കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് അന്‍പത് വര്‍ഷത്തിലേറെ നീണ്ട പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് സ്വയം പുറത്തുപോയിരിക്കുന്നു. കോണ്‍ഗ്രസ്സ് നേതൃത്വത്തോടുള്ള വിപ്രതിപത്തി കുറെക്കാലമായി പലതരത്തില്‍ പ്രകടിപ്പിക്കുന്ന ആസാദിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി മാനേജര്‍മാര്‍ നടത്തിപ്പോന്നെങ്കിലും അതൊന്നും വിജയിച്ചില്ല. ഏറ്റവുമൊടുവില്‍, നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയെ ചോദ്യം ചെയ്തപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ആസാദിനെ നിയോഗിച്ചത് അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു. എന്നാല്‍ സോണിയ പ്രായമായ ഒരു സ്ത്രീയാണെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും മാത്രം പറഞ്ഞ ആസാദ്, അവര്‍ നടത്തിയതായി ആരോപിക്കപ്പെടുന്ന അഴിമതിയെ പ്രതിരോധിക്കുകയോ ന്യായീകരിക്കുകയോ ചെയ്ത് ഒരു വാക്കുപോലും മിണ്ടിയില്ല. വിയോജിപ്പുകളുണ്ടെങ്കിലും ആസാദ് പാര്‍ട്ടിക്കൊപ്പം തന്നെയാണെന്നും, നെഹ്റു കുടുംബത്തോട് വിധേയത്വമുള്ളയാളാണെന്നും വരുത്തിത്തീര്‍ക്കാനുള്ള കൗശലമായിരുന്നു കോണ്‍ഗ്രസ് പ്രയോഗിച്ചത്. ഇതേ ആസാദുതന്നെയാണ് സോണിയയുടെയും രാഹുലിന്റെയും കഴിവുകേടിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സോണിയയ്ക്കു തന്നെ രാജിക്കത്ത് അയച്ചത്. ഞെട്ടിപ്പോയ പാര്‍ട്ടി വക്താക്കള്‍ക്ക് ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്നുപോലും അറിയില്ലായിരുന്നു. പിന്നീട് ആസാദിന്റെ രാജിക്കു പിന്നില്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണെന്ന് പറഞ്ഞ് സ്വയം പരിഹാസ്യരാവുകയും ചെയ്തു.
അഞ്ച് പേജുള്ള തന്റെ രാജിക്കത്തില്‍ രാഹുലിനെ രൂക്ഷമായി കടന്നാക്രമിച്ച ആസാദിന്റെ നടപടി കോണ്‍ഗ്രസ് നേതൃത്വത്തെ തുറന്നുകാട്ടിയിരിക്കുകയാണ്. അപക്വമതിയും ബാലിശമായി പെരുമാറുകയും ചെയ്യുന്ന രാഹുലിന് ഗൗരവമില്ലെന്നും, വിധേയന്മാര്ക്ക് ചുറ്റുമായി കഴിയുന്ന ഈ നേതാവ് പാര്‍ട്ടിയെ ആസൂത്രിതമായി നശിപ്പിച്ചിരിക്കുകയാണെന്നും തുറന്നടിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന് കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ലെന്നും, താഴെത്തട്ടില്‍ തെരഞ്ഞെടുപ്പ് നടത്താതെ സംഘടനാ തെരഞ്ഞെടുപ്പെന്ന പേരില്‍ ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത് തട്ടിപ്പാണെന്നും ആസാദ് പറഞ്ഞിരിക്കുന്നു. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ‘ഭാരത് ജോഡോ’ എന്ന പേരില്‍ രാഹുലിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ യാത്ര നടത്താനിരിക്കെയാണ് യുവരാജാവ് നഗ്നനാണെന്ന് വിളിച്ചുപറഞ്ഞിരിക്കുന്നത്. ആസാദ് പറഞ്ഞത് വളരെ ശരിയാണ്. കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ ഇനി ആര്‍ക്കുമാവില്ല. ഇത് യാഥാര്‍ത്ഥ്യബോധമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും അറിയാം. ഭാരത് ജോഡോ യാത്രയിലൂടെ രാഹുലിനെ വല്ലപാടും രക്ഷിച്ചെടുക്കാനാവുമോയെന്നാണ് നോക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി രാഹുലിന്റെ നേതൃത്വം സമ്പൂര്‍ണ പരാജയമാണെന്ന് തെളിയിച്ചു. ഈ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനായിരുന്നു പാര്‍ട്ടി പദവിയില്‍നിന്നുള്ള രാഹുലിന്റെ രാജിയും സോണിയ താല്‍ക്കാലിക പ്രസിഡന്റായതും. മകന്റെ കസേര കാക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. താല്‍ക്കാലിക പ്രസിഡന്റ് സ്ഥിരമായി പദവിയില്‍ തുടരുന്ന വിരോധാഭാസമാണ് പിന്നീട് ജനങ്ങള്‍ കണ്ടത്. ഇപ്പോള്‍ രാഹുല്‍ അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് വിധേയന്മാര് മുറവിളികൂട്ടുന്നത് ആര്‍ക്കും വേണ്ടാത്ത ഉല്‍പ്പന്നം ഒരിക്കല്‍ക്കൂടി വിപണിയിലിറക്കുന്നതിനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണ്.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കലാപക്കൊടിയുയര്‍ത്തിയ ജി-23 ഗ്രൂപ്പില്‍പ്പെടുന്നയാളായിരുന്നു ഗുലാംനബി ആസാദും. ഈ ഗ്രൂപ്പില്‍പ്പെടുന്ന ചിലര്‍ ഇതിനോടകം പാര്‍ട്ടി വിട്ടു. മറ്റുള്ളവര്‍ അവസരം കാത്തുനില്‍ക്കുകയാണ്. ആസാദിന്റെ രാജി ഇവര്‍ക്ക് പ്രചോദനമാവും. കോണ്‍ഗ്രസ്സ് നേതൃനിരയില്‍ കരുത്തനായി അറിയപ്പെടുന്ന ആസാദ് ഇപ്പോള്‍ ജനപിന്തുണയുള്ള അപൂര്‍വം പാര്‍ട്ടി നേതാക്കളില്‍ ഒരാളാണ്. ഇതുകൊണ്ടാണ് കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ തീരുമാനങ്ങളെല്ലാം എടുക്കുന്ന വിധേയന്മാര് ഒരു വാര്‍ഡ് തെരഞ്ഞെടുപ്പില്‍പോലും വിജയിക്കാന്‍ കഴിയാത്തവരാണെന്ന് ആസാദ് പരിഹസിക്കുന്നത്. ജമ്മുകശ്മീരിലെ ജനകീയ നേതാവാണ് ആസാദ്. ആസാദ് പാര്‍ട്ടി വിട്ടതോടെ ഒരു നേതാവിനെയല്ല, ഒരു സംസ്ഥാനം തന്നെയാണ് ഫലത്തില്‍ കോണ്‍ഗ്രസ്സിന് നഷ്ടമായിരിക്കുന്നത്. കശ്മീരിലെ പ്രമുഖരായ ചില കോണ്‍ഗ്രസ് നേതാക്കളും സ്ഥാനം രാജിവച്ച് ആസാദിനോട് ഐക്യം പ്രഖ്യാപിച്ചുകഴിഞ്ഞു. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാനാണ് ആസാദ് ആലോചിക്കുന്നതത്രേ. അങ്ങനെ വന്നാല്‍ ദേശീയ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനാണ് എല്ലാ സാധ്യതയും. ആസാദിന്റെ രാജി കോണ്‍ഗ്രസ്സിന് ഇപ്പോഴും സംഘടനാശേഷി അവശേഷിക്കുന്ന സംസ്ഥാനങ്ങളിലും ചലനങ്ങളുണ്ടാക്കും. കേരളത്തിന്റെ കാര്യമെടുത്താല്‍ ഉമ്മന്‍ചാണ്ടിയോ ചെന്നിത്തലയോ കെ. സുധാകരനോ പാര്‍ട്ടി വിട്ടാല്‍ ഫലത്തില്‍ ഒരു സംസ്ഥാനഘടകം തന്നെ കോണ്‍ഗ്രസ്സിന് ഇല്ലാതാവും. ഇങ്ങനെയൊരു സാഹചര്യം ഇപ്പോള്‍ തന്നെ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ മനസ്സില്‍ കാണുന്നുമുണ്ട്. കോണ്‍ഗ്രസ്സിനെ ബാധിച്ചത് കുടുംബാധിപത്യം എന്ന മാരകരോഗമാണ്. യഥാകാലം ചികിത്സിക്കാത്തതിനാല്‍ അന്ത്യം അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: