കേരളത്തിലെ രക്ഷിതാക്കള്‍ ഇന്ന് ആശങ്കാകുലരാണ്. പലരും അത്യുച്ചത്തില്‍ വിലപിക്കുന്നു. നമ്മുടെ വിദ്യാലയങ്ങളില്‍ ഇന്ന് കെട്ടിയിറക്കിയിരിക്കുന്നത് വിദ്യാര്‍ത്ഥികളുടെ അടിത്തറയിളക്കുന്ന, ജീവിതം തകിടം മറിക്കുന്ന അപകടകാരികളായ ലഹരി മരുന്നുകളാണ്. കുഞ്ഞിളം പ്രായത്തില്‍ പ്രസരിപ്പോടെ കാന്തി ചിതറി കാണേണ്ട മുഖം വാടിക്കരിഞ്ഞും ചഞ്ചല മിഴികളോടെ നോക്കുന്നു.
കരളിന്റെ മുഖ്യശത്രു മദ്യപാനമെന്നപോലെ കുട്ടികളുടെ നാഡീഞരമ്പുകളെ ഭ്രാന്തുപിടിപ്പിക്കുന്ന വിധം അവരില്‍ ആരാണ് മയക്കുമരുന്നുകള്‍ അടിച്ചേല്‍പ്പിക്കുന്നത്? ലഹരി മരുന്നിനോടുള്ള ആസക്തി എങ്ങനെയുണ്ടായി? അറിവിന്റെ വിശാലലോകത്തേക്ക് സഞ്ചരിക്കേണ്ട കുട്ടികള്‍ അവരുടെ പഠന നൈപുണ്യം തെളിയിക്കേണ്ടത് സ്വന്തം വിജ്ഞാനത്തെ ഉല്പാദിപ്പിച്ചുകൊണ്ടാണ്. അതിന് പകരം മയക്കുമരുന്നല്ല ഉല്പാദിപ്പിക്കേണ്ടത്. അവിടെ മന്ദബുദ്ധികളെ സൃഷ്ടിക്കുക മാത്രമല്ല നടക്കുന്നത്. അറപ്പും വെറുപ്പും മടുപ്പും ഉളവാക്കുന്ന മൃഗീയ പ്രവര്‍ത്തികള്‍ക്ക് കാരണമാകുന്നു. അത് സ്വന്തം ജീവിതത്തെ മാത്രമല്ല, കുടുംബത്തിലുള്ളവരെയും കണ്ണീരിലാഴ്ത്തുന്നു. സംസ്ഥാനത്തെ പല വിദ്യാലയങ്ങളിലും മയക്കു മരുന്ന് മാഫിയകളുടെ വിളയാട്ടമാണ്. അത് പൂര്‍വ്വാധികം ശക്തിപ്രാപിച്ചിരിക്കുന്നു.
കേരളത്തിലെ ലഹരി മാഫിയകള്‍ കുട്ടികളുടെ ഭാവി തകര്‍ക്കുന്നു. കുട്ടികളുടെ ജീവിതത്തെ വരിഞ്ഞു മുറുക്കുന്ന വിഷപ്പാമ്പുകളെ കേരളത്തില്‍ പാലൂട്ടി വളര്‍ത്തുന്നത് ആരാണെന്നതാണ് ചിന്തിക്കേണ്ടത്. ഇവരെ സംരക്ഷിക്കുന്നതിനുള്ള ഗൂഢതാല്പര്യം ആര്‍ക്കാണ്. പാഠപുസ്തകങ്ങള്‍ വില്ക്കുന്നതു പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് വിറ്റഴിയുന്നു.
പല സ്കൂളുകളിലും ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതിന് നേതൃത്വം നല്‍കുന്നത് കുട്ടികള്‍ തന്നെയാണ്. അവരെ നിയന്ത്രിക്കാന്‍ സ്കൂളിനു പുറത്ത് ആള്‍ക്കാരുണ്ട്. വന്‍തോതില്‍ ചങ്ങലകളുള്ള വലിയ വ്യവസായമാണത്. സംസ്ഥാനത്തെ ഒരു സ്കൂളിലേക്ക് എക്സൈസ് വകുപ്പ് പിടികൂടിയ കുട്ടികളെയും കൊണ്ടുവന്ന വാര്‍ത്ത നമ്മള് വായിച്ചു. പത്തോളം വരുന്ന പ്ലസ്ടു വിദ്യാര്‍ഥികളെയും കൊണ്ട് പോലീസ് വാഹനത്തിലാണവര്‍ സ്കൂളിലേക്ക് വന്നത്. അതില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമുണ്ട്. അവന് സ്കൂളില്‍ പഠിച്ചു വളരുന്നത് ലഹരി മരുന്നുകള്‍ എങ്ങനെ വിറ്റഴിക്കാമെന്നാണ്. എങ്ങനെ കൂടുതല്‍ കാശുണ്ടാക്കാമെന്നാണ്. ഒരധ്യാപകനും അവനില്‍ സംഭവിച്ചിട്ടുള്ള തകര്‍ച്ച മനസ്സിലാക്കിയില്ല. മയക്കുമരുന്നിന് ഇരകളായ അധ്യാപകരെ കേട്ടിട്ടില്ല, എന്നാല്‍ കുട്ടികള്‍ ധാരാളമായുണ്ട്. ഇന്നവന് വിദ്യാര്‍ത്ഥിയല്ല, ഗുണ്ടാത്തലവനെ പോലെ ലഹരി മാഫിയ തലവനാണ്. കുട്ടികള്‍ ഉള്‍പ്പെട്ട ലഹരിമരുന്നു കേസുകള്‍ നിത്യവും കൂടുന്നു. കൊച്ചി എന്ന കൊച്ചു പട്ടണം അതിന്റെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കുട്ടികളെ നിയന്ത്രിക്കാന്‍ പറ്റാത്ത മാതാപിതാക്കളും അധ്യാപകരും. നമ്മുടെ വിദ്യാലയങ്ങളില്‍ നടക്കുന്ന ഈ ഗുരുതര പ്രതിസന്ധിക്ക് പരിഹാരംകാണാന്‍ വിദ്യാഭ്യാസ വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല.
വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താന്‍ കേരളത്തില്‍ എല്ലാവര്‍ഷവും പാഠ്യപദ്ധതി പരിഷ്ക്കരണം നടക്കാറുണ്ട്. എന്നാല്‍ വിദ്യാലയാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ഒരുപദ്ധതിയുമില്ല. മാരക ലഹരി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുന്നത് ആരാണെന്നു കണ്ടെത്താനുള്ള ഒരു നടപടിയുമില്ല. അന്യദേശങ്ങളില്‍ നിന്ന് ഇതൊക്കെ കൊണ്ടുവരാന്‍ ഒത്താശ ചെയ്യുന്നത് ആരാണ്? കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ, യുവതീയുവാക്കളെ ലഹരി മാഫിയ വലയില്‍ വീഴ്ത്തികൊണ്ടിരിക്കുന്നത് കേരള സമൂഹം കാഴ്ചക്കാരായി കാണുന്നു.
കുട്ടികളെ മയക്കുമരുന്നിലേക്ക് വലിച്ചെറിയാന്‍ കൂട്ടുനില്‍ക്കുന്നത് ഓരോ കുട്ടിയോടും ചെയ്യുന്ന ക്രൂരതയാണ്. സല്സ്വഭാവികളായ കുട്ടികളെപ്പോലും ആത്മസംഘര്‍ഷത്തിലാക്കുന്ന, ദുഷിപ്പിക്കുന്ന ഈ കച്ചവടം സ്കൂളില്‍ നടക്കുന്നത് അധ്യാപകര്‍ അറിയാതിരിക്കുന്നത് എത്ര പരിതാപകരമാണ്. ഈ വിഷബാധയെപ്പറ്റി, അതുമൂലമുണ്ടാകുന്ന ദുരന്തത്തെ പറ്റി വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തേണ്ടതാണ്. കുട്ടികളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന ഹീന കൃത്യത്തെ ഫലപ്രദമായി നേരിടാന്‍ അധ്യാപര്‍ക്ക് സാധിച്ചിട്ടുണ്ടോ.? അതിനുള്ള സൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് വിദ്യാലയങ്ങള്‍ ചെയ്യേണ്ടത്. ഇല്ലെങ്കില്‍ കുട്ടികളുടെ ഭാവി തകരും, തീര്‍ച്ച.
സോഷ്യല്‍ മീഡിയ ലോകമെങ്ങും കുതിച്ചു ചാടിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ദുരുപയോഗത്തെ കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളെയും മയക്കുമരുന്ന് കച്ചവടത്തിനു ഉപയോഗിക്കാറുണ്ട്. അതു കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള ബോധവത്കരണവും പ്രവര്‍ത്തനങ്ങളുമാണ് വേണ്ടത്.
സാമ്പത്തികമായി ദുര്‍ബലരായ കുട്ടികളെയാണ് പലപ്പോഴും മയക്കുമരുന്നു മാഫിയ കെണിയിലാക്കുന്നത്. സ്കൂളിലെത്തുന്ന കുട്ടികള്‍ പുസ്തക ബാഗുകളില്‍ മയക്കുമരുന്ന് നിറച്ചുവരുമ്പോള്‍ അത് പിരിശോധിക്കാനും തടയാനുമുള്ള സംവിധാനമുണ്ടാകണം. ഓരോ കുട്ടിയുടെയും ബാഗുകള്‍ മാത്രമല്ല ശരീരവും കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കണം. അവരെക്കൊണ്ട് ആത്മപ്രതിജ്ഞ ചെയ്യിക്കണം. ഓരോ ക്ലാസ്സിലും ബോധവല്‍ക്കരണമുണ്ടാകണം. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ വലിയ ഈ ദുരന്തത്തെ നേരിടാനാകൂ. സര്‍ക്കാരും വിദ്യാലയങ്ങളും അതിന്റെ ഭവിഷ്യത്ത് മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം. എല്ലങ്കില്‍ കേരളത്തിലെ വലിയൊരു തലമുറ ലബരിക്കടിപ്പെട്ട് ഇല്ലാതാകുമെന്നത് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: