട സുഹൃത്ത് പറഞ്ഞതുപോലേ, ആദ്യം ഭണ്ഡാരവും, താമസിയാതെ ക്ഷേത്രവും, അടുത്തൊരു ചെറിയ വീടും കാണാനായി.
ആയിരത്തിഇരുനൂറിലേറെ വര്‍ഷത്തെ പ്രാചീനതയുള്ളതും, ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ ഏറ്റെടുത്തതുമായ തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട. വലതു ഭാഗത്തുള്ളതുതന്നെയാണ് കാണാന്‍ കൊതിച്ച ആ ഭവനം. ക്ഷേത്ര ദര്‍ശനം കഴിഞ്ഞുപോകുന്ന ഒരു മുത്തശ്ശിയോട് ചോദിച്ച് ഉറപ്പു വരുത്തി.
സ്ഥലം നായത്തോട് ഗ്രാമം; എറണാകുളം ജില്ല. അങ്കമാലി ജംഗ്ഷനില്‍ നിന്നു തെക്ക് നാലു കിലോമീറ്റര്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒരു വിളിപ്പാടകലെ. അദ്വൈത ദാര്ശനികന് ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലേയ്ക്ക് ഏകദേശം അഞ്ചു കിലോമീറ്റര്‍ മാത്രം.
അനുവാദം ചോദിയ്ക്കാതെ ആരെയും അടുത്ത് കാണാത്തതിനാല്‍, അടഞ്ഞുകിടന്നിരുന്ന ഗെയ്റ്റ് അല്പം തള്ളിനീക്കി വീട്ടുമുറ്റത്ത് പ്രവേശിച്ചു. പരിസരങ്ങളില്‍ ചപ്പും ചവറുമൊന്നുമില്ല. ആരോ വന്നു നിത്യവും മുറ്റം തൂത്തു വൃത്തിയാക്കുന്നുണ്ട്. ഇത്രയെങ്കിലും ചെയ്തല്ലൊ. ഇതിനാരോടാണ് നന്ദി പറയേണ്ടതെന്ന് അറിഞ്ഞതുമില്ല. ആരായാലും കൃതജ്ഞത.
മാവ്, തെങ്ങ്, കവുങ്ങ്, പ്ലാവ്, പുളിമരം, പൂവരശ്ശ്, കശുമാവ്, ആഞ്ഞിലി, അയിനി, ആര്യവേപ്പ്, പപ്പായ, വാഴ, ചേമ്പ്, തൊട്ടാവാടി തുടങ്ങി സകല കൈരളി സവിശേഷ സസ്യജാലങ്ങളും ഇടതൂര്‍ന്നു വളരുന്നൊരു തൊടി. സര്‍ഗാത്മകമായ ഈ പച്ചപ്പിനൊരു ശ്രീകരമായ ആമുഖമെന്നോണം മലയാളഭാഷാ സംസ്കൃതിയുടെ പെരുന്തച്ചന്റെ ജന്മഗൃഹം.
താന്‍ കണ്ട പ്രകൃതി തന്നെയാണ് തന്റെ കൃതികള്‍ക്ക് പ്രചോദനമെന്ന് ജി തന്നെ പറഞ്ഞത് ഓര്‍മ്മയിലെത്തി.
”എന്റെ ഹൃദയം എന്റെ വ്യക്തിത്വത്തിന്റെ അങ്കുരം, ഞാന്‍ വിശ്വസിച്ചിരുന്ന ഗ്രാമാന്തരീക്ഷത്തില്‍ നിന്നാണ് വായുവും വെളിച്ചവും കുളിര്‍മയും വലിച്ചെടുത്തിരുന്നത്. എന്റെ കവിത ആ ഗ്രാമഹൃദയത്തിന്റെ തന്നെ ഒരു ഭാഗമാണ്,” ജി യുടെ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള വരികളാണിത്. പദ്യതുല്യം കാവ്യമനോഹരമായ ജി യുടെ പ്രശസ്ത ഗദ്യം ‘മുത്തും ചിപ്പിയും’ എന്നതിലുള്ളത്.
അര്‍ത്ഥവും ശബ്ദമാധുര്യവും സഹിതമായി, അല്ലെങ്കില്‍ ഒന്നിച്ചിരിക്കുന്നതാണല്ലൊ സാഹിത്യം. എന്നാല്‍ ജി യുടെ സൃഷ്ടികളെല്ലാം, അര്‍ത്ഥവും ശബ്ദമാധുര്യവും പ്രകൃതിയും സഹിതമായിരിക്കുന്ന ത്രിതല സാഹിത്യമാണ്. പ്രകൃതി സഹിതം ഇത്രയും പ്രണയത്തിലായിരുന്ന മറ്റൊരു ഗദ്യപദ്യ സാഹിതി സര്‍വജ്ഞനും നമുക്ക് ഉണ്ടായിരുന്നില്ലെന്നു തന്നെ പറയട്ടെ.
പ്രകൃതിയെ ഉപാസിച്ച ബ്രിട്ടീഷ് കവി വില്യം വേഡ്സ്വര്‍ത്തിന്റെയും, ഇറ്റാലിയന്‍ കവി ജിയാക്കോമോ ലിയൊപാര്‍ഡിയുടെയും ഭാരതീയ പ്രതിരൂപമായിരുന്നു കോളജ് അദ്ധ്യാപകനായിരുന്ന ജി. ഒരു പക്ഷെ, റൊമാന്റിസിസവും മിസ്റ്റിസിസവും കൂടുതല്‍ സ്വാധീനിച്ചത് ജി യെ ആയിരിക്കാം.
”മേഘത്തിന്റെ മടിയില്‍നിന്നും മേഘത്തിന്റെ മടിയിലേയ്ക്ക് കുതിക്കുന്ന മിന്നല്‍ക്കൊടിയെക്കണ്ട് ആരും അരികത്ത് ഇല്ലാത്തപ്പോള്‍, ഇടവപ്പാതിക്കാലത്തെ അന്തിക്കൂരിരുളിന്റെ ചുരുളില്‍, എന്റെ കൊച്ചു വീടിന്റെ കോലായില്‍ നിന്ന് ബാല്യത്തില്‍ ഞാന്‍ എന്തിനെന്നറിയാതെ തുള്ളിപ്പോയിട്ടുണ്ട്,” തന്റെ ബാല്യത്തെക്കുറിച്ചു ജി ഓര്‍ക്കുന്നതിങ്ങനെയാണ്.
ഈ കൊച്ചു വീടിന്റെ കോലായി ഇന്ന് വിജനമാണ്. വീടുതന്നെ അനാഥമാണ്, അനാമകമാണ്. കാവ്യസൗന്ദര്യമേറിയതും വിജ്ഞാനപ്രദവുമായ നിരവധി കൃതികള്‍ ജന്മംകൊള്ളുന്നതിനു തണലേകിയ ഈ ശ്രീലകത്തിന് ഇന്ന് പാതയോരത്തെ ഒരു ബസ് സ്റ്റോപ്പ് ഷെഡ്ഡിന്റെ ഖ്യാതി പോലുമില്ല. യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രത്തിന് അതിന്റെ പേരെഴുതുന്ന പതിവുണ്ട്. എന്നാല്‍, ഇവിടെ അതും നിഷേധിക്കപ്പെട്ടിരിക്കുന്നു.
ഒരാണിയില്‍ തൂങ്ങുന്ന ഒരു ബോര്‍ഡെങ്കിലും ഈ വീട്ടുമതിലില്‍ ഉണ്ടായിരുന്നെങ്കില്‍, ശിവനാരായണ ക്ഷേത്രം സന്ദര്‍ശിക്കുന്ന ആ നാട്ടുകാരല്ലാത്തവര്‍ക്കു കൂടി അത് മഹാകവിയുടെ ഭവനമാണെന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നു. ശ്രീശങ്കരാചാര്യരുടെ വിഭൂതി പതിഞ്ഞ ക്ഷേത്രത്തില്‍ ദൂരദിക്കില്‍ നിന്നു പോലും തീര്‍ത്ഥാടകരെത്തുന്നുണ്ട്. ഇങ്ങനെയുള്ള ചെറിയൊരു പ്രസിദ്ധിക്കു പോലും ജി ക്ക് അര്‍ഹതയില്ലെന്ന് പ്രബുദ്ധ കേരളം വിധിച്ചത് ബോധപൂര്‍വം തന്നെയാണോ? ഖേദപൂര്‍വം കുറിയ്ക്കട്ടെ, ഈ നന്ദികേടിന്റെ നിറവില്‍ അമ്മ മലയാളം എന്നോ മരിച്ചു കഴിഞ്ഞിരിക്കുന്നു!
കൂടുതല്‍ പ്രാചീനതയും ഗ്രന്ഥശേഖരവും അടിസ്ഥാനശേഷിയും സമ്പദ്സ്രോതസ്സും അവകാശപ്പെടാനുണ്ടായിരുന്ന മറ്റുഭാഷകളെ പിന്തള്ളിയാണ്, ഭാരത ഭാഷാശൃംഖലയിലെ ഏറ്റവും ഇളംതലമുറക്കാരിയായ മലയാളത്തിന് രാജ്യത്തെ പ്രഥമ ജ്ഞാനപീഠപുരസ്കാരം ജി സമ്മാനിച്ചത്. 1921-മുതല്‍ 51-വരെയുള്ള 30 വര്‍ഷ കാലയളവില്‍ പ്രസിദ്ധീകരിച്ച ഒമ്പതു ഭാഷകളിലെ ഒട്ടനവധി കൃതികളില്‍നിന്നാണ്, ജി യുടെ 60 കവിതകളുടെ സമാഹാരം 1965-ല്‍ ഏറ്റവും മികച്ചതെന്ന് പത്തംഗ ജൂറി കണ്ടെത്തിയത്. ഹിന്ദിയും ബംഗാളിയും മറാഠിയും ഗുജറാത്തിയും ഉര്‍ദുവും തമിഴും തെലുഗുവും കന്നഡയുമൊക്കെ ജ്ഞാനപീഠം നേടുന്നത് പിന്നീടാണ്.
താത്വികമായി അവലോകനം ചെയ്താല്‍, 2013-ല്‍ അല്ല, ജി മീട്ടിയ ‘ഓടക്കുഴലി’ല്‍ നിന്നുതിര്‍ന്ന നാദവിസ്മയത്തില്‍ ഭാരതമാകെ പുളകം കൊണ്ട അറുപതുകളില്‍ തന്നെ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം, മാതൃഭാഷയെ നെഞ്ചിലേറ്റുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. 2013-ല്‍ നേടിയ നിയമദൃഷ്ട്യാ ഉളള ക്ലാസ്സിക് ലാംഗ്വേജ് സ്ഥാനത്തിന് കേവലം സാങ്കേതികതയുടെ പരിവേഷം മാത്രമാണുള്ളത്.
നമ്മുടെ ഭാഷയ്ക്ക് ഇത്രയൊക്കെ സംഭാവനകള്‍ ചെയ്ത ഒരു മഹാകവി എന്തുകൊണ്ടാണിപ്പോഴും വാഴ്ത്തപ്പെടാത്തത്? കാലയവനികക്കുള്ളില്‍ മറഞ്ഞ് നാലു ദശാബ്ദത്തിലേറെ ആയെങ്കിലും, അദ്ദേഹത്തിനൊരു സ്മാരകം പോലും പണിയാത്തതിനെ നന്ദികേട് എന്നല്ലാതെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? എഴുത്തച്ഛന് തിരൂരിലും ആശാന് തോന്നക്കലിലും രവി വര്‍മ്മക്ക് വയലാറിലും തകഴിക്ക് ശങ്കരമംഗലത്തും ചങ്ങമ്പുഴക്ക് കൊച്ചിയിലും വള്ളത്തോളിന് ചെറുതുരുത്തിയിലും ഒ. വി.വിജയന് തസ്രാക്കിലും മാധവിക്കുട്ടിക്ക് പുന്നയൂര്‍കുളത്തും സ്മൃതി മണ്ഡപങ്ങള്‍ പണിത നമ്മളിപ്പോള്‍ ഇടശ്ശേരി ഗോവിന്ദന് നായര്‍ക്ക് ഇങ്ങനെയൊന്ന് പൊന്നാനിയില്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കിലുമാണ്.
ഒരു സ്മാരകമില്ലെങ്കിലും ആത്മാവുള്ള തന്റെ കൃതികളാല്‍ ജി സ്മരിക്കപ്പെടുമെന്നതില്‍ സംശയമില്ല. എന്നിരുന്നാലും, ഈ വിവേചനത്തിനൊരു അറുതി വരുത്താന്‍ നമുക്ക് പ്രയത്നിക്കേണ്ടതില്ലേ? തന്റെ കാവ്യങ്ങളിലൂടെ മധുരമായും സൗമ്യമായും മാനവസാഹോദര്യവും സാര്‍വദേശീയ സ്നേഹവും ദീപ്തമാക്കിയ കവിവര്യന് വിസ്മരിക്കപ്പെടുന്നത് നന്ദികേടുമാത്രമല്ല, ബോധപൂര്‍വമായ സംസ്കാരനിന്ദയുമാണ്. പ്രശസ്ത സമാഹാരം, ‘മധുരം, സൗമ്യം, ദീപ്തം’ മറിച്ചു നോക്കി അതിലെ സാര്‍വകാലീന മൂല്യമുള്ള കവിതകളുടെ ചേതന ഉള്‍ക്കൊണ്ട ഒരു അനുവാചകനത് അത്യന്തം ഹൃദയഭേദകവുമാണ്.
ശിവനാരായണനെ തൊഴുതു നായത്തോട് സന്ദര്‍ശനം അവസാനിപ്പിക്കുമ്പോള്‍, കാവ്യോജ്ജ്വലങ്ങളായ രചനകള്‍ക്ക് പാത്രീഭൂതമായ ആ വലിയ വീട് ഒരുവട്ടം കൂടി കണ്ണുനിറയെ കണ്ടു.
സൂര്യകാന്തിയും നാലുമണിപ്പൂവുകളും പൂജാപുഷ്പങ്ങളായി ആ മണ്ണിലിനിയും വളരണേയെന്ന് പ്രാര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: