തിരുവനന്തപുരം: ഇന്നലെ പെയ്ത കനത്ത മഴയില്‍ എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളിലെ സിഗ്നല്‍ സംവിധാനങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗത്തില്‍ നിയന്ത്രണം തുടരുന്നു. പല ട്രെയിനുകളും വൈകിയോടുകയാണ്. ചില ട്രെയിനുകള്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.
കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ഗോരഖ്പൂര്‍-രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് ആറ് മണിക്കൂര്‍ 10 മിനിറ്റും ബിലാസ്പൂര്‍ എക്സപ്രസ് രണ്ട് മണിക്കൂര്‍ 45 മിനിറ്റും വൈകിയോടുന്നതായി അധികൃതര്‍ അറിയിച്ചു. നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്സപ്രസ് ഒരു മണിക്കൂര്‍ വൈകിയോടും. 8:50-ന് യാത്ര പുറപ്പടേണ്ട കായംകുളം-എറണാകുളം പാസഞ്ചറിന്റെ ഇന്നത്തെ സര്‍വീസ് റദ്ദാക്കി.
എറണാകുളം വഴി കടന്നു പോകേണ്ട മറ്റു പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയോടുകയാണ്. എറണാകുളം ഡി ക്യാബിൻ അടക്കമുള്ള സ്ഥലങ്ങളിൽ ട്രാക്കിൽ നിന്നും വെള്ളമൊഴിഞ്ഞെങ്കിലും ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ലെന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്. ട്രെയിനുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധന മാനുവൽ രീതിയിൽ നടത്തേണ്ടത് സമയക്രമത്തെ ബാധിക്കുന്നുവെന്നും റെയിൽവേ അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: