ന്യൂദല്‍ഹി: ബ്ലൂംബര്‍ഗ് ബില്ല്യണയര്‍സിന്റെ ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി മൂന്നാംസ്ഥാനത്ത്. ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റണ് ചെയര്മാന് ബെര്‍നാഡ് ആര്‍നോള്‍ട്ടിനെ മറികടന്നാണ് അദാനി കോടീശ്വരന്മാരുടെ പട്ടികയില്‍ മൂന്നാമതെത്തിയത്. ഈയൊരു നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരന് കൂടിയാണ് അദാനി.
ബ്ലൂംബെര്‍ഗ് ഇന്‍ഡെക്സ് പ്രകാരം 251 ബില്യണ്‍ ഡോളര്‍ സമ്പത്തോടെ സ്പേസ് എക്സ്-ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്കാണ് കോടീശ്വരന്മാരില് ഒന്നാമത്. രണ്ടാമത് ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് -153 ബില്യണ്‍ ഡോളര്‍. ഗൗതം അദാനിയുടെ സമ്പത്ത് 137 ബില്യണ്‍ ഡോളറാണ്. നാലാമതുള്ള ബെര്‍നാഡ് ആര്‍നോള്‍ട്ടിന്റെ സമ്പത്ത് 136 ബില്യണ്‍ ഡോളറും.
ബ്ലൂംബര്‍ഗ് ഇന്‍ഡെക്സിലെ ആദ്യ 10ല്‍ എട്ടും യു.എസില്‍ നിന്നുള്ള കോടീശ്വരന്മാരാണ്. 91 ബില്യണ്‍ ഡോളര്‍ സമ്പത്തുള്ള റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് മുകേഷ് അംബാനി പട്ടികയില്‍ 11ാം സ്ഥാനത്താണ്. ആദ്യ 14ല്‍ 12 പേര്‍ക്കും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമ്പത്തില്‍ ഇടിവുണ്ടായപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള അദാനിക്കും അംബാനിക്കും മാത്രമാണ് സമ്പത്ത് വര്‍ധിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി വ്യാപാരിയും തുറമുഖ വ്യവസായത്തിലുമാണ് അദാനിയുടെ വളര്‍ച്ച. 2021 മാര്‍ച്ച് 31 വരെയുള്ള വര്‍ഷത്തില്‍ 5.3 ബില്യണ്‍ ഡോളര്‍ വരുമാനം അദാനി എന്റര്‍പ്രൈസസ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: