രാജ്യതലസ്ഥാനമായ ദല്‍ഹിയിലെ രാജ്പഥിന് കര്‍ത്തവ്യ പഥ് എന്നു പുനര്‍നാമകരണം ചെയ്തുകൊണ്ടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം എല്ലാ അര്‍ത്ഥത്തിലും ചരിത്രപരമാണ്. രാഷ്ട്രപതി ഭവന് മുതല്‍ ഇന്ത്യാ ഗേറ്റുവരെ നീണ്ടുകിടക്കുന്ന രാജ്പഥിലൂടെയായിരുന്നു വര്‍ഷംതോറും റിപ്പബ്ലിക് ദിന പരേഡുകള്‍ നടന്നിരുന്നത്. റിപ്പബ്ലിക ദിന പരേഡിന്റെ മറുപേരുതന്നെയായിരുന്നു രാജ്പഥ്. ഭാരതം എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ അന്തസ്സും കരുത്തും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡിന് വേദിയാവുന്ന വീഥി എന്ന നിലയ്ക്ക് ലോകത്തിനു മുഴുവന്‍ സുപരിചിതമായിരുന്ന രാജ്പഥ് ഇനി ആ പേരിലല്ല അറിയപ്പെടുക എന്നതുതന്നെ വലിയൊരു മാറ്റത്തെ കുറിക്കുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നതുള്‍പ്പെടെ ‘സെന്‍ട്രല്‍ വിസ്ത’ പദ്ധതിയുടെ ഭാഗമായാണ് രാജ്പഥിന്റെ പേരുമാറ്റം. ഇതുപ്രകാരം കര്‍ത്തവ്യ പഥിന്റെ ഇരുവശവും ഗ്രാനൈറ്റ് വിരിച്ച ഹരിതാഭമായ നടപ്പാതയും സംസ്ഥാനാടിസ്ഥാനത്തിലുള്ള ഭക്ഷണശാലകളും വാഹനങ്ങള്‍ക്ക് പാര്‍ക്കു ചെയ്യാനുള്ള ഇടവുമൊക്കെ ഉണ്ടായിരിക്കും. പക്ഷേ ഇന്ത്യാ ഗേറ്റ് മുതല്‍ മാന്‍സിങ് റോഡുവരെ ഭക്ഷണം കഴിക്കാനുള്ള അനുമതിയില്ല. പൂര്‍ണസമയ സുരക്ഷ ഏര്‍പ്പെടുത്തും. കര്‍ത്തവ്യ പഥിലുടനീളം പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. തീര്‍ച്ചയായും ഇതൊരു മഹത്തായ തുടക്കമാണ്.
സ്വാതന്ത്ര്യം നേടിയതിനുശേഷം നമ്മുടെ രാജ്യം ഭരിച്ചവരും പ്രതിപക്ഷത്തിരുന്നവരുമൊക്കെ തങ്ങള്‍ സാമ്രാജ്യത്വ വിരോധികളാണെന്നു കാണിക്കാനുള്ള അവസരങ്ങളൊന്നും പാഴാക്കിയവരല്ല. എന്നാല്‍ അവരെ പലരെയും ഭരിച്ചിരുന്നത് സാമ്രാജ്യത്വ മനഃസ്ഥിതിയായിരുന്നു. ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടീഷ് ഭരണാധികാരിയാണ് താനെന്ന് അഭിമാനംകൊണ്ട ആളായിരുന്നുവല്ലോ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു. അപ്പോള്‍ അനുയായികളുടെ കാര്യം പ്രത്യേകം പറയേണ്ടതുമില്ല. സാമ്രാജ്യത്വ രീതികള്‍ മാത്രമല്ല, സാമ്രാജ്യത്വ പ്രതീകങ്ങള്‍ നീക്കം ചെയ്യുന്നതിലും ഇവര്‍ക്കൊന്നും താല്‍പ്പര്യമില്ലാതിരുന്നതിന്റെ കാരണം ഇതാണ്. ഇവരില്‍പ്പെടുന്നയാളല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്രാജ്യത്വവുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ നീക്കം ചെയ്യേണ്ടത് ആവശ്യമാണെന്നും ചരിത്രത്തിന്റെ അനിവാര്യതയാണെന്നും കരുതുന്ന ഭരണാധികാരിയാണ് മോദി. ജനതയുടെ സാമ്രാജ്യത്വ മനഃസ്ഥിതി മാറുന്നതിന് ഇത് ആവശ്യവുമാണ്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തിലും പ്രധാനമന്ത്രി ഇക്കാര്യം ഊന്നിപ്പറയുകയുണ്ടായി. രാജ്പഥിന് എങ്ങനെ ആ പേര് വന്നു എന്നുപോലും അറിയാത്തവരോ തെറ്റിദ്ധരിക്കുന്നവരോ ആണ് പലരും. ഇന്ത്യ ഭരിച്ച ഏതെങ്കിലും രാജാവുമായല്ല അതിന് ബന്ധം. ബ്രിട്ടീഷ് സര്‍ക്കാര്‍ തങ്ങളുടെ ഭരണതലസ്ഥാനം കൊല്‍ക്കത്തയില്‍നിന്ന് ദല്‍ഹിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജോര്‍ജ് അഞ്ചാമന് നടത്തിയ സന്ദര്‍ശനത്തിലാണ് ഇന്നത്തെ രാഷ്ട്രപതി ഭവന് മുതല്‍ പുരാണകില വരെയുള്ള വീഥിക്ക് ‘കിംഗ്സ് വേ’ എന്നു പേരിട്ടതും പിന്നീടതിന്റെ പരിഭാഷയായി രാജ്പഥ് പ്രചാരത്തില്‍ വന്നതും.
പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ളവ രൂപകല്‍പ്പന ചെയ്ത ശില്‍പ്പി സര് എഡ്വിന് ല്യൂട്ടിന്‍സ് തന്നെയാണ് രാജ്പഥിന്റെയും രൂപകല്‍പ്പന നിര്‍വഹിച്ചത്. ഇതിനൊക്കെ മാറ്റം വരേണ്ടതുണ്ടെന്ന് ഇന്ത്യയുടെ ഭരണസാരഥ്യം വഹിച്ചവര്‍ക്കൊന്നും തോന്നാതെ പോയി. അത്രയ്ക്കായിരുന്നു അടിമത്ത മനോഭാവം. നരേന്ദ്ര മോദിയുടെ വരവോടെ ഇതിനാണ് മാറ്റം വന്നുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് കാലത്ത് പ്രാബല്യത്തിലിരുന്നതും കാലഹരണപ്പെട്ടതുമായ 1500 ലേറെ നിയമങ്ങളാണ് മോദി സര്‍ക്കാര്‍ ഇതിനോടകം റദ്ദാക്കിയത്. ഫാക്ടറികളിലെ കക്കൂസുകള്‍ ആറുമാസത്തിലൊരിക്കല്‍ വെള്ളപൂശിയില്ലെങ്കില്‍ തടവുശിക്ഷ നല്കുന്നതു പോലുള്ള നിയമങ്ങളാണിത്. സ്വാതന്ത്ര്യം കിട്ടി ഏഴരപതിറ്റാണ്ടു കഴിഞ്ഞിട്ടും പൗരന്മാര് അടിമത്വത്തിന്റെയും വിധേയത്വത്തിന്റെയും നുകങ്ങള് ചുമക്കുന്നതില്‍ യാതൊരു നീതീകരണവുമില്ല. ഇതിനൊക്കെ മാറ്റം വരുത്താന്‍ എല്ലാ അധികാരവുമുണ്ടായിരുന്നിട്ടും ആരും അത് ചെയ്തില്ല എന്നതാണ് വിരോധാഭാസം. ഈ ചരിത്രമാണ് ദേശീയതയിലും ദേശാഭിമാനത്തിലും വിശ്വസിക്കുന്ന ബിജെപിയും നരേന്ദ്ര മോദി സര്‍ക്കാരും തിരുത്തുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തില്‍നിന്ന് ബ്രിട്ടീഷ് ക്രൈസ്തവ ഗാനത്തിനു പകരമായി ആയേ മേരെ വദന്‍… എന്നു തുടങ്ങുന്ന ഗാനം ഉള്‍പ്പെടുത്തിയതും, നാവികസേനയുടെ ബ്രിട്ടീഷ് പതാകമാറ്റി ശിവാജിയുടെ പാരമ്പര്യമുള്ളതു സ്വീകരിച്ചതുമൊക്കെ ഇതിന്റെ ഭാഗമാണ്. ഇന്ത്യാ ഗേറ്റില്‍ 1968 മുതല്‍ ജോര്‍ജ് അഞ്ചാമന്റെ പ്രതിമ നിന്നിരുന്നിടത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചതോടെ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെയാണ് ഒരു രാഷ്ട്രം യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക് ഉണരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: