അനില്‍ ജി.
ഒരിക്കല്‍ തകര്‍ച്ചയുടെ നെല്ലിപ്പലകയില്‍ വീണ സ്ഥാപനമാണ് കൊച്ചി കപ്പല്‍ശാല. ഒരു കപ്പല്‍ പോലും നിര്‍മിക്കാന്‍ ഓര്‍ഡറില്ലാതെ കൊച്ചി നഗരത്തിലെ ഓടകള്‍ക്ക് കോണ്‍ക്രീറ്റ് മൂടി പണിയാനുള്ള ജോലി വരെ അവര്‍ ഏറ്റെടുത്തിരുന്നു. അന്ന് കപ്പല്‍ശാല സന്ദര്ശിച്ചിട്ടുള്ളര്ക്ക് ആ ദുരിതകാലം ഓര്‍ത്തെടുക്കാം. ഡോക്ക് കാലി, അറ്റകുറ്റപ്പണിക്കു പോലും കപ്പലില്ല. കപ്പലുകള്‍ക്കു പകരം ചില ഓയില്‍ റിഗുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറുകളാണ് ചിലപ്പോഴെങ്കിലും കപ്പല്‍ശാലയ്ക്ക് ലഭിച്ചിരുന്നത്.
പക്ഷെ കാലം മാറി; കഥയും. ഇന്ന് ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കൊച്ചി കപ്പല്‍ശാലയില്‍ നിന്ന് നാവിക സേനയില്‍ ചേരുമ്പോള്‍ മറക്കരുത് ആ കാലത്തെ…78ലാണ് ഇവിടെ കപ്പല്‍ നിര്‍മാണം തുടങ്ങിയത്. 81ല്‍ ആദ്യ കപ്പല്‍ നീറ്റിലിറക്കി, എംവി റാണിപദ്മിനി. ചരക്കു കപ്പലായിരുന്നു അത്. അതേ വര്‍ഷമാണ് അറ്റകുറ്റപ്പണി ആരംഭിച്ചതും. 90ല്‍ ഇവിടെ നിര്‍മിച്ച ആദ്യ എണ്ണടാങ്കര്‍ മോട്ടിലാല്‍ നെഹ്റു നീറ്റിലിറക്കി. മോട്ടിലാല്‍ നെഹ്റുവിനു ശേഷം കാര്യമായ കപ്പലോര്ഡര് ഒന്നും ലഭിച്ചില്ല.ഈ സമയത്താണ് ഒരു എന്ജിസിക്കുവേണ്ടി റിഗുകള്‍ നിര്‍മിക്കാന്‍ ആരംഭിച്ചത്. 2004 ജനുവരിയിലാണ് കപ്പല്‍ നിര്‍മാണത്തിന് ഓര്‍ഡര്‍ ലഭിച്ചത്.
ബഹാമസിലെ ഒരു കമ്പനിക്കു വേണ്ടി ആറ് എണ്ണടാങ്കറുകള്‍ നിര്‍മിക്കുക. അതിനൊപ്പം ഓയില്‍ റിഗുകളുടെയും അഗ്നിശമന സംവിധാനങ്ങളുടെയും നിര്‍മാണവും തുടര്‍ന്നു. 2008ല്‍ നാവിക സേനയുടെ ഐഎന്‍എസ് വിരാടിന്റെ അറ്റകുറ്റപ്പണിയും നടത്തി. 2010 ലാണ് തീരരക്ഷാ സേനയ്ക്കു വേണ്ടി 20 അതിവേഗ പട്രോളിങ് വെസലുകള്‍ നിര്‍മിക്കാന്‍ ഓര്‍ഡര്‍ ലഭിച്ചത്. 2012, 2013ല്‍ ഷിപ്പിങ് കോര്‍പ്പറേഷനു വേണ്ടി അഞ്ചു ചരക്കു കപ്പലുകളും ലൈബീരിയക്കു വേണ്ടി ഒരു കപ്പലും നിര്‍മിച്ചു. 2013ലാണ് വിക്രാന്ത് എന്ന വിമാനവാഹിനി നിര്‍മിക്കാന്‍ ഓര്‍ഡര്‍ ലഭിച്ചത്. 2014 മാര്‍ച്ചില്‍ നൂറാമത്തെ കപ്പല്‍ പണിത് നല്കി. 2015 16ല്‍ കോസ്റ്റ്ഗാര്‍ഡിനു വേണ്ടി ആറ് അതിവേഗ പട്രോള്‍ വെസലുകള്‍ പണിതു നല്കി.
പിന്നീടാണ് അബുദാബിക്കു വേണ്ടി വന്‍കിട ബാര്‍ജ് പണിയാന്‍ ഓര്‍ഡര്‍ ലഭിച്ചത്. ചരക്കു കപ്പലുകളും റോ റോ വെസലുകളും സൈന്യങ്ങള്‍ക്കു വേണ്ടിയുള്ള ചെറുകിട കപ്പലുകളും മറ്റും നിര്‍മിക്കുന്ന പദ്ധതികളുമായി കപ്പല്‍ശാല മുന്നേറുകയാണ്. മറ്റൊരു വിമാനവാഹിനിയും നാവിക സേനയ്ക്കായി മൂന്നു യുദ്ധക്കപ്പലുകളും നിര്‍മിക്കാനുള്ള കരാറുകളും കപ്പല്‍ശാല നേടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: