ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി വിക്രാന്ത് ചൈനയ്ക്കുള്ള മറുപടി കൂടിയാണ്. ചൈനയ്ക്ക് മൂന്നു വിമാനവാഹിനി കപ്പലുകളുണ്ട്. ഒരെണ്ണം പ്രവര്‍ത്തന സജ്ജമായിക്കൊണ്ടിരിക്കുന്നു. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ സജീവ ഇടപെടലുകള്‍, ഇന്ത്യയുമായി നേരിട്ടുള്ള സംഘര്‍ഷങ്ങള്‍ക്കും വഴിവയ്ക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ നാവിക ശേഷി കൂടുതല്‍ വികസിപ്പിക്കേണ്ടതുണ്ടെന്നു പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കരുത്തായി വിക്രാന്ത്
അറുപത്തൊന്നു കൊല്ലം മുന്നേ ഒരു വിമാന വാഹിനി കപ്പല്‍ ചേര്‍ന്നതിന് ശേഷം ആദ്യമായിട്ടാണ്പ്രവര്ത്തനക്ഷമമായ രണ്ട് വിമാനവാഹിനികള്‍ നാവികസേനയില്‍ കൈമുതലായി വരുന്നത്. ഇതോടെ പടിഞ്ഞാറും കിഴക്കും സമുദ്രമേഖലകളില്‍ മികച്ച പ്രതിരോധം തീര്‍ക്കുവാന്‍ നാവികസേനയ്ക്ക് സാധിക്കും. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്ന് വിമാനവാഹിനി കപ്പലുകളുടെ ആവശ്യകത ഇന്ത്യക്കുണ്ട്. ആ ലക്ഷ്യത്തിലേക്കു രാജ്യം നീങ്ങുകയാണ്.
വിക്രാന്ത്, വിരാട് എന്നീ വിമാനവാഹിനി കപ്പലുകളില്‍ സീ ഹാരിയര്‍ എന്ന യുദ്ധശക്തിയും പ്രതിരോധശേഷിയും കുറഞ്ഞ വിമാനങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിച്ചിട്ടുള്ളൂ. എന്നാല്‍ പുതിയ വിക്രമാദിത്യയിലും വിക്രാന്തിലും മിഗ് 29 കെ എന്ന വിമാനം ഉപയോഗിക്കാന്‍ സാധിക്കും.
അഭിമാനത്തോടെ നാവികസേന
വിക്രാന്തിന്റെ പ്രതിരോധശേഷിക്ക് ആക്കം കൂട്ടുവാന്‍ റഫാലും എഫ് 18 സൂപ്പര്‍ ഹോണറ്റും എത്തുന്നതോടെ സാധിക്കും. വിക്രാന്തിലേക്കെത്തുന്ന കൂടുതല്‍ പോര് വിമാനങ്ങളും ഇരട്ട എന്‍ജിനുള്ള പോര്‍വിമാനങ്ങളും ചൈനയുടെ ഉള്ള് വിറപ്പിക്കും. അഫ്ഗാന്, ഇറാഖ് യുദ്ധ വേളയില്‍ അമേരിക്ക വിജയകരമായി ഉപയോഗിച്ച പോര്‍വിമാനങ്ങളാണ് എ18 സൂപ്പര്‍ ഹോണറ്റ്. നാവിക സേനയുടെ ഭാഗമാകുന്നതോടെ കിഴക്കന്‍ തീര സംരക്ഷണമായിരിക്കും വിക്രാന്തിന്റെ പ്രധാന ചുമതല. ഇന്തോ – പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ച് വരുന്ന ഇടപെടല്‍ തടയുകയാണ് ദൗത്യം. ചൈനയുടെ പ്രധാന പോര്‍വിമാനങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളവയാണ് റഫാലും സൂപ്പര്‍ ഹോണറ്റും.
വിക്രാന്തിന്റെ വരവോടെ രൂപകല്പനയിലും നിര്‍മാണത്തിലും നിയന്ത്രണത്തിലുമുള്ള നാവിക സേനയുടെ പരിജ്ഞാനം ഏറെ സമ്പുഷ്ടമായ അവസ്ഥയാണുള്ളത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലുള്ള അംഗങ്ങള്‍ക്ക് പുറമെ സ്പെയിനിനും ഇറ്റലിക്കും മാത്രമാണ് ഇതുവരെ വിമാനവാഹിനി കപ്പലുകളുടെ രൂപകല്പനയും നിര്‍മാണവും നിയന്ത്രണവും സ്വായത്തമാക്കാന്‍ സാധിച്ചിട്ടുള്ളത്. ഇന്ത്യക്കും ആ പരിജ്ഞാനം നേടിയെടുക്കാന്‍ സാധിച്ചുവെന്നത് അഭിമാനകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: