കൊല്ലം: സീനിയറായ പെണ്‍കുട്ടികള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മുടി മുറിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ അനാസ്ഥയും ചര്‍ച്ചയാകുന്നു. പുക വലിക്കുന്നത് കണ്ടതിന്റെ പേരില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മുടി മുറിച്ചെന്ന് ആറാം ക്ലാസുകാരി അറിയിച്ചിട്ടും സ്കൂള്‍ അധികൃതര്‍ ശക്തമായ നടപടി ആദ്യഘട്ടത്തില്‍ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
കൊല്ലം നഗരത്തിലെ അറിയപ്പെടുന്ന എയ്ഡഡ് ഗേള്‍സ് സ്കൂളിലാണ് സംഭവം. പത്താംക്ലാസ് വിദ്യാര്‍ഥിനികളായ ആറുപേര്‍ക്കെതിരെയാണ് പരാതി. ഓണാഘോഷ പരിപാടിയുടെ ദിവസം ബാത്ത്റൂമില്‍ വച്ച് പുകവലിക്കുന്നതു കണ്ടെന്നും ഇതു പുറത്തു പറയരുതെന്ന് പറഞ്ഞ് മര്‍ദിക്കുകയും മുടിമുറിക്കുകയും ചെയ്തെന്നാണ് കുട്ടി പറയുന്നത്. സ്കൂളിലെ ശുചിമുറിയില്‍ വച്ച് ആറു പെണ്‍കുട്ടികളാണ് ഒരു സിഗരറ്റ് കൈമാറ്റം ചെയ്ത് വലിച്ചത്.
ഇത് പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ഈ സമയത്ത് ഇവിടെയെത്തിയ ആറാം ക്ലാസുകാരിയുടെ ഇടതുവശത്തെ തലമുടി കത്രികകൊണ്ട് മുറിച്ചത്. ഓണപരിപാടിയുടെ ദിവസം ബാത്റൂമില്‍ പോയപ്പോള്‍ അവര്‍ നിന്ന് സിഗരറ്റ് വലിക്കുന്നത് കണ്ടതായി കുട്ടി പറയുന്നു. ഇതു കണ്ട് ഓടിയപ്പോള്‍ പിന്നാലെയെത്തി പിടിച്ച് പുറകിലേക്കു കൊണ്ടുപോയി. പിന്നീട് കൂട്ടത്തിലൊരാള്‍ ക്ലാസില്‍ പോയി കത്രികയുമായെത്തി തലമുടി വെട്ടി. ഇതിനിടെ മറ്റുള്ളവര്‍ ഇടിച്ചതായും ഇത് ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നും പറഞ്ഞതായും ആറാം ക്ലാസുകാരി വനിതാസെല്ലില്‍ മൊഴി നല്കി.
അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണസമിതി സീനിയര്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്കി. സംഭവത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും ആറാം ക്ലാസുകാരി. ഇതിനിടെ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പിതാവ് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: