പാലക്കാട്: ജനങ്ങളെ ആത്മഹത്യയിലേക്കു നയിക്കുന്ന മണിചെയിന്‍ മോഡല്‍ ബിസിനസുകള്‍ ജില്ലയില്‍ വീണ്ടും പിടിമുറുക്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്, ഫിജിക്കല് മാര്‍ക്കറ്റിങ് തുടങ്ങി വിവിധ പേരുകളില്‍ ആളെ ചേര്‍ക്കല്‍ ബിസിനസ് തട്ടിപ്പുകളാണ് വീണ്ടും സജീവമായിട്ടുള്ളത്. പതിനായിരങ്ങള്‍ മുതല്‍ ദശലക്ഷങ്ങള്‍ വരെ മുടക്കി കുടുക്കിലായിക്കിടക്കുന്നവരുടെ എണ്ണം ഏറുകയാണ്. ടീമുകള്‍ രൂപീകരിച്ച് ചെറുപ്പക്കാര്‍ മുതല്‍ വൃദ്ധര്‍ വരെയുള്ളവരെ കണ്ണികളാക്കിച്ചേര്ത്തു കൊണ്ടാണ് ബിസിനസ് കൊഴുപ്പിക്കുന്നത്.
മരുന്നുകള്‍ മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ വരെയുള്ള ഉല്പനങ്ങള്ക്ക് വന്‍ വിലക്കുറവ്, ബിസിനസില്‍ പാര്‍ട്ണര്‍ഷിപ്പ്, ലാഭവിഹിതം, കണ്ണഞ്ചിപ്പിക്കുന്ന ആനുകൂല്യങ്ങള്‍, ബിസിനസ് ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയാല്‍ ലക്ഷങ്ങള്‍ ശമ്പളത്തില്‍ സ്ഥിരം ജോലി, വിദേശത്തേക്ക് കുടുംബ സമേതം ഫ്രീ ടൂര്‍ തുടങ്ങി നിരവധി മോഹന വാഗ്ദാനങ്ങളാണ് ആളെച്ചേര്‍ക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്.
പാലക്കാട്ടെ ഒരു വൃദ്ധദമ്പതികള്‍ ഇവരുടെ തട്ടിപ്പിനിരയായി പത്തുലക്ഷത്തിലേറെ വിലവരുന്ന സ്വര്‍ണാഭരണങ്ങളും നാലുലക്ഷത്തോളം രൂപയും നഷ്ടപ്പെട്ട് ജീവിതം തന്നെ പ്രതിസന്ധിയിലായ അവസ്ഥയിലാണ്. മുന്‍പരിചയമുള്ള ഒരു സ്ത്രീ ഒരുക്കിയ കെണിയില്‍പ്പെട്ടുപോയ ഇവര്‍ മാനഹാനിയെത്തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടാന്‍ പോലും തയ്യാറായിട്ടില്ല. ജില്ലയിലെ തന്നെ മറ്റൊരു വീട്ടമ്മ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവറിയാതെ സ്ഥിര നിക്ഷേപം പിന്‍വലിച്ച് മൂന്നുലക്ഷത്തോളം രൂപയാണ് തട്ടിപ്പുകാരെ വിശ്വസിച്ചു നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച ഒരു കലാകാരന്റെ ഭാര്യയും ഇത്തരത്തില്‍ രണ്ടുലക്ഷം രൂപ നഷ്ടപ്പെട്ട സ്ഥിതിയിലാണ്.
സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയാണ് ഇത്തരം തട്ടിപ്പുകള്‍ വലിയ തോതില്‍ അരങ്ങേറുന്നത്. കേരളത്തിലെ ഒരു പ്രമുഖ സ്ഥാപനവും മണിചെയിന്‍ മാതൃകയില്‍ ഇരുവശത്തും ആളെ ചേര്‍ക്കുന്ന ബൈനറി സിസ്റ്റത്തിലുള്ള ബിസിനസിലേക്ക് ആയിരക്കണക്കിനാളുകളെ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്.
ഓണ്‍ലൈനായി പ്രചാരം നല്‍കിയും ഞായറാഴ്ചകളിലും ഒഴിവുദിവസങ്ങളിലും വീടുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് ആളെ ചേര്ക്കുന്നതിനുവേണ്ടിയുള്ള മീറ്റിങുകള്‍ തകൃതിയായി നടന്നു വരുകയാണ്. സ്വര്‍ണാഭരണവും പണവും നഷ്ടപ്പെട്ട വൃദ്ധ ദമ്പതികള്‍ ലാഭവിഹിതത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബിസിസിലേക്ക് ആളുകളെ ചേര്‍ത്താല്‍ മാത്രമെ പണം ലഭിക്കൂ എന്ന മറുപടിയാണ് ലഭിച്ചതത്രെ. ആളെ ചേര്ക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള സമ്മര്‍ദ്ദം താങ്ങാനാവാത്ത സ്ഥിതിയിലാണ് പലരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: