കണ്ണൂര്‍: ഓണവിപണിയില്‍ പൂക്കള്‍ക്ക് തീവില. മൈസൂര്‍, മംഗളൂരു, ഗുണ്ടല്‍പ്പേട്ട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമെത്തിയ പൂക്കള്‍ നഗരങ്ങളിലെത്തിയിട്ടുണ്ടെങ്കിലും കൈപൊള്ളുന്ന വിലയാണ്. ചെണ്ടുമല്ലി, റോസ്, ജമന്തി, വാടാമല്ലി, അരളി എന്നിവയൊക്കെ യഥേഷ്ടമെത്തിയിട്ടുണ്ടെങ്കിലും വിലകൂടിയതോടെ പലരും വാങ്ങാന്‍ മടിക്കുകയാണ്. കിലോവിന് 200 മുതല്‍ 600 വരെയാണ് ഇവക്ക് വില. നാട്ടിന്‍പുറങ്ങളില്‍ സുലഭമായിരുന്ന മുക്കുറ്റി, അതിരാണി, തുമ്പ, ചെമ്പരത്തി, ചെത്തി, അരിപ്പൂവ്, ശംഖുപുഷ്പം, തൊട്ടാവാടി, പൂച്ചവാല്, കാക്കപ്പൂവ്, കോളാമ്പിപ്പൂവ്, ഹനുമാന് കിരീടം എന്നിവ ഇന്ന് നാട്ടിന്‍പുറങ്ങളില്‍ അപൂര്‍വ്വ കാഴ്ചയായി മാറിയിരിക്കുകയാണ്.
എന്നാലും നാട്ടിന് പ്രദേശങ്ങളില്‍ ലഭ്യമാകുന്ന പൂവുകള്‍ ശേഖരിക്കാന്‍ കുട്ടികള്‍ യാത്രചെയ്യുന്ന കാഴ്ച ചില മലയോര ഗ്രാമങ്ങളില്‍ കണ്ടുവരുന്നുണ്ട്. പ്രകൃതിരമണീയമായ പൂക്കള്‍കൊണ്ട് വിസ്മയം തീര്‍ക്കുന്ന മാടായിപ്പാറ, പൈതല്‍മല, കക്കണ്ണംപാറ, മാവിലാംപാറ, കല്ല്യാട് തട്ടുപറമ്പ് തുടങ്ങിയ വിസ്തൃതമായ സ്ഥലങ്ങളില്‍ ഒരുകാലത്ത് നാടന്‍പൂക്കള്‍ യഥേഷ്ഠം വിരിയാറുണ്ടായിരുന്നു.
കാലാവസ്ഥാ വ്യതിയാനംമൂലം ഇവിടയൊക്കെ പൂക്കള്‍ വിരിയാത്ത സ്ഥിതിയാണിപ്പോള്‍. ചില മേഖലകളില്‍ പ്ലാസ്റ്റിക്ക് പൂവുകളും പൂക്കളത്തിനായി ഉപയോഗിക്കുന്നുണ്ട്. തമിഴ്നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ ശക്തമായതോടെ പൂകൃഷിക്ക് വ്യാപകമായ നാശനഷ്ടമാണുണ്ടായത്. ഇത് വിപണിയില്‍ വിലക്കയറ്റത്തിന് കാരണമായി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓണത്തിനൊരുകൊട്ടപ്പൂവ് പദ്ധതിപ്രകാരം ചെണ്ടുമല്ലികൃഷി പല ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കിയിട്ടും വേണ്ടത്ര വിജയിച്ചിട്ടില്ല.
ചപ്പാരപ്പടവ് ഞണ്ടമ്പലത്തെ ചെങ്കല്‍പ്പരപ്പുകളില്‍ വിരിഞ്ഞ കാക്കപ്പൂക്കള്‍ തേടി ഒട്ടേറെപേരെത്തുനുന്നുണ്ട്. സാധാരണ പൂവ് വിരിയാറുള്ള പ്രദേശങ്ങളിലൊന്നും നാടന്‍ പൂക്കള്‍ വിരിയാതായതോടെയാണ് ഈ മേഖലയില്‍ പൂവിനായി ആളുകളെത്തുന്നത്. തിരുവോണമടുക്കുന്നതോടെ വിപണിയില്‍ പൂക്കള്‍ക്ക് വിലയെനിയും കയറാനാണ് സാധ്യത. പൂക്കളുമായി ഇവിടെയെത്തുന്ന അന്യസംസ്ഥാനക്കാരില്‍ നിന്നും അത് മൊത്തമായി വാങ്ങി വന്‍ വിലക്ക് വില്‍പ്പന നടത്തുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: