തൃശൂര്‍: പരിസ്ഥിതി സൗഹൃദമായി പത്രക്കടലാസില്‍ ഗണപതി ശില്പം നിര്‍മിച്ച് പൂങ്കുന്നം അഗ്രഹാരത്തിലെ കൊച്ചുകലാകാരന് ജി. ഹരീഷ് മാതൃകയായി. വെറും പത്രക്കടലാസും ആവശ്യത്തിന് തുണികളും മാത്രം ഉപയോഗിച്ച് അഞ്ചടിയില്‍ നിര്‍മിച്ച ഗണേശ ശില്പം കാണാന്‍ പൂങ്കുന്നം അഗ്രഹാരത്തിലെ ഗണേശിന്റെ വീട്ടില്‍ ഭക്തരുടെ തിരക്കാണ്.
പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളില്‍ നിന്ന് പ്ലസ്ടു പൂര്‍ത്തിയാക്കിയ ഹരീഷ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രണ്ടടിയിലുള്ള ഇരുന്നൂറിലധികം ഗണേശ ശില്പങ്ങള് കടലാസില്‍ നിര്‍മിച്ചു കഴിഞ്ഞു.
പാലക്കാട് നെന്മാറ പഴയ ഗ്രാമം ഗണേശോത്സവ കമ്മിറ്റിക്കുവേണ്ടിയാണ് കടലാസില്‍ അഞ്ചടി ഉയരത്തിലുള്ള ഗണേശ വിഗ്രഹം നിര്‍മിച്ചത്. വിനായക ചുതുര്ത്ഥിക്ക് കടലില്‍ നിമജ്ജനം ചെയ്യുന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മ്മിച്ച ഗണപതി വിഗ്രഹങ്ങള്‍ പരിസ്ഥിതി ലംഘനമാണെന്ന പക്ഷക്കാരനാണ് പ്രകൃതിസ്നേഹിയായ ഹരീഷ്.
കേരളം കൂടാതെ, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാ എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് പല വലിപ്പത്തിലുള്ള ഗണപതി ശില്പങ്ങള് നിര്‍മിച്ചു നല്‍കുന്നതെന്ന് ഹരീഷ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ദുബായിലേക്കും ഗണേശ വിഗ്രഹങ്ങള്‍ അയച്ചു. പരിസ്ഥിതിക്ക് അനുയോജ്യമായ കലാസൃഷ്ടിയുടെ പേരില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ആന്‍ഡ് ഹാര്‍വേഡ് വേള്‍ഡ് റെക്കോര്‍ഡും ഹരീഷിനെ തേടിയെത്തി. ഗിന്നസ് ബുക്ക് ലോക റെക്കോര്‍ഡ് നേടുകയാണ് ഹരീഷിന്റെ ലക്ഷ്യം. പ്രശസ്ത മൃദംഗ വിദ്വാനായ തൃശൂര്‍. എച്ച്. ഗണേഷിന്റെയും, അമ്മ ജ്യോതി ഗണേഷിന്റെയും മകനാണ് ഹരീഷ്.
ചിത്രകലയും, ശില്പകലയും കൂടാതെ മൃദംഗം, ഘടം, ഡോളക് വായനയിലും ഹരീഷ് മികവ് തെളിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: