ശിവപ്രസാദ് കൊടുങ്ങല്ലൂര്‍
തൃക്കാക്കര പൂ പോരാഞ്ഞ്, തിരുനക്കര പൂ പോരാഞ്ഞ്, തിരുമാന്ധാം കുന്നിലെത്തിയ തെക്കന്‍ കാറ്റേ… എന്ന വയലാര്‍ രാമവര്‍മയുടെ വരികള്‍ തൃക്കാക്കരയെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യമായിരിന്നു. പൂക്കളുടെ ഉത്സവമായ ഓണത്തിന്റെ നാട് തൃക്കാക്കര തന്നെയായിരുന്നുവെന്നതിന് തെളിവായിരുന്നു നാടന്‍ പുഷ്പങ്ങളുള്‍പ്പെടെ ഇവിടെയുണ്ടായിരുന്ന ജൈവവൈവിധ്യം.
കേരള ചരിത്രം തുടങ്ങുന്നതു തന്നെ ഒരു പക്ഷെ തൃക്കാക്കര വാമനമൂര്‍ത്തി മഹാക്ഷേത്തിനൊപ്പമായിരിക്കും.
തിരുകാട്(കാല്)ക്കരൈ എന്ന് അറിയപ്പെട്ടിരുന്ന തൃക്കാക്കര, തമിഴ് വൈഷ്ണവ ആരാധകരായ ആഴ്വാര്‍മാരുടെ നൂറ്റിയെട്ടു തിരുപ്പതികളില്‍ ഒന്നായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ എഴുതപ്പെട്ട സ്ത്രോത്രങ്ങളില്‍ മാത്രമല്ല, വൈഷ്ണവ ഭക്തര്‍ പാടി നടക്കുന്ന വിഷ്ണു സ്തുതികളിലും കേള്‍ക്കാം തൃക്കാക്കര വാമനമൂര്‍ത്തിയെ പ്രകീര്‍ത്തിക്കുന്ന വരികള്‍.
ക്ഷേത്രത്തിന് രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്നാണ് ക്ഷേത്രത്തിനു സമീപത്തു നിന്നും കണ്ടെടുത്ത ശിലാലിഖിതങ്ങള്‍ സൂചിപ്പിക്കുന്നത്. കുലശേഖര ചക്രവര്‍ത്തിമാരുടെ ആസ്ഥാനമായിരുന്നു തൃക്കാക്കരയെന്നാണ് അനുമാനം. അക്കാലത്ത് തൃക്കാക്കര ക്ഷേത്രത്തില്‍ പല സാംസ്കാരിക പ്രവര്‍ത്തനങ്ങളും നടന്നു വന്നിരുന്നു. ഓണമഹോത്സവത്തിന്റെ ഉത്ഭവവും അങ്ങനെയാവാം. കുലശേഖര രാജാവിന്റെ കീഴിലുള്ള നാടുവാഴികളുമായി പരസ്പര ബന്ധം ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ചിങ്ങത്തില് തിരുവോണ മഹോത്സവം നടത്തിയിരുന്നത്. .
പുരാതനകാലത്ത് തൃക്കാക്കര ക്ഷേത്രസമുച്ചയത്തില്‍, പ്രധാന ഉപാസന മൂര്‍ത്തിയായ മഹാവിഷ്ണുവിനെ കൂടാതെ ഇരുപത്തിയേഴ് ദേവീദേവന്മാരുടെ പ്രതിഷ്ഠയും, ഓരോ പ്രതിഷ്ഠയ്ക്കും ശ്രീകോവിലിലും തിടമ്പുമുണ്ടായിരുന്നു. തിടമ്പുകളേറ്റി ഉത്സവത്തിന് എഴുന്നള്ളിപ്പുകള്‍ വെവ്വേറെ ഉണ്ടായിരുന്നുവെന്നത് അക്കാലത്തെ തിരുവോണാഘോഷങ്ങളുടെ പൊലിമ വ്യക്തമാക്കുന്നു. ഇന്നതെല്ലാം അസ്തമിച്ചമട്ടിലാണ് ക്ഷേത്രത്തിന്റെയും, ഓണ മഹോത്സവത്തിന്റേയും സ്ഥിതി.
ഇടപ്പള്ളി രാജാവ് എന്നറിയപ്പെടുന്ന എളങ്ങല്ലൂര്‍ സ്വരൂപത്തിലെ ബ്രാഹ്മണരായിരുന്നു പണ്ട് തൃക്കാക്കര ക്ഷേത്രത്തിലെ മേല്‍ശാന്തിമാര്‍. ചരിത്രത്തിന്റെ വഴികളില്‍ എളങ്ങല്ലൂര്‍ സ്വരൂപത്തിന് ഇടപ്പള്ളി ദേശത്തിന്റെ ഭരണാധികാരം ലഭിച്ചു. കൊച്ചിയും, സാമൂതിരിയും തമ്മിലുള്ള അധികാര വടംവലിയില്‍, ഇടപ്പള്ളി രാജാവ് സാമൂതിരിയുടെ കൂടെ നിന്നതോടുകൂടി, ഓണാഘോഷത്തിലെ കൊച്ചി രാജാവിന്റെ പങ്ക്, തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തില്‍ ഒതുങ്ങി. ഭരണപരമായ, അകല്‍ച്ച അഞ്ഞൂറു കൊല്ലം മുമ്പേ ഉടലെടുത്തിട്ടും, എഴുപതു വര്‍ഷം മുമ്പു വരെ അത്തച്ചമയ ഘോഷയാത്ര, തൃക്കാക്കരയിലെ വാമനമൂര്‍ത്തിയെ ലക്ഷ്യമാക്കി വന്ന്, ഉപചാര പൂര്‍വ്വം, ഇത്തവണ ഓണമില്ല എന്ന ഒരു രാജകീയ പ്രഖ്യാപനത്തോടെ മടങ്ങുന്ന ഒരു രീതിയായിരുന്നു. ജനകീയ ഭരണം വന്നതോടെ അത്തച്ചമയവും തൃക്കാക്കരയപ്പനും തമ്മിലുള്ള ബന്ധം നിലച്ചു. തിരുവോണ മഹോത്സവം തീര്‍ത്തും ജനകീയ ഉത്സവമാക്കി മാറ്റുക വഴി അത്തച്ചമയത്തിന്റെ ഈശ്വരീയതയില്‍ അധിഷ്ഠിതമായ അനുഷ്ഠാനം എന്ന നിലയും ഇല്ലാതെയായി.
ഇങ്ങല്ലൂര്‍ സ്വരൂപവും (ഇടപ്പിളളി രാജാവ്) കൊച്ചി രാജാവും ക്ഷേത്രത്തെ കൈവിട്ടതോടെ, ക്ഷേത്രത്തില്‍ മേലുള്ള അധികാരം തിരുവിതാംകൂര്‍ രാജാവിനു കൈവന്നു. ഈ അധികാര കൈമാറ്റം തൃക്കാക്കര മഹാക്ഷേത്രത്തിന്റെ അസ്തിത്വത്തെ സാരമായി ബാധിച്ചു.
കേരള സംസ്ഥാന രൂപീകരണത്തിനു ശേഷവും തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല. എങ്കിലും ഗതകാല പ്രൗഢിയുടേയും, അനുഷ്ഠാനങ്ങളുടേയും സ്മരണകള്‍ പേറുന്ന, പരമ്പരാഗത വിധിപ്രകാരമുള്ള ചില ഉത്സവാചാരങ്ങള്‍ ഇന്നും നിലനില്ക്കുന്നു.
ചിങ്ങത്തിലെ തിരുവോണനാള്‍ വരെ അത്തം തൊട്ട് പത്ത് ദിവസമാണ്, വിധി പ്രകാരമമുള്ള ആഘോഷം ക്ഷേത്രത്തില്‍ ഇപ്പോള്‍ നടന്നുവരുന്നത്. വാദ്യമേളക്കാര്‍, സ്വയമേവ ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നതുകൊണ്ട്, വാമനമൂര്‍ത്തിയുടെ തിടമ്പു കയറ്റിയുള്ള എഴുന്നള്ളിപ്പുമേളങ്ങള്‍ക്ക് ഗാംഭീര്യമേറും.
കഥകളി, തിരുവാതിരകളി, കൈകൊട്ടിക്കളി, കുറത്തിയാട്ടം, ഓട്ടന്തുള്ളല് തുടങ്ങിയ കലാരൂപങ്ങളും ഉത്സവത്തിന് മികവേറ്റുന്നു.
ഉത്രാടപാച്ചിലിനിടയിലും, നാട്ടുകാരും ഉത്സവപ്രേമികളും തിരുവോണത്തലേന്ന് നടക്കുന്ന തൃക്കാക്കര പകല്‍പ്പൂരം ദര്‍ശിക്കാനായി വാമനമൂര്‍ത്തി നടയില്‍ തടിച്ചു കൂടാറുണ്ട്.
ത്രിവിക്രമനായ വാമനമൂര്‍ത്തിയുടെ തിരുനാളായ തിരുവോണ ദിവസം, സുതലത്തില്‍ നിന്ന് ഭൂതലത്തില്‍ വിരുന്നിനെത്തുന്ന മഹാബലി തമ്പുരാനെ വാമനമൂര്‍ത്തിയുടെ ക്ഷേത്രാങ്കണത്തിലേക്ക് ഉപചാരപൂര്‍വം സ്വീകരിക്കുന്ന ഭക്തി നിര്‍ഭരമായ ‘എതിരേല്ക്കല്’ ചടങ്ങ് തൃക്കാക്കര തിരുവോണ ഉത്സവത്തിന്റെ സവിശേഷതയാണ്. ആനപ്പന്തലില്‍ ഒരുക്കുന്ന തൃക്കാക്കരയപ്പനെ, വാമനമൂര്‍ത്തിയുടെ മണ്ഡപത്തിലേക്ക് ആനയിച്ച് ഇരുത്തുന്നതോടെ, ഭഗവാനും മഹാബലിയും കൊല്ലത്തില്‍ ഒരിക്കല്‍ കൂടി ഒരുമിച്ചാകും. പിന്നീട് ഉഷഃപൂജയും കഴിഞ്ഞ് പ്രജകളുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്നാണ് സങ്കല്‍പ്പം. വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ ജാതിമത ഭേദമന്യേ ഭക്തര്‍ക്കായി, ഭഗവാന്റെ തിരുസന്നിധിയില്‍ ഒരുക്കുന്ന തിരുമുല്ക്കാഴ്ച സമര്‍പ്പണത്തില്‍ സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ളവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: