സമത്വത്തിന്റെയും സമൃദ്ധിയുടെയുമൊക്കെ ഉത്സവമായ ഓണം ഇക്കുറി മലയാളിയെ തേടിയെത്തിയത് പുതുമകളോടെയാണ്. പ്രളയവും കൊവിഡുമെല്ലാം കടന്ന് ജനങ്ങള്‍ക്ക് സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ഒത്തുചേരാന്‍ കഴിയുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. വര്‍ണപ്പൂക്കളങ്ങള്‍ എവിടെയും പ്രത്യക്ഷപ്പെട്ടു. പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അവധിക്കാലത്ത് പൂക്കളിറുക്കാനും, ഓരോരോ കളികളിലേര്‍പ്പെടാനും കഴിഞ്ഞതില്‍ കുട്ടികള്‍ വലിയ സന്തോഷത്തിലുമായിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ ഓണക്കാലത്തെ പതിവ് ഉത്സവാന്തരീക്ഷം തിരിച്ചെത്തി. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമുള്‍പ്പെടെയുള്ള കൊവിഡ് നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അയവുവന്നതോടെ ആളുകള്‍ ധൈര്യമായി പുറത്തിറങ്ങിയിരിക്കുന്നു. നഗരങ്ങളും ചെറുപട്ടണങ്ങളും മഹാമാരിയില്‍ നഷ്ടപ്പെട്ടുപോയ നവോന്മേഷം വീണ്ടെടുത്തു. വിപണികള്‍ സജീവമായതോടെ മഴയെ അവഗണിച്ചും വില്‍പ്പന പൊടിപൊടിച്ചു. തുണിക്കടകളിലും മറ്റും തിരക്കോടു തിരക്കാണ്. ഹോട്ടലുകളിലും മറ്റും മുഖാമുഖമിരുന്ന് ഭക്ഷണം കഴിക്കാനുള്ള സ്ഥിതി ഈ ഓണക്കാലത്ത് വന്നതില്‍ ജനങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ്. പഴയതുപോലെ ഷോപ്പിങ്ങിന് അവസരം ലഭിച്ചതാണ് യുവതീയുവാക്കളെ ആഹ്ലാദിപ്പിക്കുന്നത്. കൊവിഡ് മഹാമാരിയുടെ ഒന്നിനു പുറകെ ഒന്നായി വന്ന തരംഗത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ ഇങ്ങനെയൊരു ഓണാഘോഷം പ്രതീക്ഷിച്ചതല്ല.
ഓണം എന്നുകേള്‍ക്കുമ്പോള്‍ തന്നെ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്നത് മഹാബലി എന്ന നീതിമാനായ ഭരണാധികാരിയുടെ മുഖമാണ്. കള്ളവും ചതിയും കള്ളത്തരവുമൊന്നുമില്ലാത്ത ഒരു ഭരണത്തിലൂടെ പ്രജകളെ സന്തുഷ്ടരാക്കിയിരുന്ന കാലം. സത്യവും നീതിയും സമത്വവുമൊക്കെ കേവലം ആശയങ്ങളായിരുന്നാല്‍ പോരാ. സമൂഹത്തില്‍ പ്രാവര്‍ത്തികമാവണം എന്ന സന്ദേശം ഓണം നല്‍കുന്നുണ്ട്. ഭരണകൂടങ്ങള്‍ക്കു മാത്രമല്ല, വ്യക്തികള്‍ക്കും ഇതില്‍ വലിയ പങ്കുവഹിക്കാനാവും. മാറിയ കാലത്ത് നീതിമാനായ ഒരു ഭരണാധികാരി ഉള്ളതുകൊണ്ടുമാത്രം സമൂഹത്തില്‍ നന്മ പുലരണമെന്നില്ല. ജനങ്ങള്‍ അതനുസരിച്ച് പെരുമാറുകയും വേണം. ഓണം ഉദ്ഘോഷിക്കുന്നതുപോലെ നമ്മുടെ നാട് എന്നും സമ്പല്‍സമൃദ്ധമായിരുന്നു. സമ്പത്ത് നീതിപൂര്‍വ്വമായി പങ്കുവയ്ക്കുന്നതിലാണ് നമുക്ക് പിഴവുപറ്റിയത്. ഒരു വിഭാഗം സുഖാഡംബരങ്ങളില്‍ മുങ്ങിക്കഴിയുമ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യത്തിലും രോഗപീഡയിലും മറ്റും ആണ്ടുകിടക്കുന്ന സ്ഥിതി ഓണം നല്കുന്ന മഹത്തായ സന്ദേശത്തോട് പൊരുത്തപ്പെടുന്നതല്ല. നമുക്ക് ആനന്ദിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ സഹജീവികള്‍ക്കും അതിന് കഴിയുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ മറന്നുപോകരുത്. നാം അത്തം മുതല്‍ പത്തു ദിവസം നീളുന്ന ഓണാഘോഷം അടിച്ചുപൊളിക്കുമ്പോള് തിരുവോണത്തിനുപോലും അവധി ലഭിക്കാത്തവര്‍ നമുക്കിടയിലുള്ള കാര്യം മറന്നുപോകാറുണ്ട്. പോലീസുകാര്‍, നഴ്സുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരൊക്കെ ഇങ്ങനെ കര്‍ത്തവ്യനിരതരാണ്. ഇവരോട് ഓരോ പൗരനും കടപ്പെട്ടിരിക്കുന്നു.
ഓണത്തിന്റെ ഐതിഹ്യപ്പെരുമ നൂറ്റാണ്ടുകളെ അതിജീവിച്ചും തിളക്കം മങ്ങാതെ നില്ക്കുന്നു. ഓണം കേരളത്തിന്റെ ദേശീയോത്സവമാണെന്നു പറയുന്നതില്‍ തന്നെയുണ്ട് ഈ ഐതിഹ്യത്തിന്റെ വ്യാപ്തി. അന്വേഷിച്ചു ചെല്ലുമ്പോള്‍ മഹാബലിയുടെയും ഓണത്തപ്പന്റെയും കഥകള്‍ കേരളത്തിന്റെ അതിരുകള്‍ കടന്ന് ഗുജറാത്തിലും അസമിലുമൊക്കെ എത്തുന്നതു കാണാം. ദേശീയവും സാംസ്കാരികവുമായ ഈ പശ്ചാത്തലം അറിയാതെയും ബോധപൂര്‍വം വിസ്മരിച്ചും ഓണത്തിന്റെ ഐതിഹ്യത്തെ ചിലര്‍ അപകീര്‍ത്തിപ്പെടുത്തുന്നു. കള്ളക്കഥകള്‍ മെനഞ്ഞ് ജനങ്ങളില്‍ ശത്രുത വളര്‍ത്താനും തമ്മിലടിപ്പിക്കാനുമുള്ള ശ്രമങ്ങളില്‍ ഇക്കൂട്ടര്‍ കാലങ്ങളായി ഏര്‍പ്പെടുകയാണ്. മഹാബലിയെയും സാക്ഷാല്‍ വിഷ്ണുവിന്റെ അവതാരമായ വാമനനെയും പരസ്പരം ശത്രുപക്ഷത്ത് നിര്‍ത്തുന്ന രീതി ഇതിലൊന്നാണ്. മഹാബലിയെ വാമനന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്ന കഥ മെനഞ്ഞവര്‍ സ്വന്തം അജ്ഞത വെളിപ്പെടുത്തുക മാത്രമല്ല, ജനങ്ങളില്‍ അനൈക്യം വളര്‍ത്തുകയുമാണ് ചെയ്തത്. അതിബലവാനും നീതിമാനുമായ മഹാബലിയെ പെരുവയറനായ കോമാളിയായി ചിത്രീകരിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഓണത്തെ മതേതരവല്‍ക്കരിക്കാനുള്ള വെമ്പലില്‍ സാംസ്കാരികത്തനിമ ചോര്‍ത്തിക്കളയാനുള്ള ഗൂഢപദ്ധതിയുമുണ്ട്. ഇതില്‍നിന്നൊക്കെ ഓണത്തെയും ഓണാഘോഷത്തെയും വീണ്ടെടുത്തേ മതിയാവൂ. തിരുവോണ നാളില്‍ എല്ലാ വായനക്കാര്‍ക്കും ജന്മഭൂമി വര്‍ണശബളമായ ഓണാശംസകള്‍ നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: