ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയിലേക്ക് ഇന്ത്യ മുന്നേറുകയാണെന്ന റിപ്പോര്‍ട്ട് രാജ്യത്തെ ഓരോ പൗരനും അഭിമാനകരമാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവകാലത്ത് മറ്റു പല നേട്ടങ്ങള്‍ക്കുമൊപ്പം ഇങ്ങനെയൊരു വിവരവും അറിയാന്‍ കഴിയുന്നതിന്റെ സന്തോഷം വളരെ വലുതാണെന്ന് പ്രത്യേകം പറയേണ്ടതില്ല. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്കണോമിക് റിസര്‍ച്ച് ഡിപ്പാര്‍ട്ടുമെന്റിന്റെ റിപ്പോര്‍ട്ടിലാണ് ഏഴുവര്‍ഷംകൊണ്ട് ജപ്പാനെയും ജര്‍മനിയെയും മറികടന്ന് ഇന്ത്യ മുന്നേറുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ബ്രിട്ടനെ മറികടന്ന് അഞ്ചാംസ്ഥാനത്തെത്തിയെന്ന് കഴിഞ്ഞദിവസം വ്യക്തമായിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന രാജ്യാന്തര സ്ഥാപനമായ ബ്ലൂംബര്‍ഗ് ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി. അമേരിക്ക, ചൈന, ജപ്പാന്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ ഭരണകാലയളവിലാണ് ഇന്ത്യ ലോക സാമ്പത്തിക ശക്തിയെന്ന നിലയ്ക്ക് പതിനൊന്നാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്. അഞ്ചാം സ്ഥാനത്തായിരുന്ന ബ്രിട്ടനെയാണ് ഇന്ത്യ മറികടന്നതെന്ന പ്രത്യേകതയുമുണ്ട്. കൃത്യമായും രണ്ടുനൂറ്റാണ്ടുകാലം ഇന്ത്യയെ രാഷ്ട്രീയമായി അടക്കി ഭരിക്കുകയും, സാമ്പത്തികമായി കടുത്ത ചൂഷണത്തിന് വിധേയമാക്കുകയും, സ്വത്ത് കടത്തിക്കൊണ്ടുപോവുകയും ചെയ്ത സാമ്രാജ്യത്വ ശക്തിയാണ് ബ്രിട്ടന്. ഈ ചരിത്ര പശ്ചാത്തലത്തില്‍ വേണം സാമ്പത്തിക ശക്തിയില്‍ ഇന്ത്യ, ബ്രിട്ടനെ മറികടന്നിരിക്കുന്നതിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാന്‍. കോളനിവാഴ്ച നിലനിന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഇന്ത്യയ്ക്കാണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. ഒരുകാലത്തെ ‘അടിമ’ യജമാനനെ മറികടന്നിരിക്കുന്നു.
സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ കുതിപ്പിനെ അത്ഭുതത്തോടെയോ അവിശ്വാസത്തോടെയോ കാണേണ്ടതില്ല. ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളും അതിനനുസൃതമായ പദ്ധതികളും ആവിഷ്കരിച്ച് ഇച്ഛാശക്തിയോടെ നടപ്പാക്കാന്‍ കഴിഞ്ഞതിന്റെ ഫലമാണിത്. സാമ്പത്തിക കാര്യങ്ങള്‍ ശാസ്ത്രമാണെങ്കിലും സമ്പദ് വ്യവസ്ഥയ്ക്ക് ഒരു രാഷ്ട്രീയമുണ്ട്. സ്വന്തം രാജ്യം മുന്നേറണമെന്ന ഭരണാധികാരികളുടെ ആഗ്രഹമാണത്. ആറുപതിറ്റാണ്ടുകാലം ഇന്ത്യ ഭരിച്ചവര്‍ക്ക് ഇങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അവര്‍ സാമ്പത്തിക നയങ്ങള്‍ക്കും പദ്ധതികള്‍ക്കും രൂപം നല്‍കിയത് ബാഹ്യസ്വാധീനത്താലാണ്. നെഹ്റുവിന്റെ ഭരണകാലത്ത് ഇത് പ്രകടമായിരുന്നു. പഞ്ചവത്സര പദ്ധതിപോലും സോവിയറ്റ് യൂണിയന് നടപ്പാക്കിയതിന്റെ പകര്‍പ്പായിരുന്നുവല്ലോ. ആഗോളവല്‍ക്കരണത്തിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ ധനകാര്യമന്ത്രിയെപ്പോലും അമേരിക്ക തീരുമാനിക്കുന്ന സ്ഥിതിവന്നു. ഇയാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി. ഐഎംഎഫിലും ലോക ബാങ്കിലുമൊക്കെ പണിയെടുത്തിരുന്നവര് സാമ്പത്തിക വിദഗ്ദ്ധരായെത്തി ഇന്ത്യയുടെ ആസൂത്രണവും പദ്ധതികളുമൊക്കെ എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ തുടങ്ങി. ഇതിന് വലിയൊരളവോളം അന്ത്യം കുറിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സാമ്പത്തികരംഗത്ത് നടത്തിയ ഇടപെടലുകളിലൂടെ കഴിഞ്ഞു. ഇതുവഴി ചിലര്‍ക്കൊക്കെ അമര്‍ഷത്തോടെ പുറത്തുപോകേണ്ടിയും വന്നു. അവര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. നാശത്തിന്റെ പ്രവാചകരായ ഇവരുടെ വികല സിദ്ധാന്തങ്ങള്‍ മറികടന്നാണ് ഇന്ത്യ ഇപ്പോള്‍ സാമ്പത്തിക വന്‍ശക്തിയായിക്കൊണ്ടിരിക്കുന്നത്.
ലോകരാജ്യങ്ങളെ മുഴുവന്‍ ബാധിച്ച കൊവിഡ് കാല സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ചും ഇന്ത്യ മുന്നേറുകയാണ്. വളര്‍ച്ചാ നിരക്ക് ഉയര്‍ന്ന തോതിലാണ്. മുന്‍കാലങ്ങളില്‍ വലിയ സാമ്പത്തിക മുന്നേറ്റം നടത്തിയിട്ടുള്ള പല രാജ്യങ്ങളും അസൂയയോടെയാണ് ഇതിനെ നോക്കിക്കാണുന്നത്. അവകാശവാദങ്ങള്‍ക്കപ്പുറം ഇന്ത്യ സാമ്പത്തിക വന്‍ ശക്തിയായി മുന്നേറുന്നതിനെ അവര്‍ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ സ്ഥിതിവിശേഷത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാതെ തികച്ചും രാഷ്ട്രീയപ്രേരിതമായി കുപ്രചാരണങ്ങളിലേര്‍പ്പെടുകയാണ് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ത്തുവെന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ നേതാക്കളില്‍ പലരും സാമ്പത്തിക കാര്യങ്ങളില്‍ യാതൊരു പിടിപാടുമില്ലാത്തവരാണ്. ബഹുഭൂരിപക്ഷം ജനങ്ങളും ഉപയോഗിക്കുന്ന ഭക്ഷ്യധാന്യമായ ആട്ട ഖരരൂപത്തിലാണോ ദ്രവരൂപത്തിലുള്ളതാണോ എന്നുപോലും അറിയാത്തവര്‍ ഇവരിലുണ്ട്. ഇന്ത്യയുടെ മുന്നേറ്റം ഇഷ്ടപ്പെടാത്ത, വൈദേശിക ശക്തികളുടെ കളിപ്പാവകളായ ചില സാമ്പത്തിക വിദഗ്ദ്ധര്‍ നല്കുന്ന കുറിപ്പടികള്‍ക്കനുസരിച്ച് പ്രസംഗിക്കുന്നവര്‍ വലിയ തിന്മയാണ് രാജ്യത്തോട് ചെയ്യുന്നത്. പക്ഷേ ജനങ്ങള്‍ക്ക് ഇപ്പോള്‍ കാര്യങ്ങളറിയാം. സാമ്പത്തികരംഗത്ത് രാജ്യം കൈവരിക്കുന്ന നേട്ടങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന അവര്‍ ഇക്കൂട്ടരുടെ തനിനിറം തിരിച്ചറിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: