കണ്ണൂര്‍: നാടും നഗരവും മാവേലി മന്നനെ വരവേല്‍ക്കാനൊരുങ്ങി. നാളെ ഉത്രാടപ്പാച്ചില്‍. മറ്റന്നാള്‍ തിരുവോണം. വര്‍ഷത്തിലൊരിക്കല്‍ നാട് കാണാന്‍ വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഓണക്കോടിയും ആഘോഷത്തിനുളള മറ്റ് സാധനങ്ങളും വാങ്ങാനുളളവരുടെ തിരക്കില്‍ നഗരങ്ങൾ വീര്‍പ്പുമുട്ടുകയാണ്. സംസ്ഥാനത്തെ മിക്ക ടൗണുകളിലും വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഉത്രാട തലേനാളായ ഇന്നും തിരുവോണ തലേനാളായ നാളെയും ജനത്തിരക്ക് കൂടുതല്‍ അനുഭവപ്പെടും.
തിരുവോണം പടിവാതില്‍ക്കലിലെത്തി നില്‍ക്കെ നാടെങ്ങും വിവിധ ആഘോഷങ്ങളും നടക്കുകയാണ്. വഴിയോരക്കച്ചവടം മുതല്‍ ഇലക്ട്രോണിക്സ് കടകളില്‍ വരെ ആള്‍ക്കൂട്ടമാണ്. വസ്ത്രശാലകളിലും നല്ല തിരക്കാണ്. വിവിധ മേഖലകളില്‍ നടക്കുന്ന മേളകളിലെല്ലാം വമ്പിച്ച വില്‍പ്പനയാണ് ഇന്നലെ നടന്നത്. വിലക്കുറവും പ്രത്യേക കിഴിവും പ്രഖ്യാപിച്ച് വ്യാപാരമേഖലയാണ് ഓണാഘോഷം പൊലിപ്പിക്കുന്നത്. വിലക്കയറ്റമൊന്നും ജനങ്ങളെ ബാധിക്കാത്ത സ്ഥിതിയാണ്. പച്ചക്കറി മുതല്‍ പലവ്യഞ്ജനങ്ങള്‍ക്ക് വരെ വിപണിയില്‍ വില കൂടുതലാണെന്ന പരാതിയുണ്ട്. സര്‍ക്കാരിന്റെ ഓണച്ചന്തകളില്‍ ആളുകളുടെ നീണ്ടനിരയാണ്.
ഗൃഹോപകരണ വിപണിയിലും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും ലക്ഷങ്ങളുടെ വ്യാപാരമാണ് ഏതാനും ദിവസങ്ങളായി നടക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പൂക്കൃഷി നടത്തി നാട്ടില്‍ ഉല്‍പ്പാദിപ്പിച്ച പൂക്കള്‍ വിപണിയില്‍ ലഭ്യമായിരുന്നുവെങ്കിലും മറുനാടന്‍ പൂക്കള്‍ വിപണി കൈയ്യടക്കി. പൂവില്ലാത്ത ഓണം ചിന്തിക്കാന്‍ കഴിയാത്തതിനാല്‍ പൂവിപണി സജീവമാണ്.
ഓണത്തിരക്ക് കാരണം ടൗണുകളിലെല്ലാം മണിക്കൂറുകളോളം ഗതാഗത കുരുക്ക് നേരിട്ടു. ഇന്നലെ ഉച്ചക്ക് 2 മണിയോടെ കണ്ണൂര്‍ നഗരത്തില്‍ ഗതാഗതത്തിന് പോലീസ് പ്രത്യേക ക്രമീകരണമേര്പ്പെടുത്തിയെങ്കിലും വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: