തിരുവനന്തപുരം: കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് നടന് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദേഹം നരേന്ദ്ര മോദിയെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. മോദിജീ ഞാന്‍ കാക്കനാടാണ് താമസിക്കുന്നത്, മെട്രോയുടെ രണ്ടാഘട്ട വികസനം എന്റെ വീട്ടിനടുത്തേക്ക് എത്തുന്നു എന്നറിയുന്നതില്‍ വ്യക്തിപരമായി നിറഞ്ഞ സന്തോഷം. കേരളത്തിന്റെ വികസനത്തിന് അനുമതി നല്‍കിയതില്‍ ഫണ്ട് അനുവദിച്ചതില്‍ ഒരു മലയാളി എന്ന നിലക്ക് ഹൃദയം നിറഞ്ഞ നന്ദി ഇങ്ങിനെയാണെങ്കില്‍ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങള്‍ക്ക് നേരിട്ട് കൈ തരും. കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണാവിശ്യം..മോദിജീ ഹൃദയം നിറഞ്ഞ ഓണാശംസകളെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മാണ അനുമതി നല്‍കിയതില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. കലൂര്‍ സ്റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. 11.17 കിലോ മീറ്റര്‍ ദൂരത്തിലുള്ള പദ്ധതിക്ക് 1957.05 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയുടെ നിര്‍മാണോദ്ഘാടനം പ്രധാനമന്ത്രി സെപ്തംബര്‍ ഒന്നിന് നിര്‍വഹിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. മെട്രോ റെയില്‍ രണ്ടാംഘട്ടം കേരളത്തിന്റെ വികസനമുന്നേറ്റത്തില്‍ നാഴികക്കല്ലാകും. കൊച്ചി നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനൊപ്പം ഐടി പ്രൊഫഷണലുകള്‍ക്കും യുവ തലമുറയ്ക്കും ഏറെ ഉപകാരപ്പെടുന്ന പദ്ധതി കൂടിയാണിത്.
ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയുള്ളതാണ് രണ്ടാംഘട്ടം. 11.17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണിത്. 11 സ്റ്റേഷനുകള്‍ ഇതിലുണ്ടാകും. കൊച്ചി മെട്രോ നേരിട്ടാകും പദ്ധതിയുടെ നിര്‍മ്മാണം നിര്‍വഹിക്കുക. പദ്ധതിയ്ക്ക് അനുമതി ലഭിച്ചതോടെ കലൂര്‍ കാക്കനാട് പാതയിലെ സ്ഥലമേറ്റെടുപ്പും ഉടന്‍ തന്നെ ആരംഭിക്കും. കാക്കനാട്, ഇടപ്പള്ളി സൗത്ത് വില്ലേജിലെ 2.51 ഭൂമി ജില്ല ഭരണകൂടം ഏറ്റെടുത്ത് മെട്രോ കമ്പനിക്ക് കൈമാറി. 226 ഭൂഉടമകള്‍ക്കായി 132 കോടി രൂപ നല്കി. തൃപ്പൂണിത്തുറ, വാഴക്കാല വില്ലേജുകളിലെ സ്ഥലമേറ്റെടുക്കലാണ് ഇനി ബാക്കിയുള്ളത്. കടയുടമകള്‍ക്കും, വാടകക്കാര്‍ക്കുള്ള പുനരധിവാസ പാക്കേജ് അനുവദിക്കുമെന്നും കമ്പനി അറിയിച്ചു. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ വികസനം അടക്കമുള്ളവ ഉള്‍പ്പെട്ടതാണ് രണ്ടാംഘട്ടം. രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ നെടുമ്പാശ്ശേരി സിയാല്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചിരുന്നു.
ആലുവ മുതല്‍ പേട്ടവരെ ഉള്ളതായിരുന്നു മെട്രോയുടെ ഒന്നാംഘട്ടം. 25.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒന്നാംഘട്ടത്തില്‍ 22 സ്റ്റേഷനുകളാണുള്ളത്. 5181.79 കോടിരൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന് വരെ നീളുന്നതാണ് 1 എ ഘട്ടം. 710.93 കോടി ആയിരുന്നു ഇതിന്റെ നിര്‍മാണ ചെലവ്. എസ്.എന്‍ ജംഗ്ഷന് മുതല്‍ തൃപ്പൂണിത്തുറ വരെ നീളുന്ന 1ബി ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 1.20 കിലോമീറ്ററാണ് ഈ ഘട്ടത്തിന്റെ ദൈര്‍ഘ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: