ലഖ്നൗ: യോഗി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടു നിന്നാല്‍ മുഖ്യമന്ത്രിക്കസേര നല്‍കാമെന്ന് വാഗ്ദാനം ചെയ്ത സമാജ് വാദി നേതാവ് അഖിലേഷ് യാദവിനെ ശക്തമായി വിമര്‍ശിച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ബീഹാറിലേതുപോലെ 100 എംഎല്‍എമാരുമായി വന്നാല്‍ മുഖ്യമന്ത്രിക്കസേര നല്‍കാമെന്നായിരുന്നു അഖിലേഷ് യാദവ് യോഗി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്ക് നല്കിയ വാഗ്ദാനം.
എന്നാല്‍ സ്വയം മുങ്ങുന്ന പാര്‍ട്ടിക്ക് എങ്ങിനെയാണ് മുഖ്യമന്ത്രിയെ സൃഷ്ടിക്കാന്‍ കഴിയുക എന്ന് പരിഹസിക്കുകയായിരുന്നു കേശവ് പ്രസാദ് മൗര്യ. യോഗി ആദിത്യനാഥിന്റെ മന്ത്രിസഭ നല്ല നിലയിലല്ലെന്നും അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ ബജറ്റെല്ലാം വല്ലാതെ ചുരുങ്ങിയിരിക്കുന്നുവെന്നും അഖിലേഷ് യാദവ് പരിഹാസപൂര്‍വ്വം ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
ഇതിനെതിരെ അതിശക്തമായ ട്വീറ്റിലൂടെയാണ് കേശവ് പ്രസാദ് മൗര്യ മറുപടി നല്‍കിയത്. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പോടെ സമാജ് വാദി പാര്‍ട്ടി ഇല്ലാതാകുമെന്നായിരുന്നു കേശവ് പ്രസാദ് മൗര്യയുടെ ട്വീറ്റ്. അതേ സമയം സ്വന്തം പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ മറയ്ക്കാനാണ് അഖിലേഷ് യാദവ് ഇത്തരം ട്വീറ്റുകള്‍ നടത്തുന്നതെന്ന് മായാവതി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: