തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മേഖല കൗണ്‍സിലുകളുടെ സ്വഭാവം മാറിയെന്നും യോഗങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
2014നുമുമ്പ്, മേഖലാ കൗണ്‍സിലുകള്‍ വര്‍ഷത്തില്‍ ശരാശരി രണ്ടുയോഗങ്ങളാണു നടത്തിയിരുന്നത്. ബിജെപി സര്‍ക്കാര്‍ അത് 2.7 ആയി ഉയര്‍ത്തി. തിരുവനന്തപുരത്തു നടന്ന 30-ാമതു ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു ശരാശരി 1.4 യോഗങ്ങളാണ് ഉണ്ടായിരുന്നത്. മോദി സര്‍ക്കാര്‍ ഇതും ഏകദേശം രണ്ടുമടങ്ങായി ഉയര്‍ത്തി 2.75 ആക്കി. 2014നുമുമ്പു മേഖലാകൗണ്‍സില്‍ യോഗങ്ങളില്‍ പരിഹാരംകണ്ടത് 43 ശതമാനം പ്രശ്നങ്ങള്‍ക്കായിരുന്നു. ഇപ്പോള്‍ അത് 64 ശതമാനമായി ഉയര്‍ന്നു. 2006നും 2013നും ഇടയില്‍ നടന്ന മേഖലാകൗണ്‍സില്‍ യോഗങ്ങളില്‍ 104 വിഷയങ്ങള്‍ ചര്‍ച്ചചെയ്തപ്പോള്‍ 2014 മുതല്‍ 2022 വരെ നടന്ന യോഗങ്ങളില്‍ 555 വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതില്‍ 64 ശതമാനം പരസ്പരധാരണയോടെ പരിഹരിക്കുകയും ചെയ്തു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്, തമിഴ്നാട് മുഖ്യന്ത്രി എം.കെ. സ്റ്റാലിന്, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്ര പ്രദേശ് ധനമന്ത്രി ബഗ്ഗ്റ രാജേന്ദ്രനാഥ്, തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ്, പുതുച്ചേരി ലഫ്. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടല്, ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്. ഗവര്‍ണര്‍ അഡ്മിറല്‍ ഡി.കെ. ജോഷി, കേന്ദ്ര സര്‍ക്കാരിലേയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ദക്ഷിണമേഖലാ കൗണ്‍സിലിന്റെ 30ാമത് യോഗത്തില്‍ 26 വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു, 9 പ്രശ്നങ്ങള്‍ പരിഹരിച്ചു, 17 വിഷയങ്ങള്‍ കൂടുതല്‍ പരിഗണനയ്ക്കായി മാറ്റിവെച്ചു, ഇതില്‍ 9 വിഷയങ്ങള്‍ ആന്ധ്രാ പുനഃസംഘടനയുമായി ബന്ധപ്പെട്ടതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശും തെലങ്കാനയും അവരുടെ തീര്‍പ്പാക്കാത്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഷാ അഭ്യര്‍ത്ഥിച്ചു, ഇത് അവരുടെ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുക മാത്രമല്ല, മുഴുവന്‍ ദക്ഷിണ മേഖലയുടെയും സമഗ്രമായ വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും. കൗണ്‍സിലിലെ എല്ലാ അംഗസംസ്ഥാനങ്ങളും ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സംയുക്ത പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 12ാമത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ മൊത്തം 89 വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും ഇതില്‍ 63 വിഷയങ്ങള്‍ പരസ്പര ധാരണയിലൂടെ പരിഹരിച്ചത് സുപ്രധാന നേട്ടമാണെന്നും ഷാ പറഞ്ഞു.
പരസ്പരധാരണയിലൂടെ കേന്ദ്രവും സംസ്ഥാനങ്ങളും അന്തര്‍ സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുക, സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രാദേശിക സഹകരണം പ്രോത്സാഹിപ്പിക്കുക, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്താന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും വേദിയൊരുക്കുക തുടങ്ങിയവയാണു മേഖലാ കൗണ്‍സില്‍ യോഗങ്ങളുടെ ലക്ഷ്യങ്ങളില്‍ പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: